ad
Deshabhimani

ജയിലിലുള്ളവർ എങ്ങനെ ജന്തർമന്തറിലെത്തും

jantar mantar
avatar
സ്വന്തം ലേഖകൻ

Published on Sep 05, 2026, 01:25 AM | 1 min read

ന്യൂഡൽഹി: ജന്തർമന്തറില്‍ നീറ്റ്‌ പ്രക്ഷോഭത്തിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ട 2873 പേര്‍ പങ്കെടുത്തെന്ന ഡൽഹി പൊലീസിന്റെ റിപ്പോർട്ടിന്റെ പൊള്ളത്തരം പുറത്ത്. ഈ പട്ടികയിലുള്ള കുറഞ്ഞത്‌ 25 പേര്‍ ഇപ്പോള്‍ ഡൽഹിയിലെ ജയിലുകളിലാണെന്ന് ദേശീയമാധ്യമം വെളിപ്പെടുത്തി.


ഡൽഹി പൊലീസ് എഐ നിരീക്ഷണ സംവിധാനത്തിന്റെ ഗുരുതര പിഴവാണ് ഇതോടെ വെളിപ്പെട്ടത്. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 2873 പേരെ ജന്തർമന്തറിൽ വിന്യസിച്ച ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (എഫ്‌ആർഎസ്‌) തിരിച്ചറിഞ്ഞുവെന്ന്‌ പൊലീസ്‌ വെളിപ്പെടുത്തിയത്. ഇവർക്കെതിരെ അന്വേഷണം നടത്താൻ കോടതി നിര്‍ദേശിക്കുകയും ചെയ്‌തു.


പട്ടികയിലുള്ളവരുടെ വിവരങ്ങൾ ഒത്തുനോക്കിയപ്പോഴാണ് 25 പേര്‍ കാലങ്ങളായി തിഹാർ, മണ്ടോളി, രോഹിണി ജയിലുകളിൽ കഴിയുകയാണെന്ന് വെളിപ്പെട്ടത്. പട്ടികയില്‍ ഉള്ള 17 പേർ കൊലക്കേസ്‌ പ്രതികൾ.


ഇതിലൊരാളായ യോഗേഷ്‌ എന്ന രാജു അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഷാർപ്പ്‌ ഷൂട്ടർ കൂടിയാണ്‌. ഇതോടെ ഡല്‍ഹി പൊലീസിന്റെ ഫേഷ്യൽ റെക്കഗ്‌നിഷൻ സിസ്റ്റത്തിന്റെ കൃത്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സാധാരണക്കാർ ഡിജിറ്റൽ നിരീക്ഷണത്തിന്റെ ഇരകളാകുമോയെന്ന ആശങ്കയും ശക്തമായി.


ബയോമെട്രിക് ഡാറ്റാബേസായ ‘ക്രൈം കുണ്ഡലി' വഴി 2402 പേരെയും ക്രിമിനൽ രേഖകൾ വഴി 471 പേരെയും തിരിച്ചറിഞ്ഞെന്നാണ്‌ പൊലീസിന്റെ സത്യവാങ്‌മൂലം. ക്രിമിനൽ പശ്ചാത്തലുമുള്ള വ്യക്തിയുടെ മുഖം അടിസ്ഥാനപ്പെടുത്തിയുള്ള തിരിച്ചറിയലിന്‌ 80 ശതമാനം മാത്രമേ ആധികാരികതയുള്ളുവെന്നും ഫീൽഡ്‌ പരിശോധന നടത്തിയാൽ മാത്രമേ ഇവർ എത്തിയിട്ടുണ്ടോ ഇല്ലയോ എന്ന്‌ സ്ഥിരീകരിക്കാനാകൂ എന്നുമാണ്‌ പൊലീസ്‌ ഭാഷ്യം. ഗുരുതര പിശക്‌ പുറത്തുവന്നതോടെ പട്ടിക കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നുറപ്പായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home