print edition ചാമ്പ്യൻചൂട് ; അത്‌ലറ്റിക്‌സ് കിരീടത്തിനായി മലപ്പുറം സ്‌കൂളുകള്‍

പി അഭിഷേക്
Published on Oct 28, 2025, 12:30 AM | 1 min read
തിരുവനന്തപുരം
അത്‌ലറ്റിക്‌സിൽ ചാമ്പ്യൻ സ്‌കൂൾ പട്ടത്തിനായി മലപ്പുറത്തെ രണ്ട് സ്‌കൂളുകൾ തമ്മിലാണ് പോര്. 16 ഇനങ്ങളാണ് അവസാനദിനം. അതിൽ ആറെണ്ണം റിലേ മത്സരങ്ങളായതിനാല്‍ 10 ഇനങ്ങളുടെ ഫലം ജേതാവിനെ നിർണയിക്കും.
നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസാണ് ഒന്നാമത്. ഏഴ് സ്വര്‍ണവും ഒമ്പത് വെള്ളിയും എട്ട് വെങ്കലവുമായി 70 പോയിന്റുണ്ട്. തിരുന്നാവായ നാവാമുകുന്ദ എച്ച്എസ്എസാണ് രണ്ടാമത്. അഞ്ച് സ്വര്‍ണവും ആറുവീതം വെള്ളിയും വെങ്കലവും സഹിതം 49 പോയിന്റ്.
വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസ്എസ് 42 പോയിന്റോടെ മൂന്നാംസ്ഥാനത്തുണ്ട്. ആറ് സ്വര്‍ണവും മൂന്നുവീതം വെള്ളിയും വെങ്കലവുമാണ് നേട്ടം. നാലാമതുള്ള കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസിന് ആറ് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായി 39 പോയിന്റുണ്ട്. അഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയുമായി 34 പോയിന്റോടെ പാലക്കാട് മുണ്ടൂര്‍ എച്ച്എസാണ് അഞ്ചാമത്. 400 മീറ്റര്‍ ഫൈനലാണ് ട്രാക്കിലെ പ്രധാന ഇനം. നാവാമുകുന്ദക്കും പുല്ലൂരാംപാറ സെന്റ് ജോസഫ്സിനും വടവന്നൂര്‍ വിഎംഎച്ച്എസിനും ട്രാക്കിലാണ് പ്രതീക്ഷ. ഹാമര്‍ത്രോ, ട്രിപ്പിള്‍ ജമ്പ് ഇനങ്ങളില്‍ ഐഡിയലും കണ്ണുവയ്ക്കുന്നു.
മുന്നേറി ജിവി രാജ
സ്‌പോര്‍ട്സ് ഹോസ്റ്റലുകള്‍ക്കുള്ള കിരീടം ഉറപ്പിച്ച് തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്‌കൂള്‍. 48 പോയിന്റോടെ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള കൊല്ലം സായിക്ക് എട്ട് പോയിന്റ് മാത്രമാണ്. അഞ്ച് പോയിന്റ് വീതമുള്ള കീരംപാറ എംഎ കോളേജ് സ്‌പോര്‍ട്സ് ഹോസ്‌റ്റല്‍ മൂന്നാംസ്ഥാനത്തും സിഎസ്എച്ച് വയനാട് നാലാംസ്ഥാനത്തുമുണ്ട്. ജിവിഎച്ച്എസ്എസ് കണ്ണൂരിന് നാല് പോയിന്റാണ്.











0 comments