ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ മർദിച്ചവർ അറസ്റ്റിൽ

കഴക്കൂട്ടം
ഫ്ലാറ്റിൽ അതിക്രമം സൃഷ്ടിക്കുകയും പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ അവിടത്തെ സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്ത രണ്ടുപേർ അറസ്റ്റിൽ. കല്ലിംഗൽ സ്വരാജ് ഭവനിൽ ശ്യാം (43), ചേമ്പുപറമ്പ് ശരണ്യ ഭവനിൽ എച്ച് ശരത് (32) എന്നിവരെയാണ് തുന്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. ശരത് കാപ്പ കേസ് പ്രതിയും സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽപ്പെട്ടയാളുമാണ്. ശ്യാമിന്റെ പേരിലും കേസുകളുണ്ട്. ശനി രാത്രിയാണ് ഇവർ ആറ്റിൻകുഴിയിലെ ക്രസീഡ ഫ്ലാറ്റിലെത്തി സുരക്ഷാ ജീവനക്കാരൻ ചാൾസ് ഫെർണാണ്ടസിനെ മർദിച്ചത്. ചോദ്യംചെയ്ത കെയർ ടേക്കർ ജോണിനെ ഭീഷണിപ്പെടുത്തുകയും ഹോളോബ്രിക്ക്‌സ് കൊണ്ട് തലയിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് ഗ്ലാസുകളും മറ്റും അടിച്ചും എറിഞ്ഞും തകർത്തു. 6000 രൂപയുടെ നഷ്‌ടം ഉണ്ടാക്കി. ശേഷം ടെക്നോപാർക്കിന് സമീപത്തെ ബാർ ഹോട്ടലിന്റെ മുന്നിലും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. നാട്ടുകാരുടെ പരാതിയിൽ ഇരുവരെയും തുമ്പ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ ഇവർ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ലോക്കപ്പിലും മറ്റും ഉണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞു.









0 comments