ഈ വെള്ളിക്ക് തിളക്കമേറെ; ഗൾഫിൽ നിന്നുള്ള ആദ്യ മെഡൽ സ്വാനികിന്


ഭരത് കൈപ്പുറത്ത്
Published on Oct 23, 2025, 08:13 PM | 1 min read
തിരുവനന്തപുരം: സ്വാനിക് ജോഷ്വ മനോജ് കുമാറിന്റെ വെള്ളി മെഡലിന് തിളക്കമേറെ. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകിട്ട് നടന്ന സബ് ജൂനിയര്‍ ബോയ്സ് ഫൈനലിൽ നൂറുമീറ്ററിന്റെ വരയിലേക്ക് രണ്ടാമനായാണ് കടന്നതെങ്കിലും പുതുചരിത്രം കുറിച്ചാണ് സ്വാനികിന്റെ മടക്കം. സംസ്ഥാന സ്കൂൾ കായികമേളയിൽ ഗൾഫിൽനിന്ന് മെഡൽ നേടുന്ന ആദ്യതാരമെന്ന നേട്ടമാണ് കൊച്ചുമിടുക്കൻ സ്വന്തമാക്കിയത്. അബുദാബി മോഡൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ സ്വാനിക് 12.17 സെക്കൻഡിലാണ് ഓടിയെത്തിയത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസിലെ സഞ്ജയ്ക്കാണ് (11.97) സ്വർണം.
തൃശൂർ സ്വദേശിയായ മനോജ് കുമാറിന്റെയും ഫിലിപീൻസ് സ്വദേശിനി ലോർദസിന്റെയും മകനാണ് സ്വാനിക്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മനോജ് കുമാര്‍ നിലവില്‍ കുടുംബവുമൊത്ത് അബുദാബിയിലാണ്. അഞ്ച് പെൺകുട്ടികൾ ഉൾപ്പെടെ 39 വിദ്യാർഥികളും എട്ട് അധ്യാപകരുമുൾപ്പെട്ട സംഘമാണ് ഇത്തവണ ഗൾഫിൽ നിന്നും മാറ്റുരയ്ക്കാനെത്തിയത്. കഴിഞ്ഞവർഷത്തെ കൊച്ചി മേളയിലാണ് ആദ്യമായി പ്രവാസി വിദ്യാർഥികൾക്ക് മത്സരിക്കാൻ വിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കിയത്.
ഇതോടെ പഠനത്തോടൊപ്പം കായിക ഇനങ്ങളിലും കേരളത്തിൽ പഠിക്കുന്ന വിദ്യാർഥികളോട് മത്സരിക്കാൻ അവസരമൊരുങ്ങി. 50 ആൺകുട്ടികളുമായി 2024ൽ എത്തിയ ഗൾഫ് ടീം തൊട്ടടുത്ത വർഷംതന്നെ പെൺകുട്ടികളെയും മത്സരത്തിനെത്തിച്ചുവെന്നത് വലിയ നേട്ടമാണ്. അന്ന് 50 വിദ്യാർഥികൾ മത്സരിച്ചെങ്കിലും മെഡലുകളിലാതെ മടങ്ങി.
ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ ദുബായ്, ഗൾഫ് മോഡൽ സ്‌കൂൾ ദുബായ്, മോഡൽ പ്രൈവറ്റ് സ്‌കൂൾ അബുദാബി, ഇന്ത്യൻ സ്‌കൂൾ ഫുജൈറ, ദി ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ ഉം അൽ ക്വയിൻ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് സംഘത്തിൽ.
അണ്ടർ 19, 17 ഷോട്ട്‌പുട്ട്, അണ്ടർ 19, അണ്ടർ 17 100, 200 മീറ്റർ, ഫുട്‌ബോൾ അണ്ടർ 17, ബാസ്‌കറ്റ് ബോൾ അണ്ടർ 17, ബാഡ്‌മിന്റൺ അണ്ടർ 17 എന്നിവയാണ് ഗൾഫ് സംഘത്തിന്റെ മറ്റ് മത്സരങ്ങൾ.










0 comments