സംസ്ഥാന സ്‌കൂൾ കായികമേള ജിൽഷയുടെ സുവർണ നേട്ടം: അഭിമാനത്തോടെ നാട്

രാജപുരം സ്‌കൂൾ കായികമേളയിൽ സ്വർണംനേടിയ ജിൽഷ ജിനിൽ നാടിന്റെ അഭിമാനം. കോഴിക്കോട് നടക്കുന്ന കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ പാണത്തൂർ സ്വദേശി ജിൽഷ 12.29 സെക്കൻഡിൽ മികച്ച പ്രകടനത്തോടെയാണ് ഒന്നാമതെത്തിയത്. തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. സിപിഐ എം വട്ടക്കയം ബ്രാഞ്ച് സെക്രട്ടറിയും ചുമട്ടു തൊഴിലാളി യൂണിയൻ (സിഐടിയു) ഡിവിഷൻ സെക്രട്ടറിയുമായ പാണത്തൂർ വട്ടക്കയത്തെ ജിനിൽ മാത്യുവിന്റെയും വി ജെ ജോമിയുടെയും മകളാണ്. 2023 മുതൽ ദേശീയ, സൗത്ത് സോൺ, സംസ്ഥാന അത്‌ലറ്റിക് മീറ്റുകളിലായി നിരവധി സ്വർണം ഉൾപ്പെടെ നിരവധി മെഡലും മീറ്റ് റെക്കോർഡും ജിൽഷ സ്വന്തമാക്കി. ഭുവനേശ്വറിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ സ്വർണം നേടി. കഠിനാധ്വാനവും സ്ഥിരപരിശ്രമവും ആത്മവിശ്വാസവുമാണ് ജിൽഷയുടെ നേട്ടത്തിന് പിന്നിലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. സ്കൂൾ കായിക അധ്യാപകന്റെയും പരിശീലകന്റെയും മികച്ച പിന്തുണയും ഈ നേട്ടത്തിന് പിന്നിലുണ്ട്. കഠിനാധ്വാനവും കുടുംബത്തിന്റെയും അധ്യാപകരുടെയും പിന്തുണയുമാണ് തന്റെ വിജയത്തിന് പിന്നിലെന്നും കായികരംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കുകയാണ് ലക്ഷ്യമെന്നും ഈ നേട്ടം നാടിനും വിദ്യാലയത്തിനുമായി സമർപ്പിക്കുന്നതായും ജിൽഷ പറഞ്ഞു. ജിൽനാ ജിനിൽ, ജിൽജൊ ജിനിൽ എന്നിവരാണ് ജിൽഷയുടെ സഹോദരങ്ങൾ.









0 comments