ആലുവ പാലം അറ്റകുറ്റപ്പണി
ഗതാഗതക്കുരുക്ക് അതിരൂക്ഷം

ആലുവ മാർത്താണ്ഡവർമ പാലം അടച്ചതിനെ തുടർന്ന് പാലം കടക്കാനുള്ള വാഹനങ്ങളുടെ നീണ്ടനിര
ആലുവ
ആലുവ മാര്‍ത്താണ്ഡവര്‍മ പാലം അടച്ചശേഷമുള്ള അറ്റകുറ്റപ്പണി രണ്ടാം ദിവസവും തുടരുന്നതിനിടയിൽ ദേശീയ പാതയില്‍ വൻ ഗതാഗതക്കുരുക്ക്. ഒരുണിക്കൂറിലേറെ സമയം എടുത്താണ് വാഹനങ്ങള്‍ പാലം കടക്കുന്നത്. മാർത്താണ്ഡവർമ പാലത്തിന് സമാന്തരമായുള്ള പുതിയ പാലത്തിലൂടെയാണ് നിലവിൽ ഇരുവശത്തേക്കും ഗതാഗതം അനുവദിച്ചിട്ടുള്ളത്. എറണാകുളം ഭാഗത്തുനിന്ന് ആലുവ മേല്‍പാലത്തിലൂടെ രണ്ടുവരിയായും സര്‍വീസ് റോഡിലൂടേയും കടന്നുവരുന്ന വാഹനങ്ങള്‍ ബൈപാസ് ജങ്ഷനിലെത്തുമ്പോള്‍ ഒറ്റ വരിയിലേക്ക് മാറി ആലുവ പുതിയ പാലം കടന്ന് 100 മീറ്റര്‍ മുന്നോട്ട് നീങ്ങി തോട്ടക്കാട്ടുകര ജങ്ഷനിലെത്തുമ്പോള്‍ ഇടത്തേക്ക് തിരിഞ്ഞ് ദേശീയപാതയിലേക്ക് കയറുകയാണ് ചെയ്യുന്നത്. എറണാകുളം ഭാഗത്തുനിന്നും ഇന്നും വലിയ വാഹനങ്ങൾ ആലുവ വഴി വരുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
തിരക്കൊഴിഞ്ഞ് ആലുവ പട്ടണം
പാലം അറ്റകുറ്റപ്പണി തുടരുന്നതിനാല്‍ ആലുവ നഗരം ചുറ്റിയുള്ള യാത്രകള്‍ വാഹനങ്ങള്‍ ഒഴിവാക്കിയതോടെ നഗരത്തിലെ റോഡുകളിൽ ഭൂരിഭാഗം സമയവും തിരക്കൊഴിഞ്ഞു. നഗരത്തില്‍ കടക്കാതെ മറ്റ് വഴികളിലൂടെയാണ് വാഹനങ്ങള്‍ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്. കിഴക്കന്‍ പ്രദേശങ്ങിൽ നിന്നുള്ള ഭാരവാഹനങ്ങള്‍ പലതും പെരുമ്പാവൂരിലെത്തി എംസി റോഡ് വഴി അങ്കമാലിയില്‍ വെച്ച് ദേശീയപാതയില്‍ കയറി. ദേശസാൽകൃത റോഡിലൂടെ വരുന്ന ചെറു വാഹനങ്ങള്‍ മഹിളാലയം തുരുത്ത് പാലത്തിലൂടെ കാലടി റോഡിലെത്തി ദേശം കവലയിലൂടെയാണ് ദേശീയപാതയില്‍ പ്രവേശിക്കുന്നത്. ദേശീയപാതയിലൂടെ എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പലതും കൊച്ചിന്‍ ബാങ്ക് കവലയില്‍ നിന്നും എന്‍എഡി റോഡിലൂടെ എച്ച്എംടി ജംങ്ഷനിലെത്തി ദേശീയപാതയിലേക്ക് കടക്കും.
ഗർഡറുകൾക്കിടയിൽ എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ സ്ഥാപിച്ചു
എ വണ്‍, പി വണ്‍, എ ടു, പി ടു എന്നിങ്ങനെ ഗര്‍ഡറുകള്‍ തമ്മില്‍ നാല് ജോയിന്റുകളാണ് പാലത്തിലുള്ളത്. ജോയിന്റുകള്‍ കംപ്രസര്‍ ബ്രേക്കര്‍ ഉപയോഗിച്ച് പൊട്ടിച്ച ശേഷം എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ സ്ഥാപിച്ച് വെല്‍ഡ് ചെയ്ത് ഉറപ്പിച്ചു കഴിഞ്ഞു. തുടർന്ന് കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിക്കലും തുടങ്ങി. മൈക്രോ കോണ്‍ക്രീറ്റിങ് ആണ് ചെയ്യുന്നത്. തുടർന്ന് എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ക്കിടയില്‍ റബര്‍ ബുഷ് സ്ഥാപിച്ച് യോജിപ്പിക്കും. വെള്ളിയാഴ്ചയോടെ ജോയിന്റിലെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. തുടര്‍ന്ന് പാലത്തിന്റെ അടിയിലും അറ്റകുറ്റപണികള്‍ നടത്തും. മാർത്താണ്ഡവർമ പാലത്തിലെ ജോലികൾ തീരുന്നതനുസരിച്ച് ദേശം പാലത്തില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും.








0 comments