ക്രമസമാധാനം തകർന്നു
15 ദിവസം, 7 പൊലീസുകാർക്ക് സസ്‌പെൻഷൻ വീഴ്‌ചയാണ് മെയിൻ

കൊച്ചി
സംസ്ഥാന ആഭ്യന്തരവകുപ്പിനുതന്നെ നാണക്കേടായി മാറി ജില്ലയിൽ പൊലീസ് സംവിധാനം. സുപ്രധാന കേസുകളിലെ അട്ടിമറിനീക്കവും ഗുരുതരവീഴ്‌ചകളും തുടരുന്പോൾ രണ്ടാഴ്‌ചയ്‌ക്കിടെ കൊച്ചി സിറ്റി പൊലീസിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടത് ഏഴ് പൊലീസുകാർ. എറണാകുളം മാർക്കറ്റിലെ ജൂത ആരാധനാലയമായ കടവുഭാഗം സിനഗോഗിന് നേർക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് സിപിഒമാരെ 15ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറോടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തിലെ വീഴ്‌ചകളുടെ പേരിൽ നാല് പൊലീസുകാരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
12നാണ് സിനഗോഗിനുനേരെ ആക്രമണമുണ്ടായത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിനഗോഗിനുനേരെയുള്ള ആക്രമണം സിറ്റി പൊലീസിനുണ്ടായ ഗുരുതര വീഴ്‌ചയായാണ് വിലയിരുത്തപ്പെട്ടത്. പൊലീസ് വീഴ്‌ച വിവാദമായതോടെയാണ് മൂന്ന് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.
ചേരാനല്ലൂർ കേസിൽ പൊലീസിന്റെ കള്ളക്കളി തുറന്നുകാണിച്ച് നിയമസഭയിൽ ഉൾപ്പെടെ പ്രതിപക്ഷം ആഞ്ഞടിച്ചതോടെയാണ് മുഖം രക്ഷിക്കാനും പ്രതിഷേധം തണുപ്പിക്കാനുമായി ഗത്യന്തരമില്ലാതെ നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. ഇതിൽ സിഐയും ഉൾപ്പെടുന്നു. ആഭ്യന്തരവകുപ്പിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ മുന്നണിപ്പോരാളിയായ സെൻട്രൻ എസ്‌ഐ അനസ് എസ് തൗഫീഖ് വ്യാഴാഴ്‌ച സ്‌റ്റേഷനിൽ സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ച കേസിൽ സസ്‌പെൻഷനിലായതാണ് ഒടുവിലത്തെ സംഭവം.
തല്ലുകൊള്ളാൻ ‘പൊലീസ്’
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ്, ജില്ലയിൽ ക്രിമിനലുകളുടെയും ഗുണ്ടകളുടെയും ഇടി വാങ്ങിക്കൂട്ടുന്നത് നഗരത്തിൽ പതിവുകാഴ്‌ച. സെപ്‌തംബർ അഞ്ചിന് കാർ യാത്രക്കാരനെ ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ക്ലീനർ പൊലീസിനെ ആക്രമിച്ചത് പൊതുജനമധ്യത്തിൽ. ജാമ്യത്തിൽ പോയ പ്രതി മുഹമ്മദ് അൻസാറിനെ വീണ്ടും പിടികൂടുന്നതിനിടെ യാത്രക്കാരുടെ മുന്നിലിട്ടാണ് നോർത്ത് എഎസ്‌ഐ സുനിലിനെ പ്രതി കൈകാര്യംചെയ്‌തത്.
മരട് പൊലീസ് കസ്റ്റഡിയിലെടുത്ത ലഹരിമരുന്ന് കേസിലെ പ്രതിയുടെ ആക്രമണത്തിൽ എഎസ്ഐ സുമേഷ് കുമാർ, സിപിഒ പി എം ഫസൽ, എസ്ഐ ജാക്സൻ എന്നിവർക്ക് പരിക്കേറ്റു. കളമശേരിയിൽ തമ്മിലടിച്ച ആറംഗസംഘത്തെ ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ എസ്‌ഐ സാം ലെസ്‌ലിയെയും സംഘത്തെയും ആക്രമിച്ചു.
പെരുകുന്നു, സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ
സ്‌ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ പെരുകുന്പോൾ പല കേസുകളിലും പ്രതികളുടെ സംരക്ഷകരാണ് പൊലീസ്. സ്‌പായിൽ ജോലി നൽകാമെന്നുപറഞ്ഞ് യുവതിയെ കളമശേരിയിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥയാണ് ഒടുവിലത്തെ ഉദാഹരണം. അനധികൃത സ്‌പാകളിലെ പരിശോധന ഇല്ലാതായതാണ് കാരണം.
