മതിയായ സംരക്ഷണമില്ല റാണിപുരത്ത് സോളാർ വൈദ്യുതവേലി നശിക്കുന്നു

രാജപുരം കർഷകരെ വന്യമൃഗശല്യത്തിൽനിന്ന് രക്ഷിക്കുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച റാണിപുരത്തെ സോളാർ വൈദ്യുത വേലി മതിയായ സംരക്ഷണമില്ലാതെ നശിക്കുന്നു. ഉൽപ്പന്നങ്ങൾ ആന ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ വ്യാപകമായി നശിപ്പിക്കുന്നതിൽ കടുത്ത ദുരിതത്തിലാണ് കർഷകർ. 6 കിലോമീറ്റർ ദൂരത്തെ സൗരോർജ വേലിയാണ് നശിക്കുന്നത്. വനംവകുപ്പ് സഹായത്തോടെ വർഷങ്ങളായി വനസംരക്ഷണ സമിതിയായിരുന്നു വേലി സംരക്ഷിച്ചു വന്നിരുന്നത്. കുറച്ചു മാസംമുമ്പുവരെ നന്നായി പരിപാലിച്ചു വന്നിരുന്നു. നിലവിൽ വേലിയിൽ പലയിടങ്ങളിലും ആനകൾ ചവിട്ടിയും മരങ്ങൾ ഒടിഞ്ഞ് വീണും, വള്ളിപ്പടർപ്പുകൾ കയറിയും കമ്പികൾ നശിച്ച നിലയിലാണ്. മൂന്ന് കിലോമീറ്റർ ദൂരം ഒരു വ്യക്തിയെ വീതം ഇതിന്റെ സംരക്ഷണത്തിനായി വനം വകുപ്പ് നിയോഗിച്ചിരുന്നു. പ്രതിഫലമായി ഒരാൾക്ക് 5000 രൂപ വീതം നൽകിയിരുന്നു. എന്നാൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാൻ ആളെ കിട്ടാത്തതും സംരക്ഷണത്തിനായി വനം വകുപ്പ് ഫണ്ട് അനുവദിക്കാത്തതുമാണ് സോളാർ ഫെൻസിങ് നാശത്തിലേക്കെത്താൻ കാരണം. വന്യമൃഗങ്ങൾ നിരന്തരം കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്ന പ്രദേശമാണിത്. റാണിപുരം, കുറത്തിപ്പതി, കുണ്ടുപ്പള്ളി ഭാഗങ്ങളിൽ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ എത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് തടയുന്നതിൽ സൗരോർജ വേലി ഏറെ സഹായകരമായിരുന്നു. അനധികൃതരുടെ അനാസ്ഥകൊണ്ട് വേലി നശിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കർഷകർ പറയുന്നു. സോളാർ വൈദ്യുത വേലിയുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്ന വനസംരക്ഷണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ട് മൂന്ന് മാസമായി. പുതിയ സമിതി നിലവിൽവന്ന് ചുമതലകൾ ഏറ്റെടുക്കാത്തതും പ്രതിസന്ധിക്കിടയാക്കുന്നു. അറ്റകുറ്റപ്പണിയെ ഉൾപ്പെടെയാണ് ബാധിക്കുന്നത്. വനസംരക്ഷണ സമിതിയുടെ വാച്ചർമാരേയും വനംവകുപ്പ് നിയമിക്കുന്ന താൽക്കാലിക വാച്ചർമാരേയും ഉപയോഗിച്ചുകൊണ്ട് സോളാർ വേലിയുടെ സംരക്ഷണം നടത്താം എന്നിരിക്കെ, ഇതിൽ വനം വകുപ്പും കടുത്ത അനാസ്ഥയാണ് കാട്ടുന്നത്. ഇതിനെതിരെയും പ്രതിഷേധം ശക്തമായി.









0 comments