ad
Deshabhimani

താറാവ് കർഷകർ പ്രതിസന്ധിയിൽ

പൊള്ളിച്ച്‌ പൊൻമുട്ട

Duck

Duck

avatar
സ്വന്തം ലേഖകൻ

Published on Sep 05, 2026, 12:33 AM | 1 min read

ആലപ്പുഴ

അടവയ്‌ക്കാനുള്ള മുട്ടകൾ കിട്ടാതായതോടെ കുട്ടനാട്ടിലെയും സമീപപ്രദേശങ്ങളിലെയും താറാവ് കർഷകർ കടുത്ത പ്രതിസന്ധിയിൽ. കുട്ടനാട്, അപ്പർ കുട്ടനാട്, തിരുവല്ല, മുഹമ്മ തുടങ്ങിയ മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാണ് മുട്ടക്ഷാമവും തീറ്റവില വർധനയും കാരണം പ്രതിസന്ധിയിലാകുന്നത്‌. കേരളത്തിലെ നാടൻ താറാവുകളെ തമിഴ്‌നാട്ടിലെത്തിച്ച് കുറഞ്ഞ ചെലവിൽ വളർത്തി ശേഖരിക്കുന്ന അടമുട്ടകളാണ് സംസ്ഥാനത്തെ ഹാച്ചറികളിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത്തവണ ആവശ്യത്തിന് അടമുട്ടകൾ എത്തുന്നില്ല. വിരിയിക്കാനുള്ള മുട്ടകൾ കിട്ടാതായതോടെ താറാവുകുഞ്ഞുങ്ങളുടെ ഉൽപ്പാദനം നിലച്ചു. ​കഴിഞ്ഞവർഷം 10 രൂപ മാത്രം വിലയുണ്ടായിരുന്ന അടമുട്ടയ്‌ക്ക്‌ ഇപ്പോൾ 20 മുതൽ 22 രൂപ വരെയാണ്‌ വില. വില വർധനയ്‌ക്കൊപ്പം മുട്ടയുടെ ഗുണനിലവാരം കുറഞ്ഞതും കർഷകരെ വലയ്‌ക്കുന്നു. മുന്പ്‌ 68 മുതൽ 70 ഗ്രാം വരെ തൂക്കമുണ്ടായിരുന്ന മുട്ടകൾക്ക് ഇപ്പോൾ 48 മുതൽ 50 ഗ്രാംവരെ മാത്രമാണ് തൂക്കമുള്ളത്. താറാവുകൾക്ക് ആവശ്യത്തിന് തീറ്റ ലഭിക്കാത്തതാണ് മുട്ടയുടെ തൂക്കം കുറയാൻ കാരണം. അഞ്ചുമാസം പ്രായമാകുമ്പോൾ താറാവുകൾ മുട്ടയിടാൻ തുടങ്ങും. രണ്ടരമാസത്തെ തുടർച്ചയായ മുട്ടയിടലിനുശേഷം തൂവൽ പൊഴിയും. 40 ദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ് വീണ്ടും മുട്ടയിടുന്നത്. ഒരു താറാവ് ശരാശരി രണ്ടരവർഷത്തോളം മുട്ടയിടും. ഇതിനുശേഷമാണ് ഇറച്ചിക്കായി വിൽക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home