നാളെ ട്രാക്കുണരും
print edition ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ് ഉദ്‌ഘാടന ചടങ്ങിനായി അണിനിരന്ന വിദ്യാർഥികളും കലാകാരൻമാരും ഫോട്ടോ: ജഗത്ലാൽ
പ്രദീപ് ഗോപാൽ
Published on Oct 22, 2025, 04:26 AM | 2 min read
തിരുവനന്തപുരം
മഴത്തണുപ്പിന്റെ ആലസ്യം വിട്ടൊഴിഞ്ഞ് കേരളത്തിന്റെ കായിക കൗമാരം കളത്തിൽ ഇന്ന് ഇറങ്ങുന്നു. ഭാവിയുടെ ഐ എം വിജയനും സഞ്‌ജു സാംസണും മിന്നു മണിയുമൊക്കെയാണ് മൈതാനങ്ങളിൽ. അവർക്കായി കൈയടികൾ മുഴങ്ങട്ടെ. ഗെയിംസ് മത്സരങ്ങൾക്കാണ് ഇന്ന് തുടക്കം. നീന്തൽക്കുളവും സജീവമാകും. അത്‌ലറ്റിക്‌സിന്റെ തുടക്കം നാളെയാണ്.
മത്സരങ്ങൾക്ക് ചൂടുപിടിക്കുംമുന്പേ ആതിഥേയരായ തിരുവനന്തപുരം ജില്ല മുന്നേറി. ദേശീയ മത്സരങ്ങൾ വേഗത്തിൽ നടക്കുന്ന ചില ഇനങ്ങളിൽ സംസ്ഥാന മത്സരം പൂർത്തിയായപ്പോഴാണ് തിരുവനന്തപുരം മുന്നിലെത്തിയത്. 476 പോയിന്റാണ് ജില്ലയ്‌ക്ക്. 360 പോയിന്റുമായി കണ്ണൂർ രണ്ടാമതും 266 പോയിന്റുള്ള കോഴിക്കോട് മൂന്നാമതുമുണ്ട്. 54 സ്വർണവും 39 വെള്ളിയും 61 വെങ്കലവുമാണ് തിരുവനന്തപുരത്തിന്. കണ്ണൂരിന് 37 സ്വർണം, 41 വെള്ളി, 39 വെങ്കലം. കോഴിക്കോട് 24 സ്വർണവും 30 വെള്ളിയും 31 വെങ്കലവും നേടി. ആകെ 583 ഗെയിംസ് ഇനങ്ങളിൽ 241 എണ്ണം പൂർത്തിയായപ്പോഴാണ് ഇൗ മെഡൽ കണക്ക്.
ആകെ 32 വിഭാഗം കായിക ഇനങ്ങളിലാണ് മത്സരം. ഏകദേശം കാൽലക്ഷത്തോളം കുട്ടികൾ അണിനിരക്കുന്നു.
ഫുട്‌ബോൾ, ക്രിക്കറ്റ്, ഹോക്കി, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ജൂഡോ, ഖൊ ഖൊ, കബഡി, തയ്‌ക്വാൻഡോ, ടേബിൾ ടെന്നീസ്, ഷൂട്ടിങ് എന്നീ ഇനങ്ങളാണ് ഇന്ന് തുടങ്ങുക. സീനിയർ ആൺകുട്ടികളുടെ ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, സോഫ്‌റ്റ്‌ബോൾ, ചെസ്, ജുഡോ മത്സരങ്ങളിൽ ചിലതാണ് പൂർത്തിയായത്. തിരുവനന്തപുരമാണ് നിലവിലെ ജേതാക്കൾ. ആകെ 1935 പോയിന്റുമായാണ് ഓവറോൾ കിരീടം.
നാളെ ട്രാക്കുണരും
സ്‌കൂൾ ഒളിന്പിക്‌സിന്റെ ആവേശ ഇനമായ അത്‌ലറ്റിക്‌സ് മത്സരങ്ങൾ നാളെ തുടങ്ങും. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ. ത്രോ ഇനങ്ങൾ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലാണ്. ആകെ 98 ഇനങ്ങളിലാണ് ഫൈനൽ.

സ്‌കൂൾ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സ്
മത്സരത്തിനായി പരിശീലനം നടത്തുന്ന
തിരുവനന്തപുരം ജിവി രാജ സ്‌പോർട്സ്
സ്‌കൂളിലെ കായികതാരങ്ങൾ
/ഫോട്ടോ: എ ആർ അരുൺരാജ്
മലപ്പുറമാണ് നിലവിലെ ചാമ്പ്യൻമാർ. വാശിയേറിയ പോരാട്ടത്തിൽ പാലക്കാടിനെ മറികടന്നായിരുന്നു നേട്ടം. മലപ്പുറം 247 പോയിന്റ് നേടിയപ്പോൾ പാലക്കാടിന് കിട്ടിയത് 213 പോയിന്റ്. എറണാകുളം, കോഴിക്കോട് ടീമുകളാണ് തുടർന്നുള്ളത്. ആതിഥേയരായ തിരുവനന്തപുരവും രംഗത്തുണ്ട്.
ഇൗ വർഷവും മലപ്പുറവും പാലക്കാടും തമ്മിലായിരിക്കും കിരീടപ്പോരാട്ടം. അപ്രതീക്ഷിത തിരിച്ചടി നേരിട്ട എറണാകുളം തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.
ആദ്യദിനം ആവേശകരമായ നൂറ് മീറ്റർ മത്സരങ്ങൾ നടക്കും.










0 comments