Deshabhimani

 ബ്രഹ്മപുരത്ത്‌ വീണ്ടും ആശങ്ക

കൗൺസിൽ അറിയാതെ പ്ലാസ്റ്റിക് പൈറോളിസിസ് പ്ലാന്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2026, 04:15 AM | 1 min read

കൊച്ചി


ബ്രഹ്മപുരത്ത്‌ വീണ്ടും ആശങ്ക സൃഷ്ടിക്കുന്ന ഗൂഢനീക്കവുമായി യുഡിഎഫ് ഭരണസമിതി. കൗൺസിൽ അറിയാതെ പ്ലാസ്റ്റിക് പൈറോളിസിസ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കമാണ് ആശങ്ക ഉയർത്തിയിരിക്കുന്നത്. ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകുന്നതിനോട് യോജിപ്പില്ലെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് വി എ ശ്രീജിത്ത് മേയർക്ക് കത്ത് നൽകി. വാർഷികപദ്ധതി ഭേദഗതി ലിസ്റ്റിലാണ് പ്ലാസ്റ്റിക്‌ പൈറോളിസിസ്‌ പ്ലാന്റും അനുബന്ധ നിർമാണവും ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്റ് ടൈഡ് ഫണ്ടിൽ ഉപയോഗിച്ചാണ് നിർമാണം. രണ്ടരക്കോടിയാണ് ടൈഡ് ഫണ്ടിനത്തിൽ വകയിരുത്തിയിരിക്കുന്നത്. എന്നാൽ, പദ്ധതി കൗൺസിലിൽ അവതരിപ്പിച്ചിട്ടില്ലെന്നും ഇതേക്കുറിച്ച് യാതൊരറിവുമില്ലെന്നും ശ്രീജിത്ത് കത്തിൽ പറഞ്ഞു. നഗരത്തെയും പരിസരപ്രദേശങ്ങളെയും വിഷപ്പുകയിൽ മുക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്ത ബ്രഹ്മപുരം തീപിടിത്തത്തിലെ പ്രധാന വില്ലൻ അവിടെ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യമായിരുന്നു. എൽഡിഎഫ് നേതൃത്വത്തിലുണ്ടായിരുന്ന കോർപറേഷൻ ഭരണസമിതിയും സർക്കാരും ചേർന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമലകൾ നീക്കി. ബയോമൈനിങ്ങിലൂടെ ബ്രഹ്മപുരത്തെ ഏക്കർകണക്കിന് സ്ഥലം വീണ്ടെടുത്ത്‌ പുതിയ ബ്രഹ്മപുരം സൃഷ്ടിച്ചു. ആ പുതിയ ബ്രഹ്മപുരത്തെ വീണ്ടും പഴയ നിലയിലാക്കാനുള്ള നീക്കമാണ് യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടക്കുന്നത്. അതിന്റെ ഭാഗമാണ് പ്ലാസ്റ്റിക് പൈറോളിസിസ് പ്ലാന്റ്. ബ്രഹ്മപുരം കേന്ദ്രീകരിച്ചുള്ള ഗ‍‍ൂഢനീക്കങ്ങളെ ചെറുക്കുമെന്ന് എൽഡിഎഫ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home