അച്ഛന് ഇൗ പതക്കം

ജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിൽ കോതമംഗലം മാർബേസിലിലെ സെഫാനിയ നിറ്റു സ്വർണം നേടുന്നു ഫോട്ടോ: ജഗത്ലാൽ
വെെഷ്ണവ് ബാബു
Published on Oct 26, 2025, 12:00 AM | 1 min read
തിരുവനന്തപുരം
ഉയരം താണ്ടാനുള്ള കുതിപ്പിനിടെ പോൾ ഒടിഞ്ഞു തെറിച്ചു. സെഫാനിയ ഒന്നു പതറി. കഴിഞ്ഞ തവണത്തെ അതേ നിർഭാഗ്യം ഇത്തവണയും. പക്ഷേ അവൾക്ക് ജയിക്കണമായിരുന്നു. അച്ഛൻ അത്രയും കൊതിച്ചതാണ് ഇൗ നേട്ടം. ഒടുവിൽ അച്ഛന്റെ ഓർമകൾക്കുമുന്നിൽ അവൾ സ്വർണ പതക്കം സമ്മാനിച്ചു. ജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിൽ 2.80 മീറ്റർ ചാടിയാണ് കോതമംഗലം മാർബേസിലിലെ സെഫാനിയ നിറ്റു സ്വർണമണിഞ്ഞത്.
മഞ്ഞപ്പിത്തബാധയെ തുടർന്ന് അഞ്ച് മാസംമുമ്പാണ് അച്ഛൻ നിറ്റു ആന്റണി മരിച്ചത്. അച്ഛന്റെ കൈപിടിച്ചാണ് എട്ടാംക്ലാസിൽ മാർബേസിലിൽ എത്തുന്നത്. ഹൈജന്പിലായിരുന്നു തുടക്കം. കായികാധ്യാപകൻ സി ആർ മധുവിന്റെ നിർദേശത്തെ തുടർന്ന് പോൾവോൾട്ടിലേക്ക് മാറി. കഴിഞ്ഞ തവണ സുവർണ നേട്ടം പ്രതീക്ഷിച്ചിരുന്നെങ്കിലും പോൾ ഒടിഞ്ഞതുമൂലം വെള്ളിയിൽ തൃപ്തിപ്പെടേണ്ടിവന്നു.
അന്നു സ്വർണം നേടിയ മലപ്പുറം കടകശേരി ഐഡിയൽ സ്‌കൂളിലെ അമൽ ചിത്രയെ പിന്തള്ളിയാണ് ഇത്തവണ സ്വർണം നേടിയത്. പോൾ ഒടിഞ്ഞില്ലായിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനമുണ്ടാകുമായിരുന്നെന്ന് സെഫാനിയ പറഞ്ഞു. അമ്മ മേരിയും സഹോദരൻ സാന്റിനോ നിറ്റുവും സെഫാനിയയുടെ നേട്ടത്തിന്റെ സന്തോഷത്തിലാണ്. ഐഡിയലിലെ കെ അനുഷ്‌ക (2.40) വെങ്കലം നേടി.










0 comments