അതിജീവനമാണ് "ഹോം ഷോപ്പ്'

കുടുംബശ്രീ ഹോം ഷോപ്പിന്റെ പേരാമ്പ്ര കൈതക്കലിലെ ഉൽപ്പാദന യൂണിറ്റ്
അനഘ പ്രകാശ് കോഴിക്കോട് "ഇടത് കൈയിലെ എല്ലിൽ അര്‍ബുദം ബാധിച്ചിട്ട് വര്‍ഷം പത്തായി. ഭാരമെടുക്കാൻ പാടില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഹോം ഷോപ്പ് പ്രവര്‍ത്തനമാണ് ജീവിതത്തിലെ ഏക പിടിവള്ളിയും സന്തോഷവും. അത് ഒഴിവാക്കാൻമാത്രം പറയരുതെന്ന് പറഞ്ഞ് ഡോക്ടറോട് സമ്മതംവാങ്ങുകയായിരുന്നു. പുറത്തിറങ്ങി എന്തെങ്കിലുമൊക്കെ ചെയ്താൽത്തന്നെ മനസ്സിനൊരു സുഖമാണ്. ഓരോവീട്ടിലും മായംകലരാത്ത, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുമ്പോൾ വല്ലാത്ത സംതൃപ്തിയും. രാവിലെ ഏഴിന് വീട്ടിൽനിന്നിറങ്ങും. ഒരുദിവസം ഇരുപതോളം വീടുകളിൽ പോകും. ഹോം ഷോപ്പിൽ സജീവമായതിനാൽ രോഗത്തിന്റെ വേദനയുമറിയുന്നില്ല', 15 വര്‍ഷമായി ഹോം ഷോപ്പിൽ പ്രവര്‍ത്തിക്കുന്ന താഴെകുനിയിൽ ശാന്തയുടെ വാക്കുകളാണിത്. കുടുംബശ്രീ വഴി അറിഞ്ഞാണ് തിക്കോടി സ്വദേശിയായ ശാന്ത വിപണന രംഗത്തെത്തുന്നത്. യൂണിറ്റുകളിൽ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾ പ്രദേശത്തെ വീടുകളിലെത്തിക്കുന്ന ഹോം ഷോപ്പ് ഉടമയാണ് ഈ 62കാരി. ചെറിയൊരു വരുമാനത്തിനായി തുടങ്ങിയ തൊഴിൽ ഇന്ന് കുടുംബത്തിന്റെ ഉപജീവനമാര്‍ഗമാണ്. കൂലിപ്പണിയെടുത്തിരുന്ന ഭർത്താവ് ബാലകൃഷ്ണന് ഹൃദയാഘാതം വന്നതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. തുടർന്നാണ് ശാന്ത ഹോം ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. സഹായിയായി ബാലകൃഷ്ണനും ഒപ്പംചേർന്നു. ഇതിനിടയിൽ ബാലകൃഷ്ണൻ പക്ഷാഘാതംവന്ന് കിടപ്പിലായി. വെല്ലുവിളികളെ മനോധൈര്യംകൊണ്ട് നേരിട്ട ശാന്തയ്ക്കുമുന്നിൽ ഒടുവിൽ അര്‍ബുദവും തോറ്റു. ജോലി ആരംഭിച്ചതുമുതൽ മേലടി ബ്ലോക്കിലെ മികച്ച ഹോം ഷോപ്പ് ഉടമയ്‌ക്കുള്ള സമ്മാനം ശാന്തയ്‌ക്കാണ്. തുടര്‍ച്ചയായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള സ്പെഷ്യൽ കിറ്റും വര്‍ഷങ്ങളായി ലഭിക്കുന്നുണ്ട്. പ്രതിസന്ധികൾക്കിടയിലും മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാമല്ലോയെന്ന സന്തോഷത്തോടെയാണ് ഈ പെൺകരുത്ത് വെല്ലുവിളികളെ അതിജീവിക്കുന്നത്.










0 comments