ad
Deshabhimani

സവിശേഷം ഇ‍ൗ ചേർത്തുപിടിക്കൽ

Inclusive Sports

കൊച്ചിയിൽ കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ‍--്കൂൾ ഒളിമ്പിക്--സിലെ ഇൻക്ലൂസീവ് സ്--പോർട്സ് മത്സരത്തിൽനിന്ന്

avatar
ബിജോ ടോമി

Published on Oct 18, 2025, 01:08 AM | 2 min read

തിരുവനന്തപുരം: ​പരിമിതികളെ ചേർത്തുപിടിക്കലിന്റെ സ‍ൗന്ദര്യം കൊണ്ട്‌ കീഴടക്കാൻ കുട്ടികളെത്തുന്നു. സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിന്റെ ഭാഗമായുള്ള ‘ഇൻക്ലൂസീവ് സ്‌പോർട്‌സിൽ’ പങ്കെടുക്കുന്നത്‌ 2019 ഭിന്നശേഷി വിദ്യാർഥികൾ. കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന പ്രഥമ സ്‌കൂൾ ഒളിമ്പിക്‌സിലാണ്‌ ഇൻക്ലൂസീവ് സ്‌പോർട്‌സും ഉൾപ്പെടുത്തിയത്‌. ഇത്തവണ ആൺകുട്ടികൾക്ക്‌ ക്രിക്കറ്റും പെൺകുട്ടികൾക്ക്‌ ‘ബോച്ചെ’ (Bocce) എന്നറിയപ്പെടുന്ന ബോക്‌സ്‌ ബോളും പുതിയതായി ഉൾപ്പെടുത്തി. ബാഡ്‌മിന്റൺ, ഫുട്‌ബോൾ, ഹാൻഡ്‌ബോൾ എന്നിവയാണ്‌ മറ്റു ഗെയിംസ്‌ മത്സരങ്ങൾ. അത്‌ലറ്റിക്‌സിൽ മിക്‌സഡ്‌ റിലേ 4x100, സ്‌റ്റാൻഡിങ്‌ ത്രോ, ലോങ്ജമ്പ്‌, 100 മീറ്റർ ഓട്ടം എന്നിവയുണ്ട്‌. എല്ലാ മത്സരങ്ങളും 22ന്‌ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലാണ്‌. മാർച്ച്‌പാസ്‌റ്റിലും ഉദ്‌ഘാടനച്ചടങ്ങിലെ കലാപരിപാടികളിലും സാനിധ്യമുണ്ടാകും.


ഒരു കൈയുപയോഗിച്ച്‌ പന്ത്‌ തട്ടാവുന്ന ഭിന്നശേഷി കുട്ടികൾക്കുള്ള കളിയാണ്‌ ‘ബോച്ചെ’. പെൺകുട്ടികൾക്കാണ്‌ ഇ‍ൗ മത്സരം. നാലുമീറ്റർ വീതിയും 20 മീറ്റർ നീളവുമുള്ളതാണ്‌ കളിക്കുള്ള പ്രതലം. ഉരുട്ടിവിടുന്ന ബോൾ എതിർവശത്തുള്ള ബോക്‌സിൽ വീഴും. ഓരോ ബോക്‌സിനും പ്രത്യേക പോയിന്റ്‌ ഉണ്ട്‌. കൂടുതൽ പോയിന്റുള്ള ബോക്‌സിൽ പന്ത്‌ വീഴ്‌ത്തുന്ന മത്സരാർഥി വിജയിക്കും. ആൺകുട്ടികൾക്കാണ്‌ ക്രിക്കറ്റ്‌ മത്സരം. ടീമിലെ 11 പേരിൽ 10 പേർ ഭിന്നശേഷി കുട്ടികളായിരിക്കണം. ടെന്നീസ്‌ ബോളാകും ഉപയോഗിക്കുക. കാലുകൾക്ക്‌ സ്വാധീനക്കുറവുള്ളവർക്ക്‌ പകരം സ്‌റ്റാൻഡ്‌ ബൈ റണ്ണറുടെ സഹായം അനുവദിക്കും. ടീമിലെ ജനറൽ കുട്ടിക്ക്‌ വിക്കറ്റ്‌ കീപ്പർ ആയി മാത്രമേ കളിക്കാനാകൂ. 10 ഓവർ കളിയിൽ ഏഴാമത്തെ ഓവറിന്‌ ശേഷമോ ഒമ്പതാമത്തെ ബാറ്റ്‌സ്‌മാനായോ മാത്രമേ ജനറൽ കുട്ടിക്ക്‌ കളിക്കാനാവൂ.


​കാഴ്‌ചപരിമിതിമുതൽ ഓട്ടിസംവരെ സംസ്ഥാനത്ത് സവിശേഷ കഴിവുള്ള കുട്ടികളുടെ 23 വിഭാഗങ്ങളുണ്ട്. ഉൾച്ചേർക്കൽ (ഇൻക്ലൂസിവ്‌) വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇവർക്ക്‌ പൊതുവിദ്യാലയങ്ങളിൽ പ്രത്യേക പരിഗണനയാണ്‌ സർക്കാർ നൽകുന്നത്‌. അതിന്റെ ഭാഗമായാണ്‌ ഇൻക്ലൂസിവ്‌ സ്‌പോർട്‌സും ഉൾപ്പെടുത്തിയത്‌.


സമ്മാനത്തുക 
ഉയർത്തി


അത്‌ലറ്റിക്‌സിൽ മികച്ച ജനറൽ സ്‌കൂളുകൾക്കുള്ള സമ്മാനത്തുക വർധിപ്പിച്ചു. ഒന്നാം സ്ഥാനക്കാർക്ക്‌ 2.5 ലക്ഷം രൂപ, രണ്ടാം സ്ഥാനം 1.75 ലക്ഷം, മൂന്നാം സ്ഥാനം 1.25 ലക്ഷം രൂപ എന്ന നിരക്കിലാണ്‌ വർധിപ്പിച്ചത്‌. നിലവിൽ ഇത്‌ യഥാക്രമം 2.20 ലക്ഷം, 1.65 ലക്ഷം, 1.10 ലക്ഷം എന്നിങ്ങനെയായിരുന്നു. സ്‌പോർട്സ് സ്‌കൂളുകളിൽ ഒന്നാം സ്ഥാനക്കാർക്ക്‌ ഒരുലക്ഷം രൂപ സമ്മാനിക്കും. രണ്ടാം സ്ഥാനക്കാർക്ക്‌ 75,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക്‌ 50,000 രൂപയും ലഭിക്കും. കായികമേളയിൽ മികച്ച സ്‌കൂളിനുള്ള ഓവറോൾ ചാമ്പ്യൻഷിപ്പ് ജനറൽ, സ്‌പോർട്സ് സ്‌കൂളുകൾ എന്നിവക്ക്‌ പ്രത്യേകം നൽകും. ജനറൽ, സ്‌പോർട്സ് സ്‌കൂൾ എന്നിവയുടെ പോയിന്റുകൾ മൊത്തം കൂട്ടിയാകും ജില്ലകളുടെ സ്ഥാനം നിർണയിക്കുക.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home