കായലിൽ കുരുക്കായി പ്രളയാവശിഷ്ടങ്ങൾ
തടിയിലിടിച്ച് 5 ബോട്ട് മുടങ്ങി

ആലപ്പുഴ
വേമ്പനാട് കായലിൽ പ്രളയത്തോടൊപ്പം ഒഴുകിയെത്തിയ തടി മാലിന്യങ്ങൾ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകൾക്ക് ഭീഷണിയായി. കായലിൽ ഒഴുകുന്ന മരത്തടികളിലും മറ്റ് മാലിന്യങ്ങളിലും ബോട്ടുകൾ ഇടിച്ച് പ്രൊപ്പല്ലർ, റഡാർ ഉൾപ്പെടെ യന്ത്രഭാഗങ്ങൾക്ക് തകരാർ സംഭവിച്ച് സർവീസുകൾ മുടങ്ങുന്നു. ചൊവ്വാഴ്ച മാത്രം അഞ്ചോളം സർവീസുകൾ മുടങ്ങി. വൈക്കം, കാവാലം, നെടുമുടി സർവീസുകളെയാണ് പ്രധാനമായും ബാധിച്ചത്. സീ കുട്ടനാട് ടൂറിസം ബോട്ടുയാത്രയും തടസ്സപ്പെട്ടു. ബോട്ടിന്റെ അടിഭാഗത്ത് ഘടിപ്പിച്ച പ്രൊപ്പല്ലറിലാണ് ഒഴുകിയെത്തുന്ന തടികൾ ആദ്യം ഇടിക്കുന്നത്. പ്രൊപ്പല്ലറിന്റെ ബ്ലേഡുകൾക്ക് വളവ് സംഭവിക്കുകയോ പൊട്ടുകയോ ചെയ്യുന്നതിനൊപ്പം ഷാഫ്റ്റിന് കേടുപാടുണ്ടാകാനും സാധ്യതയുണ്ട്. പ്രൊപ്പല്ലറിന്റെ പ്രവർത്തനത്തിലെ ചെറിയ വ്യതിയാനം പോലും ബോട്ടിന്റെ വേഗതയെയും നിയന്ത്രണക്ഷമതയെയും ബാധിക്കും. ബോട്ടിന്റെ ദിശ നിയന്ത്രിക്കുന്ന റഡാറിനും തടിയിടിച്ച് തകരാറുണ്ടാകുന്നുണ്ട്. തകരാർ സംഭവിച്ച ബോട്ട് കരയ്ക്കെത്തിച്ച് പരിശോധനയും അറ്റകുറ്റപ്പണിയും പൂർത്തിയാക്കിയ ശേഷമേ വീണ്ടും സർവീസിനിറക്കാനാകൂ. പ്രധാന യന്ത്രഭാഗങ്ങൾക്ക് കേടുപാടുണ്ടായാൽ നന്നാക്കി ഇറക്കാൻ കൂടുതൽ സമയമെടുക്കും. സർവീസ് മുടങ്ങുന്നത് യാത്രക്കാരെയും വിദ്യാർഥികളെയും ഉൾപ്പെടെ കായൽ ഗതാഗതത്തെ ആശ്രയിക്കുന്നവരെയാണ് നേരിട്ട് ബാധിക്കുന്നത്.









0 comments