ചെറുവണ്ണൂർ മേൽപ്പാലം നിർമാണം ഇഴയുന്നു

നിർമാണം മന്ദഗതിയിലായ ചെറുവണ്ണൂർ മേൽപ്പാലം
ഫറോക്ക് ചെറുവണ്ണൂരിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ പ്രവൃത്തി സംസ്ഥാനത്ത് ഭരണമാറ്റത്തോടെ മന്ദഗതിയിലായി. മൂന്നുമാസമായി പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അതിവേഗത്തിൽ നടന്ന നിർമാണം സ്‌തംഭിച്ച അവസ്ഥയിലാണ്. കോഴിക്കോട് നഗരത്തിലെയും ചെറുവണ്ണൂർ മേഖലയിലെയും ഗതാഗതക്കുരുക്കിന് പരിഹാരമായി സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 89.5 കോടി രൂപ അനുവദിച്ചത്. കഴിഞ്ഞ വർഷം മെയ് 18ന് നിർമാണം തുടങ്ങി. പില്ലറുകൾ, പില്ലർ ക്യാപ്പുകൾ, ഗർഡർ, സ്ലാബ് എന്നിവയുടെ നിർമാണം പൂർത്തിയായി. ഡ്രെയ്നേജ്, കേബിൾ ഡക്ട് എന്നിവയുടെ പണി അവസാന ഘട്ടത്തിലാണ്. 84 ഗർഡറുകളിൽ 26 എണ്ണവും 15 തൂണുകളെ ബന്ധിപ്പിക്കുന്ന 13 സ്ലാബുകളും ഇനിയും നിർമിക്കാനുണ്ട്. ഇതോടൊപ്പം ഇരുവശത്തേയും സർവീസ് റോഡുകളും കുറ്റമറ്റ രീതിയിലാക്കി സൂചകങ്ങളും വെളിച്ച സംവിധാനവും ഏർപ്പെടുത്തി മേൽപ്പാലം തുറന്നുകൊടുക്കാനാകണമെങ്കിൽ മാസങ്ങളെടുക്കും. പ്രവൃത്തി വൈകുന്നത് സ്ഥലം എംഎൽഎയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ചിരുന്നു. രണ്ടാഴ്ചക്കകം മേൽപ്പാലം പണി പൂർത്തിയാകുമെന്നാണ് മന്ത്രി പി കെ ബഷീർ മറുപടി നൽകിയത്. 50 ശതമാനം മാത്രം പൂർത്തിയായ മേൽപ്പാലം പ്രവൃത്തിയുടെ അവലോകനംപോലും കൃത്യമായി നടത്താതെയാണ് മന്ത്രിയുടെ പ്രഖ്യാപനം.










0 comments