print edition സ്വർണക്കണ്ണിൽ ശ്രീശങ്കർ

എം ശ്രീശങ്കർ
ഗ്ലാസ്‌ഗോ: എല്ലാ കണ്ണുകളും സ്‌കോട്‌ലൻഡ് നഗരമായ ഗ്ലാസ്‌ഗോയിലേക്ക്. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം ലക്ഷ്യമിട്ട് മലയാളി അത്‌ലീറ്റ് എം ശ്രീശങ്കർ ഇറങ്ങുന്നു. ഇന്ന് രാത്രി 11.30നാണ് പുരുഷന്മാരുടെ ലോങ്ജമ്പ് ഫൈനൽ. യോഗ്യതാറൗണ്ടിൽ ഒറ്റച്ചാട്ടത്തിൽ 8.01 മീറ്റർ മറികടന്നാണ് പാലക്കാട്ടുകാരൻ മെഡൽപ്പോരിന് അർഹത നേടിയത്. ഒപ്പം മറ്റൊരിന്ത്യക്കാരൻ ലോകേഷ് സത്യനാഥനുമുണ്ട്.
പൂർണ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നതെന്ന് അഛനും പരിശീലകനുമായ എസ് മുരളി പറഞ്ഞു. ‘ ഇവിടെ തണുത്ത കാലാവസ്ഥയാണ്. നല്ലപോലെ ഒരുങ്ങിയിട്ടുണ്ട്. സ്വർണത്തിൽ കുറഞ്ഞതൊന്നും മനസ്സിലില്ല. ഇന്നത്തെ രാത്രിയിൽ അതുമാത്രം പ്രതീക്ഷിക്കുന്നു’– മുരളി പറഞ്ഞു.
ഫൈനലിൽ 12 പേരാണുള്ളത്. അതിൽ ഒമ്പതുപേരും ഇൗ സീസണിൽ എട്ട് മീറ്റർ താണ്ടിയവരാണ്. സീസണിലെ മികച്ച ദൂരം ശ്രീശങ്കറിന്റെ 8.38 മീറ്ററാണ്. മുമ്പ് 8.69 മീറ്റർ ചാടിയിട്ടുള്ള ജമൈക്കയുടെ തജയ് ഗെയ്‌ൽ വെല്ലുവിളി ഉയർത്തും. ഇൗ സീസണിൽ 8.37 മീറ്റർ കണ്ടെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ലിയം അഡ്‌കോക്കിന്റെ മികച്ച ദൂരം 8.34 മീറ്ററാണ്. ലോകേഷ് സത്യനാഥന്റേത് 8.21 മീറ്റർ.
പരിക്കുമാറി തിരിച്ചെത്തിയ ശ്രീശങ്കറിന്റെ നിലവിലെ ഫോമിലാണ് പ്രതീക്ഷ. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ 8.08 മീറ്റർ ചാടി വെള്ളി നേടിയിട്ടുണ്ട്. കഴിഞ്ഞമാസം ഭുവനേശ്വറിൽ നടന്ന ഇന്റർ സ്‌റ്റേറ്റ് മീറ്റിൽ 8.38 മീറ്റർ കണ്ടെത്താനായി. മൂന്നുവർഷം മുമ്പ് നേടിയ 8.41 മീറ്ററാണ് ഇരുപത്തേഴുകാരന്റെ മികച്ച ദൂരം.
അത്‌ലറ്റിക്‌സിൽ മെഡലിലേക്ക് എത്താൻ ഇന്ത്യക്കാകുന്നില്ല. പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ ടി കെ വിശാൽ സെമിയിലെത്തി. 46.49 സെക്കൻഡിൽ രണ്ടാംസ്ഥാനം. രാജേഷ് രമേഷ് ഹീറ്റ്‌സിൽ മൂന്നാംസ്ഥാനത്തോടെ പുറത്തായി. 110 മീറ്റർ ഹർഡിൽസിൽ തേജസ് ഷിർസെ ഫൈനലിലെത്തിയെങ്കിലും അവസാനസ്ഥാനത്തായി.
നീന്തലിൽ മലയാളിയായ സജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്ളൈ ഫൈനലിൽ എട്ടാമതായി. 50 മീറ്റർ ഹീറ്റ്‌സിൽ അവസാനസ്ഥാനത്താണ്. ശ്രീഹരി നടരാജൻ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ സെമിയിലെത്തി. പാരാ നീന്തലിൽ കാർതിക് ബുദിഗിനയും അലി ഇമാമും ഫൈനലിലെത്തി.
വനിതകളുടെ 54 കിലോഗ്രാം ബോക്‌സിങ്ങിൽ ഇന്ത്യയുടെ പ്രീതി പവാർ മെഡൽ ഉറപ്പിച്ചു.
ക്വാർട്ടറിൽ വടക്കൻ അയർലൻഡിന്റെ നികോൾ ക്ലൈഡിനെ തോൽപ്പിച്ചാണ് സെമിയിലേക്ക് മുന്നേറിയത്. ഭാരോദ്വഹനത്തിൽ നിരുപമ ദേവി സെറം 63 കിലോ വിഭാഗത്തിൽ നിരാശപ്പെടുത്തി. സ്‌നാച്ചിൽ 93 കിലോ ഉയർത്തിയെങ്കിലും ക്ലീൻ ആൻഡ് ജെർക്കിൽ പരാജയപ്പെട്ടു. കാനഡയുശട മൗദി ചരോൺ 232 കിലോഗ്രാം ഉയർത്തി സ്വർണം നേടി.ഷോട്ട്‌പുട്ടിൽ മൻപ്രീത് കൗറും രജീനദർപാൽ സിങ് ടൂറും ഇന്നിറങ്ങും.










0 comments