ക്രമസമാധാനം തകർന്നു
സ്‌റ്റേഷനിൽനിന്ന് എംഡിഎംഎ മോഷ്‌ടിച്ച എസ്‌ഐ അറസ്റ്റില്‍

ലോകപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ പോസ്‌റ്ററിൽ മുഖ്യാതിഥിയായി അനസ് എസ് തൗഫീഖ്
കൊച്ചി
പൊലീസ് സ്‌റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ച ‘തൂഫാൻ പോരാളി’യായ എസ്‌ഐയെ അറസ്റ്റ് ചെയ്തു. എറണാകുളം സെൻട്രൽ എസ്‌ഐ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനസ് എസ് തൗഫീഖിനെയാണ് പ്രാഥമിക അന്വേഷണത്തിൽ സസ്‌പെൻഡ് ചെയ്തശേഷം അറസ്റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ബിഎന്‍എസ് വകുപ്പുകള്‍ പ്രകാരം തൊഴിലിടത്തില്‍ നിന്നുള്ള മോഷണം, കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിക്കല്‍, കൃത്രിമം കാണിക്കല്‍, നാര്‍ക്കോട്ടിക് ആക്റ്റ് പ്രകാരം മയക്കുമരുന്ന് വാണിജ്യാടിസ്ഥാനത്തില്‍ നിയമവിരുദ്ധമായി കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേസ് നടപടികൾക്കുശേഷം നശിപ്പിക്കാൻ സൂക്ഷിച്ച എംഡിഎംഎയാണ് എസ്‌ഐ മോഷ്ടിച്ചത്.
എളമക്കര പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത മയക്കുമരുന്ന് കേസിൽ പിടിച്ചെടുത്തതാണിത്. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ അലമാരയിൽ സീൽ ചെയ്‌ത കവറിലാണ് 87.370 ഗ്രാം എംഡിഎംഎ സൂക്ഷിച്ചിരുന്നത്. 18ന് ഇൗ കവർ അനസ് മോഷ്ടിക്കുകയും തിരികെ 26ന് സീൽ ചെയ്യാത്ത 202 ഗ്രാമിന്റെ മറ്റൊരു കവർ കൊണ്ടുവയ്‌ക്കുകയും ചെയ്‌തു. അളവ് വ്യത്യാസം ശ്രദ്ധയിൽപെട്ടപ്പോൾ എസ്‌എച്ച്‌ഒ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അനസിൽനിന്ന് വിശദീകരണം തേടി. വിശദീകരണം തൃപ്‌തികരമല്ലെന്നും കളവായ വാദങ്ങൾ നിരത്തിയെന്നും ചൂണ്ടിക്കാട്ടി ആദ്യം സസ്‌പെൻഡ് ചെയ്‌തു. സർക്കാർ ജീവനക്കാരൻ മോഷണം നടത്തി, തെളിവ് നശിപ്പിച്ചു, ലഹരി കൈവശം വച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
എന്താവശ്യത്തിനാണ് എംഡിഎംഎ മോഷ്‌ടിച്ചതെന്ന് അന്വേഷിക്കുന്നു. ഓൺലൈൻ ട്രേഡിങ്ങിൽ ഏർപ്പെട്ടിരുന്ന അനസിന് വലിയ സാന്പത്തിക ബാധ്യതയുള്ളതായി സംശയിക്കുന്നു. അത് തീർക്കാൻ പണം കണ്ടെത്താനുള്ള ശ്രമമാണെന്ന് കരുതുന്നു. മറ്റാരെയെങ്കിലും കേസിൽ കുടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. സ്‌റ്റേഷനിലെ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നു.
പ്രതി ‘തൂഫാൻ വാരിയർ’
എംഡിഎംഎ മോഷ്ടിച്ച കേസിൽ സസ്‌പെൻഷനിലായ അനസ് എസ് തൗഫീഖ് ആഭ്യന്തരമന്ത്രിയുടെ തൂഫാൻ പോരാളി. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രധാന സംഘാടകനായാണ് അനസ് പ്രവർത്തിച്ചിരുന്നത്. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്‌റ്റേഷനിൽ എസ്‌ഐയായിരിക്കെ ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ മുഖ്യാതിഥിയുമായിരുന്നു.
സ്‌റ്റേഷനിൽനിന്ന് എംഡിഎംഎ മോഷ്‌ടിച്ച എസ്‌ഐയെ പുറത്താക്കണം: സിപിഐ എം
കൊച്ചി
പൊലീസ് സ്‌റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ച എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അനസിനെ സർവീസിൽനിന്ന് പുറത്താക്കണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി. ഫോർട്ട് കൊച്ചി അധികാരിവളപ്പിൽ യുവതി ഒറ്റയ്‌ക്ക് താമസിക്കുന്ന വീട്ടിൽ എക്സൈസ് സംഘം നടത്തിയ അതിക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിവേണമെന്നും ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു.
എംഡിഎംഎ മോഷ്‌ടിച്ച എസ്‌ഐയെ സസ്പെൻഡ് ചെയ്ത നടപടി കണ്ണിൽ പൊടിയിടൽ മാത്രമാണ്. തെളിവുണ്ടായിട്ടും എസ്ഐക്കെതിരെ നടപടി വൈകിയത് ദുരൂഹമാണ്. ഓൺലൈൻ ട്രേഡിങ്ങിലൂടെ അനസിനുണ്ടായിട്ടുള്ള കടബാധ്യത തീർക്കാനാണോ ലഹരിവസ്തു മോഷ്‌ടിച്ചതെന്ന് അന്വേഷിക്കണം. എസ്‌ഐ, ലഹരി ഉപയോഗിക്കുന്നയാളാണോ, ലഹരി ശൃംഖലയുമായി ബന്ധമുണ്ടോയെന്നതും പരിശോധിക്കണം.
വാറന്റ് പ്രതിയെ പിടിക്കാനെന്നപേരിലെത്തിയ എക്‌സൈസ് സംഘമാണ് മറ്റൊരു വീട്ടിലെത്തി പൂട്ട് തകർക്കാനും ജനൽ പൊളിക്കാനും ശ്രമിച്ചത്. പുലർച്ചെ വീട് മാറിക്കയറിയ സംഘത്തിന്റെ അതിക്രമം വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന യുവതിയെ ഭയചകിതയാക്കി. അവർ ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. മലപ്പുറം സ്വദേശികളായ ദമ്പതികളാണ് ഇവിടെ താമസിക്കുന്നത്. ഭർത്താവ് നൈറ്റ് ഡ്യൂട്ടിക്ക് പോയിരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് പരാതി സ്വീകരിക്കാൻ തയ്യാറാകാത്തത് ഗൗരവതരമാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ കർശന നടപടിയെടുക്കണമെന്നും എസ് സതീഷ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.








0 comments