ad
Deshabhimani

print edition പതറാത്ത വിരലുകൾ; 
തെറ്റാത്ത ലക്ഷ്യം

Vidarsha K Vinod
avatar
ജിതിൻ ബാബു

Published on Sep 21, 2026, 01:30 AM | 1 min read

കോഴിക്കോട്‌: വിദർശ കെ വിനോദ്‌ തോക്കിന്റെ കാഞ്ചി വലിച്ചത്‌ സ്വർണത്തിളക്കമുള്ള വെള്ളിയിലേക്കായിരുന്നു. പതറാത്ത കൈകളും തെറ്റാത്ത ലക്ഷ്യവും നാടിന്റെ അഭിമാനമുയർത്തി. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ ഷൂട്ടറെന്ന ബഹുമതിയും സ്വന്തം. ഇരുപത്തേഴുകാരിയുടെ മെഡൽ നേട്ടത്തിൽ സന്തോഷിക്കുകയാണ്‌ കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി തമ്പലമണ്ണെയെന്ന മലയോരഗ്രാമം.

കോഴിക്കോട്‌ ഗുരുവായൂരപ്പൻ കോളേജിൽ ബിരുദ പ-ഠനത്തിനിടയിലാണ്‌ ആദ്യമായി തോക്ക്‌ കയ്യിലെടുക്കുന്നത്‌. അതാകട്ടെ എൻസിസി ഷൂട്ടിങ് ട്രയൽസിലും. മികച്ച പ്രകടനത്തോടെ സംസ്ഥാന ടീമിൽ വരെയെത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായി. അതിനിടയിൽ കോവിഡ്‌ വന്നതോടെ ഒരു വർഷത്തോളം ഷൂട്ടിങ് റേഞ്ചിൽ നിന്ന്‌ വിട്ടുനിൽക്കേണ്ടി വന്നു. അക്കാലത്ത്‌ യോഗയിലൂടെയും വ്യായാമത്തിലൂടെയും ശാരീരികക്ഷമത നിലനിർത്തി.


സ്വന്തമായി ഒരു തോക്കില്ലാതിരുന്നിട്ടും കേരളത്തിലെ മികച്ച ഷൂട്ടറായി വളർന്നു. മത്സരത്തിനിടയിൽ പരിചയപ്പെടുകയും പിന്നീട്‌ ജീവിതത്തിലും ഒന്നിച്ച ഷൂട്ടിങ് താരം കൂടിയായ മനു എസ്‌ രവി യുടെ ചോദ്യമാണ്‌ വഴിത്തിരിവായത്‌. സ്വന്തമായി ഒരു തോക്കില്ലാതെ എങ്ങനെ ഒരു പ്രൊഫഷണൽ ഷൂട്ടറാകുമെന്നായിരുന്നു കനപ്പെട്ട ചോദ്യം. അങ്ങനെയാണ്‌ വായ്‌പയെടുത്ത്‌ സ്വന്തമായി ഒരു റൈഫിൾ വാങ്ങുന്നത്‌. കൂടുതൽ മെച്ചപ്പെട്ട പരിശീലനത്തിനായി ഇരുവരും പിന്നീട്‌ ഡൽഹിയിലേക്ക്‌ മാറി. ഹരിയാനക്കാരനായ മനോജ്‌കുമാറിന്റെ പരിശീലനം നിർണായകമായി. മികച്ച പരിശീലനം ലഭ്യമാക്കാൻ 2024ൽ എൽഡിഎഫ്‌ സർക്കാർ അഞ്ച്‌ ലക്ഷം രൂപ നൽകിയിരുന്നു.


ബിൽഡിങ് കോൺട്രാക്ടറായിരുന്ന തമ്പലമണ്ണ കൊച്ചാലുങ്കൽ കെ ഡി വിനോദിന്റെയും അനിതയുടെയും മകളാണ്‌. വിഷ്‌ണു കെ വിനോദാണ്‌ സഹോദരൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home