നൂറിലധികം രാജ്യാന്തര മെഡലുകൾ സമ്മാനിച്ച പരിശീലകൻ
തോക്കെടുത്ത ദ്രോണർ ; ഇന്ത്യൻ ഷൂട്ടിങ്ങിന്റെ ഒരു യുഗം അവസാനിക്കുന്നു

ജിതിൻ ബാബു
Published on May 01, 2025, 03:32 AM | 2 min read
കോട്ടയം :
ഇന്ത്യൻ ഷൂട്ടിങ്ങിന് ലക്ഷ്യബോധം നൽകിയ പരിശീലകനായിരുന്നു പ്രൊഫ. സണ്ണി തോമസ്. ലോകവേദികളിൽ ഒന്നുമല്ലാതിരുന്ന ഇന്ത്യൻ ഷൂട്ടിങ്ങിനെ ഉയർച്ചയിലേക്ക് നയിച്ച ദ്രോണാചാര്യർ. 19 വർഷംകൊണ്ട് മുഖമുദ്ര മാറ്റി. ഒളിമ്പ്യൻമാരെ സൃഷ്‌ടിച്ചു. മെഡലുകൾ വന്നു. സണ്ണി തോമസ് വിടപറയുമ്പോൾ ഇന്ത്യൻ ഷൂട്ടിങ്ങിന്റെ ഒരു യുഗം അവസാനിക്കുന്നു.
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ ഇംഗ്ലീഷ് അധ്യാപക ജോലിക്കിടെയാണ് സണ്ണി തോമസ് ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പ്രഥമ പരിശീലകനായെത്തുന്നത്. അധ്യാപകൻ തോക്കെടുത്തപ്പോൾ അച്ചടക്കമില്ലാത്ത ഇന്ത്യയുടെ ഷൂട്ടിങ് വേദി മിടുക്കരുടെ കൂട്ടമായി മാറി. ഇന്ത്യൻ ടീം ഒളിമ്പിക്‌സിലും കോമൺവെൽത്ത് ഗെയിംസിലും നേട്ടങ്ങൾകൊയ്‌തു. നൂറിലധികം രാജ്യാന്തര മെഡലുകൾ വന്നു. 2002ൽ ദ്രോണാചാര്യ അവാർഡ് നൽകിയാണ് ആ മികവിനെ ആദരിച്ചത്. 1993ൽ അണിഞ്ഞ പരിശീലകക്കുപ്പായം 2012ൽ അഴിച്ചുവയ്‌ക്കുമ്പോൾ ഇന്ത്യ ലോക ഷൂട്ടിങ് വേദിയിലെ നിറസാന്നിധ്യമായി മാറിയിരുന്നു. ഷൂട്ടിങ്ങിൽ അഞ്ചുതവണ സംസ്ഥാന ചാമ്പ്യനും 1976ൽ ദേശീയ ചാമ്പ്യനുമായിരുന്നു.

