ഒന്നര മണിക്കൂർ പരിശ്രമത്തിനുശേഷം രക്ഷിച്ചു
നിർമാണത്തിനിടെ സുരക്ഷാഭിത്തി തകർന്ന് 3 തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു

ചെറുവത്തൂർ
ചെറുവത്തൂർ കൊത്തങ്കരയിൽ വീടിന്റെ സുരക്ഷാ ഭിത്തി നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്ന് തൊഴിലാളികൾ അടിയിൽപെട്ടു. ഒന്നര മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിനു ശേഷം മൂന്നുപേരെയും പുറത്തെടുത്ത് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. നിർമാണ തൊഴിലാളികളായ കരിവെള്ളൂരിലെ അശോകൻ (52), മാണിയാട്ടെ അശോകൻ (45), കുണിയനിലെ വിജേഷ് (45) എന്നിവർക്കാണ് പരിക്കേറ്റത്. ചെറുവത്തൂർ – കയ്യൂർ റോഡിന് സമീപത്ത് ചൊവ്വ പകൽ 12.30 ഓടെയാണ് സംഭവം. പൊതാവൂരിലെ ടി വി കൃഷ്‌ണൻ കൊത്തങ്കരയിൽ നിർമിക്കുന്ന വീടിന്റെ സുരക്ഷാ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടം. റോഡിൽനിന്നും ഏകദേശം പത്തടി താഴ്‌ചയിലാണ് വീട് നിർമിക്കുന്നത്. റോഡിനോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞ് വീഴാതിരിക്കാനാണ് സുരക്ഷാ ഭിത്തി നിർമിക്കുന്നത്. ആറ് തൊഴിലാളികളാണ് ജോലിയിൽ ഉണ്ടായിരുന്നത്. കല്ലും റോഡിനോട് ചേർന്ന് നിൽക്കുന്ന മണ്ണും ഇടിഞ്ഞ് താഴെ ഭിത്തി പണിയുകയായിരുന്ന തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. ഇവരുടെ പകുതിയോളം ശരീരം മണ്ണിനടിയിലായി. മറ്റ് തൊഴിലാളികളായ എ രവി, ചന്തേരയിലെ കുമാരൻ, ഇതര സംസ്ഥാന തൊഴിലാളി റൂബി എന്നിവർ കുറച്ച് മാറിയായിരുന്നു ഉണ്ടായിരുന്നത്. ഇവർ അപകടത്തിൽനിന്നും രക്ഷപ്പെട്ടു. വീടിന്റെ നിലംപണിചെയ്യുന്ന തൊഴിലാളികളും മറ്റുള്ളവരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. നാട്ടുകാരും ചെറുവത്തൂരിലെ ചുമട്ടുതൊഴിലാളികളും തൃക്കരിപ്പൂർ, കയ്യൂർ എന്നിവിടങ്ങളിൽനിന്നും അഗ്നിരക്ഷാ സേനയും പൊലീസും എത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഭിത്തിയുടെ ഒരു ഭാഗം മാത്രമാണ് ഇടിഞ്ഞത്. സന്ദീപ് വാര്യർ എംഎൽഎ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീനാകുമാരി, വൈസ് പ്രസിഡന്റ് കെ രാജു, പഞ്ചായത്ത് പ്രസിഡന്റ് ടി നാരായണൻ, സിപിഐ എം നേതാക്കളായ പി ജനാർദനൻ, കെ ബാലകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി. മൂന്ന് മാസം മുമ്പും മണ്ണിടിഞ്ഞു അപകടം നടന്ന സ്ഥലത്ത് മൂന്ന് മാസം മുമ്പും മണ്ണിടിഞ്ഞിരുന്നു. തുടർന്ന് നാട്ടുകാർ റോഡിന് വശത്തായി അപകട മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നു. ഇൗ റോഡിന് പത്തടിയോളം താഴെയാണ് വീട് നിർമിക്കുന്നത്. നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകളിലേക്ക് മണ്ണിടിയാതിരിക്കാനാണ് സുരക്ഷാ ഭിത്തി നിർമിക്കാൻ ഉടമ ഒരുങ്ങിയത്. എന്നാൽ രണ്ട് ദിവസമായിപെയ്യുന്ന മഴയിൽ മണ്ണ് കുളിർത്ത നിലയിലായിരുന്നു.









0 comments