Deshabhimani

എൽഡിഎഫ് അധ്യക്ഷയെ ഉപരോധിച്ചു

ജനറൽ ആശുപത്രിയിൽ വെള്ളമില്ലാതായിട്ടും 
നഗരസഭയ്-ക്ക് നിസംഗത

LDF

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ജലവിതരണം മുടങ്ങിയ സംഭവത്തിൽ സർക്കാരിന്റെയും നഗരസഭയുടെയും അനാസ്ഥയ്-ക്കെതിരെ ചെയർപേഴ്സന്റെ ചേമ്പറിനുള്ളിൽ കയറി പ്രതിഷേധിക്കുന്ന എൽഡിഎഫ് കൗൺസിലർമാർ

വെബ് ഡെസ്ക്

Published on Oct 30, 2026, 02:15 AM | 1 min read

ആലപ്പുഴ

ജനറൽ ആശുപത്രിയിലെ ശുചിമുറിയിൽപ്പോലും വെള്ളം ലഭിക്കാതായിട്ടും അടിയന്തര നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാർ ചെയർപേഴ്‌സനെ ചേംബറിൽ തടഞ്ഞുവച്ചു. അടിയന്തരമായി ആശുപത്രി വികസന സൊസൈറ്റി യോഗം വിളിച്ച് ചേർത്ത് വിഷയം ചർച്ച ചെയ്യണമെന്ന എൽഡിഎഫ് ആവശ്യം ചെയർപേഴ്‌സൺ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. തുടർന്ന് നഗരസഭയ്ക്ക്‌ മുന്നിൽ ധർണ നടത്തിയ ശേഷമാണ് എൽഡിഎഫ് കൗൺസിലർമാർ പിരിഞ്ഞത്. ജനറൽ ആശുപത്രിയിലെ വാട്ടർടാങ്കിൽ വെള്ളം പമ്പ് ചെയ്യുന്ന കംപ്രസിബിൾ മോട്ടോറിന്റെ ചെമ്പുകമ്പിയും പിച്ചള വാൽവും മോഷ്ടാക്കൾ കവർന്നതോടെയാണ് ആശുപത്രിയിൽ വെള്ളം ഇല്ലാതായത്. ശുചിമുറിയിൽ പോലും വെള്ളമില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമടക്കും ദുരിതത്തിലായിട്ടും നഗരസഭാ ചെയർപേഴ്‌സൻ ആശുപത്രിയിൽ എത്തി വിവരം അന്വേഷിക്കാൻ പോലും തയാറായില്ലന്ന് എൽഡിഎഫ് പാർലിമെന്ററി പാർടി നേതാവ്‌ വി ജി വിഷ്ണു പറഞ്ഞു. എൽഡിഎഫ് കലക്ടറുമായി ബന്ധപ്പെട്ട ശേഷമാണ്, ടാങ്കർ ലോറിയിൽ അത്യാവശ്യത്തിന് വെള്ളമെത്തിച്ചത്‌. ആശുപത്രിയിൽ വെള്ളം ഇല്ലാതായിട്ടും അതിന്റെ ഗൗരവം കാണാതെ കോയമ്പത്തൂരിൽനിന്ന്‌ മോട്ടോറിന്റെ ഭാഗങ്ങൾ വന്നിട്ട് ശരിയാക്കാമെന്ന നിസംഗനിലപാടിലായിരുന്നു നഗരസഭാധികൃതർ. ഇതിൽ പ്രതിഷേധിച്ചാണ്‌ ചെയർപേഴ്‌സണെ ഉപരോധിച്ചത്. മോഷണം നടത്തിയവരെ തനിക്കറിയാം. നിങ്ങൾ നടത്തുന്നത് നാടകമാണെന്ന അധ്യക്ഷയുടെ പരാമർശത്തെ എൽഡിഎഫിലെ എം ജി സതീദേവി, എൽ മായ, എ എസ് കവിത, ഒ പി ഷാജി, രാഗേഷ്, എ ഷാനവാസ്, പിഡിപിയിലെ എസ് ഫൈസൽ തുടങ്ങിയവർ ചോദ്യം ചെയ്തു. യുഡിഎഫ് കൗൺസിലർമാർ തർക്കിച്ചതോടെ കുറച്ചു സമയം വാക്കേറ്റവുമുണ്ടായി. അടിയന്തരമായി ആശുപത്രിയിൽ ആവശ്യത്തിന് വെള്ളം ലഭ്യമാക്കുക, മോട്ടോർ പാർട്ട്സ് കോയമ്പത്തൂരിൽനിന്ന് വരാൻ കാത്തിരിക്കാതെ ആവശ്യമെങ്കിൽ പുതിയ മോട്ടോർവാങ്ങി വെള്ളം പമ്പ് ചെയ്ത് പ്രശ്നം പരിഹരിക്കുക, ആശുപത്രി വികസന സൊസൈറ്റി യോഗം വിളിക്കുക എന്നീ ആവശ്യങ്ങളിൽ എൽഡിഎഫ് കൗൺസിലർമാർ ഉറച്ചു നിന്നു. എംഎൽഎയെയും എംപിയെയും പങ്കെടുപ്പിച്ച് എച്ച്ഡിഎസ് യോഗം ചേരാനായാണ് താമസമുണ്ടായത്‌. ശനി, ഞായർ ദിവസങ്ങളിൽ അവർ രണ്ടാളും ഉണ്ടാകും. ആ ദിവസങ്ങളിലേതെങ്കിലുമൊന്നിൽ യോഗം ചേരാമെന്നും ചെയർപേഴ്‌സൻ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home