തെറ്റാലിയും സഞ്ചിയിൽ നിറയെ ഉരുളൻ കല്ലുകളുമായി നടന്ന ബാല്യമാണ് ഓർമ. അച്ഛനൊപ്പമാണ് ഇറങ്ങുക. തെറ്റാലിയിൽനിന്ന് തൊടുത്ത കല്ലുകൾക്ക് ഒരിക്കലും ലക്ഷ്യം തെറ്റിയില്ല. അതുകണ്ട അച്ഛന്റെ സുഹൃത്ത് എയർ റൈഫിൾ സമ്മാനിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ലക്ഷ്യങ്ങൾ വലുതായി.
1965ൽ തുടങ്ങിയ കോട്ടയം റൈഫിൾ ക്ലബ്ബിൽ അംഗമായതോടെ ജീവിതം ഷൂട്ടിങ് റേഞ്ചിലായി. ആദ്യ സംസ്ഥാന ചാമ്പ്യൻഷിപ്പിൽതന്നെ രണ്ടുവീതം സ്വർണവും വെള്ളിയും വെടിവച്ചിട്ടു. ഒരു വെങ്കലവും. 1970ൽ വെപ്പൺ ട്രെയിനിങ് സ്‌കൂളിൽ പരിശീലനകോഴ്‌സ് പൂർത്തിയാക്കി ഷാർപ്പ് ഷൂട്ടർ ഗ്രേഡും സ്വന്തമാക്കി. ഉഴവൂർ കോളേജിലെ ജോലിക്കിടെയായിരുന്നു മത്സരങ്ങളിൽ പങ്കെടുത്തത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മൂന്നുവർഷത്തോളം മാറിനിന്നു. 1974ൽ വീണ്ടും മത്സരരംഗത്തേക്കെത്തി. ചെന്നൈയിൽ നടന്ന ആദ്യ ചാമ്പ്യൻഷിപ്പിൽ തന്നെ ചാമ്പ്യനായി.
1978ൽ കോട്ടയത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനിടെ കൂടെ പരിശീലനം നടത്തിയ ആളിൽനിന്ന് അബദ്ധത്തിൽ രണ്ട് വിരലുകൾക്ക് വെടിയേറ്റു. തളർന്നില്ല. അന്ന് തിരുത്തിയത് വർഷങ്ങൾ പഴക്കമുള്ള റെക്കോഡ്. 1982ൽ പാലക്കാട്ട് നടന്ന ചാമ്പ്യൻഷിപ്പിലാണ് ശിഷ്യരെ ആദ്യമായി ദേശീയ മത്സരങ്ങളിലേക്ക് ഇറക്കുന്നത്. അതേവർഷം ജഡ്‌ജ് ആൻഡ് ജ്യൂറി ലൈസൻസും സ്വന്തമാക്കി. 82ലെ ഡൽഹി ഏഷ്യാഡിൽ ഔദ്യോഗിക ചുമതല വഹിച്ചു. 1984ൽ ദേശീയ ടീമിന്റെ പരിശീലക സംഘത്തിൽ അംഗമായി. 1992 ബാഴ്‌സലോണ ഒളിമ്പിക്‌സിനുള്ള ടീമിന്റെ താൽക്കാലിക പരിശീലകനായി.
1993ലാണ് ഇന്ത്യയുടെ സ്ഥിരപരിശീലകസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ദേശീയ റൈഫിൾ അസോസിയേഷൻ സണ്ണി തോമസിനെ സമീപിക്കുന്നത്. ആദ്യം നിരസിക്കുകയായിരുന്നു. അധ്യാപക ജോലി ഉപേക്ഷിക്കാനുള്ള മടി. എങ്കിലും ഒരു വർഷത്തേക്ക് വെല്ലുവിളിയായി ഈ ദൗത്യം ഏറ്റെടുക്കണമെന്നായി. ആ വെല്ലുവിളി ഏറ്റെടുത്തു. പിന്നീട് നടന്നത് ചരിത്രം.
പ്രൊഫ. സണ്ണി തോമസ്
ജനനം: 1941 സെപ്‌തംബർ 26
1963: എറണാകുളം സേക്രഡ് ഹാർട്ട് കോളേജിൽ അധ്യാപകൻ
1964: സെന്റ് സ-്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം തലവൻ. 33 വർഷത്തിനുശേഷം 1997ൽ വൈസ് പ്രിൻസിപ്പലായി വിരമിച്ചു
1965: കോട്ടയം റൈഫിൾ ക്ലബ്ബിന്റെ ഭാഗമായി.
1965: ആദ്യ സംസ്ഥാന ചാമ്പ്യൻഷിപ്. രണ്ട് വീതം സ്വർണവും വെള്ളിയും ഒരു വെങ്കലവും നേടി.
1970: അഹമ്മദാബാദിലെ വെപ്പൺ ട്രയ്‌നിങ് സ്‌കൂളിൽനിന്ന് ഷാർപ് ഷൂട്ടർക്കുള്ള സാക്ഷ്യപത്രം
1970: സംസ്ഥാന ചാമ്പ്യൻഷിപ്പിൽ അഞ്ചുതവണ ചാമ്പ്യനായി
1976: ചെന്നൈയിൽ നടന്ന പ്രഥമ ചാമ്പ്യൻഷിപ്പിൽ റൈഫിൾ ഷൂട്ടിങ്ങിൽ ചാമ്പ്യൻ
1993: ഇന്ത്യൻ ഷൂട്ടിങ് ടീം പ്രഥമ പരിശീലകനായി. 2012ൽ വിരമിച്ചു
2002: മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു.
ദേശീയ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആജീവനാന്ത വൈസ് പ്രസിഡന്റ്, കോട്ടയം ആർച്ചറി അസോസിയേഷൻ പ്രസിഡന്റ്, കോട്ടയം റൈഫിൾ അസോസിയേഷൻ ചീഫ് പാട്രൺ, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ നോമിനി എന്നീ നിലകളിൽ പ്രവർത്തിച്ചു
ഇന്ത്യക്കുവേണ്ടി പരിശീലകൻ, മാനേജർ, ടെക്‌നിക്കൽ ഒഫീഷ്യൽ എന്നീ നിലകളിൽ 140 രാജ്യാന്തര ചാമ്പ്യൻഷിപ്പുകളിൽ പങ്കാളിയായി. അഞ്ച് ഒളിമ്പിക്‌സ്, ആറ് ഏഷ്യൻ ഗെയിംസ്, അഞ്ച് കോമൺവെൽത്ത് ഗെയിംസ്, ആറ് ലോക ചാമ്പ്യൻഷിപ്. അമ്പതിലേറെ ലോകകപ്പിലും പരിശീലകനായി.
ഒളിമ്പിക്‌സിൽ ഒരു സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം എന്നിവ സണ്ണി തോമസിന്റെ പരിശീലന കാലയളവിൽ ഇന്ത്യ സ്വന്തമാക്കി.









0 comments