print edition സംസ്ഥാന സ്‌കൂൾ അത്‍ലറ്റിക്‌സ്: ഭാവിയിലേക്കുള്ള കവാടം, പക്ഷേ

അൽക്ക ഷിനോജ്, ടി എം അതുൽ, അനാമിക അജേഷ് , ശ്രീഹരി കരിക്കൻ
പി അഭിഷേക്
Published on Nov 02, 2026, 01:30 AM | 2 min read
കോഴിക്കോട്: ഒരാഴ്‌ചത്തെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ 68–ാമത് സംസ്ഥാന സ്‌കൂൾ അത്‍ലറ്റിക്‌സ് കിരീടം മലപ്പുറം സ്വന്തമാക്കി. പാലക്കാടാണ് റണ്ണറപ്പ്. കായിക കേരളത്തിന്റെ ഭാവിയിലേക്ക് കവാടം തുറന്നുവച്ചാണ് ചാത്തമംഗലം എൻഐടി സ്‌റ്റേഡിയം താരങ്ങളെ യാത്രയാക്കുന്നത്. നിരാശയും പ്രതീക്ഷയും ഒരുപോലെ നിറഞ്ഞ മൈതാനം പുതിയ താരങ്ങളുടെ പിറവിക്കും സാക്ഷ്യംവഹിച്ചു. നെഞ്ചോടുചേർത്തുവച്ച മെഡലുകൾ ഇടർച്ചയില്ലാതെ മുന്നേറാനുള്ള പ്രചോദനമാണ്.
ഒരുപതിറ്റാണ്ടിനുശേഷമാണ് സംസ്ഥാന മീറ്റിന് കോഴിക്കോട് ആതിഥ്യംവഹിച്ചത്. എൻഐടി സ്‌റ്റേഡിയത്തിലെ പുതിയ സിന്തറ്റിക് ട്രാക്കിൽ റെക്കോഡുകൾക്ക് പഞ്ഞമായിരുന്നു. സീനിയർ ആൺകുട്ടികളുടെ 4x400 മീറ്റർ റിലേ ഉൾപ്പെടെ ആറ് റെക്കോഡുകൾ മാത്രമാണ് പിറന്നത്. കഴിഞ്ഞവർഷം 16 റെക്കോഡുകളുണ്ടായിരുന്നു. അഞ്ച് വ്യക്തിഗത റെക്കോഡുകളിൽ നാലും ട്രാക്കിനങ്ങളിലാണ്. ഭാവിയിൽ കേരളത്തിന് മുതൽക്കൂട്ടാകുന്ന ഒരുപിടി താരങ്ങളെ കോഴിക്കോട് മീറ്റ് സമ്മാനിച്ചു. തിരുവനന്തപുരം ജിവി രാജ സ്‌പോർട്സ് സ്‌കൂളിലെ ശ്രീഹരി കരിക്കൻ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിലും 400 മീറ്റർ ഓട്ടത്തിലും റെക്കോഡിട്ടു. ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ താരങ്ങളായ അനാമിക അജേഷ് സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിലും ടി എം അതുൽ സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിലും റെക്കോഡ് നേടി ശ്രദ്ധേയരായി. ട്രിപ്പിൾ സ്വർണം നേടിയ പാലക്കാടിന്റെ നിവേദ്യ കലാധർ (400 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ), കോഴിക്കോടിന്റെ അൽക്ക ഷിനോജ് (400 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ), മലപ്പുറത്തിന്റെ കെ എസ് അമൽചിത്ര (പോൾവോൾട്ട്) എന്നിവരും ഭാവിയിലേക്കുള്ള സൂക്ഷിപ്പുകളാണ്.
മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസ് അഞ്ചാം തവണയും മികച്ച സ്‌കൂളായി. രണ്ടാംസ്ഥാനത്തെത്തിയ രണ്ട് സ്‌കൂളുകൾക്കും പകുതി പോയിന്റേയുള്ളു. തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിന്റെ കുതിപ്പാണ് ശ്രദ്ധേയം. സ്‌പോർട്‌സ് ഡിവിഷൻ വിഭാഗത്തിൽ സമ്പൂർണാധിപത്യം പുലർത്തിയ ജി വി രാജ മികച്ച സ്‌കൂളായ ഐഡിയലിനേക്കാൾ പോയിന്റ് അധികം നേടുന്നത് ആദ്യമായാണ്.
തുടർച്ചയായ മത്സരങ്ങൾ കുട്ടികളുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ഉപജില്ലാ, ജില്ലാ, സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റുകൾക്ക് പുറമെ രാജ്യാന്തര സ്‌കൂൾ മീറ്റിലേക്കുള്ള സെലക്ഷൻ ട്രയൽസ്, സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ്, ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റ് എന്നിവ ഒന്നരമാസത്തിനിടെ നടന്നു. യാത്രാക്ഷീണവും പരിക്കും താരങ്ങളുടെ പ്രകടനത്തെ ബാധിച്ചു.








0 comments