പാലാരിവട്ടം സംസ്‌കാര ജങ്‌ഷനുസമീപത്തെ വീട്ടിൽ കത്തിമുനയിൽ മൂന്ന് സ്‌ത്രീകളെ വിവസ്‌ത്രരാക്കി കവർച്ച നടത്തിയത് സെപ്‌തംബർ 17ന് ആണ്. എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷന് എതിർവശം കാടുപിടിച്ചുകിടക്കുന്ന കെട്ടിടത്തിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് മെയ് അഞ്ചിനാണ്.
പ്രതി ഒളിവിൽത്തന്നെ
പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ട ബംഗ്ലാദേശ് സ്വദേശി ഹദിയുള്ള ഖാനെ (31) രണ്ടു മാസമാകാറായിട്ടും പിടികൂടാനായിട്ടില്ല. ശുചിമുറി ജനൽ വഴി സെപ്‌തംബർ ഒന്പതിനാണ് രക്ഷപ്പെട്ടത്.
പരാതി നൽകി കുടുംബം
വീടുമാറി എക്സൈസ് റെയ്‌ഡ്; കുഴഞ്ഞുവീണ് വീട്ടമ്മ
മട്ടാഞ്ചേരി
ഫോർട്ട് കൊച്ചിയിൽ വാറന്റ് പ്രതിയെ അന്വേഷിച്ചെത്തിയ എക്സൈസ് സംഘം വീട് മാറിക്കയറി വീട്ടമ്മയായ യുവതിയെ ഭീഷണിപ്പെടുത്തി. കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് ഉദ്യോഗസ്ഥരെന്ന് വ്യക്തമാക്കാതെയാണ് യുവതി മാത്രമുള്ളപ്പോൾ വീട്ടിൽ സംഘം എത്തിയത്. വാതിൽ തുറന്നില്ലെങ്കിൽ പൂട്ട് പൊളിച്ച് അകത്തുകയറുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കട്ടപ്പനയിൽനിന്ന് വാറന്റ് പ്രതിയെ തേടിയാണ് വ്യാഴം പുലർച്ചെ 4.30 ഓടെ എക്സൈസ് സംഘം എത്തിയത്. ഫോർട്ട് കൊച്ചി അധികാരിവളപ്പിന് സമീപം ഫെർണാണ്ടസ് ഗാർഡനിൽ മലപ്പുറം സ്വദേശികളായ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇവർ എത്തിയത്. വാറന്റ് പ്രതിയുടെ വീടിനുസമീപത്തെ വീടാണിത്. സംഭവസമയത്ത് യുവതിയുടെ ഭർത്താവ് നൈറ്റ് ഡ്യൂട്ടിക്ക് പോയതായിരുന്നു.
എക്‌സൈസുകാർ ജനലിലൂടെ ടോർച്ചടിച്ച് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. മോഷ്ടാക്കളെന്ന് ഭയന്ന യുവതി ഫോർട്ട് കൊച്ചിയിലെ ജോലിസ്ഥലത്തായിരുന്ന ഭർത്താവിനെ വിളിച്ചുവരുത്തി. ബഹളം കേട്ട് സമീപവാസികളും വീട്ടുടമയും എത്തി. വീട്ടിൽ സ്ത്രീ മാത്രമാണുള്ളതെന്ന് അറിയിച്ചിട്ടും വാതിൽ തുറക്കണമെന്ന് എക്‌സൈസ് സംഘം നിർബന്ധിച്ചു.
ഭർത്താവ് എത്തിയപ്പോഴും സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടിട്ടും കാണിക്കാൻ തയ്യാറായില്ലെന്നും പരാതിയുണ്ട്. വനിതാ ഉദ്യോഗസ്ഥയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും മാറിനിൽക്കുകയായിരുന്നു.
സമീപവാസികൾ എത്തിയതോടെ സംഘം മടങ്ങി. ഇതിനിടെ വാറന്റ് പ്രതി സ്ഥലത്തുനിന്ന് മുങ്ങി.
ഫോർട്ട് കൊച്ചി പൊലീസിൽ പരാതി നൽകാനെത്തിയെങ്കിലും ആദ്യം സ്വീകരിച്ചില്ലെന്ന് യുവതിയുടെ ഭർത്താവ് ആരോപിച്ചു. ഭാര്യ മാനസികമായി തകർന്നതായും എക്‌സൈസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണം ഉയർന്നതോടെ ഫോർട്ട് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ജെ മാക്സി വീട് സന്ദർശിച്ചു. സംഭവത്തിൽ അന്വേഷണവും ആവശ്യപ്പെട്ടു.








0 comments