ഒഴിവുണ്ട് ഡോക്‌ടറും നഴ്‌സും ഇല്ല

ആലപ്പുഴ
പനിച്ചൂടിൽ വെന്തുരുകി രോഗങ്ങൾ പടർന്നുപിടിക്കുമ്പോള്‍ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വേണ്ടത്ര ഡോക്‌ടറും നഴ്‌സും ഇല്ല. ഡോക്‌ടർമാരും ജീവനക്കാരുമില്ലാത്തത് രോഗികളെ വലയ്‌ക്കുന്നു. മെഡിക്കൽ കോളേജിൽ ഉൾപ്പെടെ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്‌ത 51 ഡോക്‌ടര്‍മാരുടെയും 40 നഴ്‌സുമാരുടെയും തസ്‌തികയാണ് ഒഴിഞ്ഞുകിടക്കുന്നത്. ആരോഗ്യവകുപ്പിൽ 32ഉം മെഡിക്കൽ കോളേജിൽ എട്ട് നഴ്‌സുമാരുടെ തസ്‌തികയും സർക്കാർ നികത്തിയിട്ടില്ല. സിവിൽ സര്‍ജന്‍മാരുടെ മൂന്നും അസിസ്‌റ്റന്റ് സര്‍ജന്മാരുടെ 15 ഉം ഒഴിവുണ്ട്. ഓര്‍ത്തോ വിഭാഗം – രണ്ട്, സര്‍ജറി – രണ്ട്, പീഡിയാട്രി – മൂന്ന്, അനസ്‍തേഷ്യ – നാല്, ഗൈനക്കോളജി – ആറ്, ഇഎൻടി – മൂന്ന്, മെഡിസിൻ – രണ്ട്, ഡെര്‍മറ്റോളജി –ഒന്ന്, കാര്‍ഡിയോളജി – രണ്ട്, നെഫ്രോളജി – ഒന്ന്, ന്യൂറോ – ഒന്ന്, യൂറോളജി – ഒന്ന് എന്നിങ്ങനെ 28 കൺസൽട്ടൻമാരുടെയും ഒഴിവുണ്ട്. റേഡിയോ തെറാപ്പിയിലും ഒഫ്താൽമോളജിയിലും ഒന്നുവീതം ജൂനിയര്‍ കൺസൽട്ടന്റുമാരുടെയും തസ്‍തികയിൽ ആളില്ല. അസിസ്‌റ്റന്റ് ഡിഎച്ച്എസ് തസ്‍തികയിൽ മൂന്ന് ഒഴിവുമുണ്ട്. സംസ്ഥാനത്താകെ വിവിധ തലങ്ങളിലായി 799 ഡോക്‌ടർമാരുടെ തസ്‌തികകളാണ് നികത്താനുള്ളത്. പൊതുജനാരോഗ്യ മേഖലയുടെ പ്രവർത്തനം താളംതെറ്റിക്കുന്ന സമീപനമാണിതെന്ന് ജീവനക്കാരുടെ സംഘടനകളും പറയുന്നു. ആരോഗ്യവകുപ്പിൽ സ്‌റ്റാഫ് നഴ്സ് ഗ്രേഡ് രണ്ടിൽ 2024 ഡിസംബറിൽ നടത്തിയ പരീക്ഷപ്രകാരം 90 പേരുടെ മെയിൻ ലിസ്‌റ്റാണ് ജില്ലയിൽ പ്രസിദ്ധീകരിച്ചത്. എൽഡിഎ-ഫ് സർക്കാരിന്റെ കാലത്ത് ജീവനക്കാർക്ക് പ്രൊമോഷൻ ഉൾപ്പടെ നൽകിയതോടെ ഒഴിവുകളുടെ എണ്ണം വർധിച്ചു. ഇതോടെ സപ്ലിമെന്ററി ലിസ്‌റ്റിൽനിന്നുൾപ്പെടെ 105 പേർക്ക് നിയമനം നൽകി. മെയിൻ ലിസ്‌റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമനം ലഭിച്ചതോടെയാണ് റാങ്ക് പട്ടിക പിഎസ്‌സി പിൻവലിച്ചത്. കൃത്യസമയത്ത് സ്ഥാനക്കയറ്റം നൽകാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്തതാണ് നിലവിൽ ഒഴിവുകൾ നികത്താൻ തടസം. പിഎസ്‌സി ശുപാർശ ലഭിച്ച ഉദ്യോഗാർഥികൾക്കുപോലും ജോലിയിൽ പ്രവേശിക്കാനാകാത്ത അവസ്ഥയാണ്. സ്ഥാനക്കയറ്റത്തിനായി ഡോക്‌ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക എച്ച്ആർ സെല്ലിന് രൂപംനൽകിയിട്ടുണ്ട്. എന്നാൽ ഇൗഅഞ്ചംഗ സമിതി പ്രവർത്തനം പൂർത്തിയാക്കി നടപടിയിലേക്ക് കടക്കാൻ ഡിസംബറെങ്കിലും ആകുമെന്നാണ് നിഗമനം. ജില്ലയാകെ പകർച്ചവ്യാധികളും രോഗങ്ങളും പടർന്നുപിടിക്കുമ്പോഴാണ് നിയമനത്തിലെ മെല്ലെപ്പോക്ക്.









0 comments