പനിച്ച് വിറയ്‌ക്കുന്നു

കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു. പനി ഉൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ച് ആയിരങ്ങളാണ് ചികിത്സ തേടുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ സർക്കാർ ആശുപത്രികളിൽ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 2,213 രോഗികൾ. ഇതിന്റെ പല മടങ്ങ് ആളുകൾ സ്വകാര്യ ആശുപത്രികളിലെത്തിയിട്ടുണ്ട്. കാലവർഷം അകന്നുനിന്നിട്ടും രോഗബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നു. 69,713 പേർ ഒപിയിലെത്തി. വയറിളക്കം, എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയവയും ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 227 പേർക്കാണ് വയറിളക്കം സ്ഥിരീകരിച്ചത്. രണ്ട് പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്‌തു. മലേറിയ, ഡെങ്കിപ്പനി, എലിപ്പനി എന്നിവ ഒന്നുവീതവും റിപ്പോർട്ട് ചെയ്‌തു. മഴക്കാലപൂർവ ശുചീകരണം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാന സർക്കാർ തുടക്കംമുതലെ വീഴ്ച വരുത്തിയതിനാൽ ജൂൺ മുതലേ പകർച്ചവ്യാധി വ്യാപനം ശക്തമായിരുന്നു. ഒപ്പം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാരില്ലാത്തതും രോഗികളെ ദുരിതത്തിലാക്കുന്നു. ജില്ലാ, ജനറൽ ആശുപത്രികളിലായി 22 ഡോക്ടർ തസ്‌തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സിവിൽ സര്‍ജൻ, അസി. സർജൻ, സര്‍ജറി, പീഡിയാട്രി, അനസ്‍തേഷ്യ, ഗൈനക്കോളജി, മെഡിസിൻ കാർഡിയോളജി തുടങ്ങിയവയിലാണ് ഒഴിവ്. കൃത്യസമയത്ത് സ്ഥാനക്കയറ്റം നൽകാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്തതാണ് ഒഴിവുകൾ നികത്തുന്നതിന് തടസം.









0 comments