ad
Deshabhimani

അത്യാഹിത വിഭാഗത്തിൽ ഡോക്‌ടർമാരുടെ കുറവ്‌

കായംകുളം താലൂക്ക് ആശുപത്രിയിൽ 
സംഘർഷം; വനിതാ ഡോക്‌ടർ കുഴഞ്ഞുവീണു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2026, 12:30 AM | 1 min read

കായംകുളം

താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡോക്‌ടർമാരുടെ കുറവിനെത്തുടർന്ന്‌ സംഘർഷം. വ്യാഴം രാത്രി പകർച്ചവ്യാധികളെത്തുടർന്ന്‌ നിരവധി ആളുകൾ അത്യാഹിത വിഭാഗത്തിലെത്തിയതോടെ ഉണ്ടായ തിക്കുംതിരക്കും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന്‌ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്‌ടർ കുഴഞ്ഞുവീണു. ഇതോടെ അത്യാഹിത വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്ത അവസ്ഥയായി. അർധരാത്രി കുഴഞ്ഞുവീണ ഇവർ ആശുപത്രിയിലെ നിരീക്ഷണത്തിനുശേഷം വെള്ളി പുലർച്ചെയോടെയാണ്‌ തിരികെ ജോലിയിൽ പ്രവേശിച്ചത്‌. മണിക്കൂറുകൾ കാത്തിരുന്നിട്ടും ഫലമില്ലാതായതോടെ രോഗികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. പൊലീസ് എത്തിയാണ്‌ സംഘർഷം നിയന്ത്രിച്ചത്‌. പകൽ ഒന്നുമുതൽ പിറ്റേദിവസം രാവിലെ വരെ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണ്‌ ഇവിടെയുള്ളത്‌. പകർച്ചവ്യാധികൾ രൂക്ഷമായ സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതിനാൽ വൻ പ്രതിഷേധമാണ്‌ ഉയരുന്നത്‌. വൈകിട്ടത്തെ ഒപിയിലേക്ക് നഗരസഭ രണ്ട് ഡോക്ടർമാരെ നിയമിച്ചെന്ന്‌ പറയുന്നതല്ലാതെ സേവനം ലഭിക്കുന്നില്ല. ദേശീയപാതയോരത്തെ ആശുപത്രിയായതിനാൽ അപകടത്തിൽപ്പെടുന്നവരുടെയും ആശ്രയം ഈ ആശുപത്രിയാണ്. ദിനംപ്രതി നൂറുകണക്കിനാളുകൾ ചികിത്സതേടി എത്തുന്ന ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് നികത്താൻ മന്ത്രിയും ശ്രമിക്കുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home