ചായ്‌പന്‍കുഴി ഗവ. യുപി സ്‌കൂളിന്റെ ഒരു ഭാഗം തകര്‍ന്നു

തകര്‍ന്ന് വീണ ചായ്പന്‍കുഴി ഗവ. യുപി സ്‌കൂള്‍ കെട്ടിടം
ചാലക്കുടി
ചായ്‌പന്‍കുഴി ഗവ. യുപി സ്‌കൂളിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. വെള്ളി പകല്‍ 11നായിരുന്നു സംഭവം. അവധി ദിവസമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടെ കെട്ടിടത്തിന്റെ അടിത്തറ ഇളകിയാണ് ഒരു ഭാഗം തകര്‍ന്നത്. ഈ കെട്ടിടത്തോട് ചേര്‍ന്ന് പാര്‍ശ്വഭിത്തി കെട്ടുന്നതിനായി വലിയ കുഴിയെടുത്തതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ അടിത്തറ പുറത്ത് കാണുന്നതരത്തിലാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും കെട്ടിടം ബലപ്പെടുത്തുന്നതിനുള്ള നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് ആരോപണം. കഴിഞ്ഞ ഏപ്രിലിലാണ് ഇവിടെ നിര്‍മാണം ആരംഭിച്ചത്. ഇതിനായി ചുറ്റുമതിലടക്കമുള്ളവ പൊളിച്ച് നീക്കി. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് സംരക്ഷണ ഭിത്തിയുള്‍പ്പെടെ നിര്‍മിച്ച് നൽകാമെന്നാണ് ഉറപ്പ് നൽകിയത്. എന്നാൽ, ഇത് നടപ്പിലാകാത്തതോടെ കോടശേരി പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. സ്‌കൂള്‍ തുറന്നതോടെ അപകട സാധ്യതയുള്ള ക്ലാസ് മുറികളില്‍ നിന്ന് വിദ്യാർഥികളെ മറ്റ് ക്ലാസുകളിലേക്ക് മാറ്റി. ലൈബ്രറി, കംപ്യൂട്ടർ ലാബ് എന്നിവ ഉള്‍പ്പെടെയുള്ളവയിലാണ് ക്ലാസ് പ്രവർത്തിക്കുന്നത്. മതിലുകള്‍ക്ക് പകരമായി ഇരുമ്പ് വീപ്പകള്‍ നിരത്തിവച്ചാണ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയത്. സ്‌കൂള്‍ സ്റ്റേജിലേക്കും കുട്ടികള്‍ കളിക്കുന്ന സ്ഥലത്തേക്കുമാണ് കെട്ടിടം തകര്‍ന്ന് വീണത്. ഇവിടെ പാര്‍ക്ക് ചെയ്ത സ്‌കൂള്‍ ബസും തകര്‍ന്നു. 2002ല്‍ നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നത്. ചാലക്കുടി എഇഒ പി ബി നിഷയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. തകര്‍ന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങളുടെ ബലപരിശോധന, കുട്ടികളുടെ സുരക്ഷിതത്വം എന്നിവ സംബന്ധിച്ച് ശനിയാഴ്ച പരിശോധന നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.









0 comments