ശബരി റെയിൽപാത വീണ്ടും പാളം തെറ്റുന്നു

കോട്ടയം അങ്കമാലി –- എരുമേലി ശബരി റെയിൽപാതയുടെ നിർമാണം വീണ്ടും അനിശ്‌ചിതത്വത്തിലായതോടെ പദ്ധതിപ്രദേശത്തെ ജനങ്ങൾ ആശങ്കയിൽ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്ഥലമേറ്റെടുപ്പുവരെ എത്തിച്ച പദ്ധതി മരവിച്ച മട്ടാണ്. വിഷയം വിശദമായി പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് റവന്യു മന്ത്രി എ പി അനിൽകുമാറിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ശബരി റെയിൽ അട്ടിമറിക്കാനുള്ള നീക്കമാണോ ഇതെന്ന ചോദ്യമാണുയരുന്നത്. പലതവണ മുടങ്ങിയിട്ടും കഴിഞ്ഞ സർക്കാരിന്റെ ഇച്ഛാശക്തിയിൽ പദ്ധതിക്ക് ജീവൻവച്ചിരുന്നു. സ്ഥലമേറ്റെടുപ്പ് ഓഫീസുകൾ തുടങ്ങാനുള്ള നടപടികളും ആരംഭിച്ചപ്പോഴാണ് സർക്കാർ മാറിയത്. അങ്കമാലി മുതൽ രാമപുരം പിഴക് വരെ 72 കിലോമീറ്റർ ദൂരത്തിൽ 2,125 കുടുംബങ്ങളുടെ ഭൂമിയിൽ പദ്ധതിക്കുവേണ്ടി റവന്യു വകുപ്പും റെയിൽവേയും കല്ലിട്ട് തിരിച്ചിരുന്നു. പദ്ധതി മുടങ്ങിയപ്പോൾ ഈ ഭാഗങ്ങളിലുള്ളവർ വലിയ പ്രയാസത്തിലായി. പദ്ധതി പ്രദേശത്തുള്ളവർക്ക് ഭൂമി വിൽക്കാനോ പണയംവയ്‌ക്കാനോ കഴിയാതായി. കഴിഞ്ഞവർഷം ശബരി റെയിലിന് കേന്ദ്രാനുമതി ലഭിക്കുകയും സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കുകയും ചെയ്‌തപ്പോൾ ഇവർ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ ഇവരെ വീണ്ടും ആശങ്കയിലേക്ക് തള്ളിയിടുന്ന നിലപാടാണ് യുഡിഎഫ് സർക്കാരിന്റേത്. പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ നൽകാമെന്ന ഉറപ്പിലായിരുന്നു കഴിഞ്ഞവർഷം കേന്ദ്രസർക്കാരിന്റെ അനുമതി നേടിയെടുത്തത്. അങ്കമാലിയിൽ തുടങ്ങി, കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, കരിങ്കുന്നം, പിഴക്, പ്രവിത്താനം, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി വഴി എരുമേലിയിൽ എത്തുന്നതാണ് പാത. ആകെ 14 സ്‌റ്റേഷനുകളുണ്ടാകും. 111 കിലോമീറ്റർ നീളമുള്ള ശബരിപാതയ്‌ക്കായി എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി 416 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. ശബരിമല, ഭരണങ്ങാനം തീർഥാടനകേന്ദ്രങ്ങളിലേക്ക് വരുന്നവർക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണ്. ആദ്യമായി ട്രെയിനിന്റെ ചൂളംവിളി ഉയരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന മലയോര ജനതയിൽ നിരാശ പടർന്നുതുടങ്ങി.









0 comments