Deshabhimani

നാടിന്റെ നാഡിയായ കേവുവള്ളക്കാർ

naadinte naadaaya kevuvallakkaar
വെബ് ഡെസ്ക്

Published on Oct 30, 2026, 04:11 AM | 1 min read

കോട്ടയം വാഹനങ്ങളും റോഡുകളുമൊന്നും സജീവമല്ലാത്ത കാലം. അന്ന്‌, നാടിന്റെ ചക്രങ്ങൾ ചലിപ്പിച്ചതിന്‌ പിന്നിൽ കേവുവള്ള തൊഴിലാളികളുടെ വിയർപ്പായിരുന്നു. കരവഴിയുള്ള ഗതാഗതത്തേക്കാൾ കൂടുതൽ വള്ളങ്ങളായിരുന്നു ആശ്രയം. റോഡ് നിർമാണത്തിനുള്ള പൂഴി, മെറ്റൽ, കരിങ്കൽ തുടങ്ങിയ സകല സാധനങ്ങളും വള്ളങ്ങളിലാണ് എത്തിച്ചിരുന്നത്. കൊച്ചി കപ്പൽശാലയിലേക്കും ആലപ്പുഴയുടെ വികസനത്തിനും വിവിധ ജില്ലകളിലെ റോഡ്-, പാലം നിർമാണങ്ങൾക്കും വേണ്ടിയുള്ള ഭാരമേറിയ സാധനങ്ങൾ എത്തിച്ചതും ഈ വള്ളങ്ങളിലാണ്. ചരക്കുനീക്കം പൂർണമായും ജലമാർഗമായിരുന്ന ആ കാലത്ത് തൊഴിലാളികളെ ഒന്നിപ്പിച്ച് സംഘടിത ശക്തിയാക്കാൻ ‘കോട്ടയം ജില്ലാ നാവിക തൊഴിലാളി യൂണിയൻ’ രൂപം കൊണ്ടു. 1970കളിൽ ടി ഐ ചെല്ലപ്പന്റെ നേതൃത്വത്തിലാണ് യൂണിയൻ പ്രവർത്തനമാരംഭിച്ചത്. വടകര, കരിപ്പാടം, ഏനാദി, മറവൻതുരുത്ത്‌, അക്കരപ്പാടം, കടുത്തുരുത്തി, വൈക്കം, ചേർത്തല, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിൽ തൊഴിലാളികളുടെ പ്രവർത്തനം ശക്തമായിരുന്നു. പ്രാദേശികവാദങ്ങളും ചൂഷണങ്ങളും തൊഴിലാളികൾക്ക് മേൽ വന്നപ്പോഴാണ് ശക്തമായ സംഘടന രൂപീകരിക്കേണ്ടി വന്നത്. ആലുവയിൽനിന്ന്‌ ഇഷ്‌ടികയും മണലും കയറ്റി വിവിധ ഭാഗങ്ങളിലേക്ക് പോകുമ്പോൾ ന്യായമായ കൂലിപോലും ലഭിക്കാത്ത സാഹചര്യം ഉണ്ടായി. ഇതിനെ തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രതിരോധിച്ചു. തൊഴിലാളികൾക്ക് മേൽ വന്ന ഭീഷണികൾക്കെതിരെയും സിഐടിയു നേതൃത്വത്തിൽ വലിയ സമരങ്ങൾ നടന്നിട്ടുണ്ട്. പൊലീസ് നടപടികളെയും വലിയ സന്നാഹങ്ങളെയും നേരിട്ടുകൊണ്ട് അന്ന്‌ നടത്തിയ സമരങ്ങൾ വിജയമായി. വൈക്കം താലൂക്ക്‌ കേന്ദ്രീകരിച്ച സമരങ്ങൾ ശ്രദ്ധേയമാണ്‌. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്‌എൻഎല്ലിൽനിന്ന്‌ മൂവാറ്റുപുഴയാറിലേക്ക്‌ മാലിന്യം ഒഴുക്കിയപ്പോൾ തൊഴിലാളികളുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾ നടന്നു. വി കെ ഗോപിനാഥൻ, കെ എസ്‌ ഗോപാലൻ‍, വി എസ്‌ ഗോപാലകൃഷ്‌ണൻ, ഇ എം കുഞ്ഞുമുഹമ്മദ്‌ തുടങ്ങിയവരായിരുന്നു പ്രധാന നേതാക്കൾ. പ്രൊഫ. ഡി മോഹനൻനായരുടെ നേതൃത്വത്തിൽ ശാസ്‌ത്രസാഹിത്യപരിഷത്തും സമരത്തിനൊപ്പം ചേർന്നു. സമരത്തെ തുടർന്നുണ്ടായ ബന്ദിൽ വൈക്കം സ്‌തംഭിച്ചു. റോഡ് ഗതാഗതം സജീവമായപ്പോൾ വള്ളം ഗതാഗതം ഇല്ലാതായി. വള്ളങ്ങൾ ചരിത്രത്തിന്റെ ഭാഗമായെങ്കിലും അന്ന് അവർ ഉപയോഗിച്ചിരുന്ന ഓഫീസുകൾ ഇന്നും ആ പഴയ പ്രതാപത്തിന്റെ ഓർമപ്പെടുത്തലായി നിലനിൽക്കുന്നു. തലയോലപ്പറമ്പ്‌ തട്ടാവേലിയിലുള്ള യൂണിയൻ ഓഫീസ്, പിൽക്കാലത്ത് ടി ഐ ചെല്ലപ്പൻ സ്മാരക മന്ദിരമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home