മഴയില്ല; ചൂടുകാലം

ജില്ലയിൽ നാശം വിതച്ച് വെള്ളപ്പൊക്കമുണ്ടായെങ്കിലും കടുത്ത ചൂടിൽ പല പ്രദേശങ്ങളും വരണ്ടുതുടങ്ങി. വെള്ളം കയറി കൃഷി നശിക്കുകയും രണ്ടാഴ്ച മുമ്പുവരെ വെള്ളം കയറിക്കിടക്കുകയും ചെയ്ത പരിപ്പ് തൊള്ളായിരം വരമ്പിനകം പാടശേഖരത്ത് പച്ചക്കറി കൃഷിക്കായി ഒരുക്കിയ നിലം ചൂടിൽ വിണ്ടുകീറികിടക്കുന്നു
കോട്ടയം മഴ മാറി. ദിവസങ്ങളായി മാനം തെളിഞ്ഞുതന്നെ. ജില്ലയിൽ ചൂട് വീണ്ടും കടുക്കുന്നു. സെപ്തംബറിൽ സംസ്ഥാനത്താകെ മഴ കുറഞ്ഞ് താപനില വർധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴ ദുർബലമായതോടെ വിവിധ ഭാഗങ്ങളിൽ വേനലിന് സമാനമായ ചൂടാണ് അനുഭവപ്പെടുന്നത്. നിലവിൽ ഞായർവരെ ജില്ലയിൽ പച്ച അലർട്ടാണ്. എന്നാൽ അവസാന രണ്ടാഴ്ചകളിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എൽനിനോ തുടരുന്നതിനാൽ പസഫിക് സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ഉയർന്ന സമു ദ്രോപരിതല താപനില തുടരുന്നതാണ് ചൂട് കൂടാൻ കാരണം. ആഗസ്തിൽ 45 ശതമാനം അധിക മഴ എൽനിനോ പ്രതിഭാസത്തിൽ വലയുമ്പോഴും കഴിഞ്ഞ മാസം ജില്ലയിൽ പെയ്തത് 45ശതമാനം അധികമഴ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതിൽ മൂന്നാമതാണ് ജില്ല. ബംഗാൾ ഉൾകടലിനു പുറമെ അറബികടൽ, പടിഞ്ഞാറൻ പസഫിക് സമുദ്രം എന്നിവ അനുകൂലമായതോടെ ആഗസ്തിൽ കൂടുതൽ മഴ ലഭിക്കാൻ കാരണമായി. 411.1 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 595 മില്ലീമീറ്റർ മഴ ലഭിച്ചു. ആഗസ്ത് ആദ്യ മൂന്ന് ദിവസം 300 ശതമാനം അധികമഴയാണ് ജില്ലയിൽ ലഭിച്ചത്. പടിഞ്ഞാറൻ മേഖലയിൽ ഉൾപ്പെടെ പ്രളയം ബാധിക്കുകയും ചെയ്തു.










0 comments