print edition സ്വർണച്ചാട്ടത്തിന് ശ്രീശങ്കർ

ഗ്ലാസ്‌ഗോ: മഴയും തണുപ്പുമൊന്നും ശ്രീശങ്കറിന്റെ ദൃഢനിശ്‌ചയത്തെ ബാധിച്ചില്ല. പുരുഷന്മാരുടെ ലോങ്ജന്പ് യോഗ്യതാറൗണ്ടിൽ ഒറ്റച്ചാട്ടത്തിന് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. 8.01 മീറ്ററാണ് മലയാളിതാരം താണ്ടിയത്. ഫൈനലിലെത്താനുള്ള യോഗ്യതാദൂരം എട്ട് മീറ്ററായിരുന്നു. ഇന്ത്യയുടെ ലോകേഷ് സത്യനാഥനും (7.77 മീറ്റർ) ഫൈനലിൽ കടന്നു. നാളെ രാത്രി 11.30നാണ് മെഡൽ പോരാട്ടം.
രണ്ട് ഗ്രൂപ്പിലായി 20 ചാട്ടക്കാരാണ് മത്സരിച്ചത്. എ ഗ്രൂപ്പിൽ എം ശ്രീശങ്കറിന് മാത്രമാണ് യോഗ്യതാദൂരം മറികടക്കാനായത്. ബി ഗ്രൂപ്പിൽ ജമൈക്കയുടെ തജയ് ഗെയ്‌ലും (8.10 മീറ്റർ) സെന്റ്‌വിൻസന്റ് ദ്വീപിലെ ഉറോയ് റിയാനും (8.04 മീറ്റർ) നേരിട്ട് യോഗ്യത നേടി. ഇൗ ഗ്രൂപ്പിലായിരുന്ന ലോകേഷിന്റെ ആദ്യ ചാട്ടമാണ് 7.77 മീറ്റർ. അടുത്ത രണ്ടും ഫൗളായി.
12 പേർക്കാണ് ഫൈനലിലേക്ക് യോഗ്യത. മൂന്ന് പേർ യോഗ്യതാദൂരം കണ്ടെത്തിയപ്പോൾ ബാക്കി ഒമ്പതുപേർ മികച്ച ചാട്ടത്തിന്റെ അടിസ്ഥാനത്തിൽ മുന്നേറി. പരിക്കുമാറി തിരിച്ചെത്തിയ ശ്രീശങ്കർ ഇൗ സീസണിൽ മികച്ച ഫോമിലാണ്. ജൂണിൽ ഭുവനേശ്വറിൽ നടന്ന ഇന്റർ സ്‌റ്റേറ്റ് മീറ്റിൽ 8.38 മീറ്റർ ചാടിയിരുന്നു. മൂന്ന് വർഷം മുമ്പത്തെ 8.41 മീറ്ററാണ് മികച്ചത്.
2022 കോമൺവെൽത്ത് ഗെയിംസിൽ പാലക്കാട്ടുകാരന് വെള്ളിയുണ്ട്. അന്ന് 8.08 മീറ്ററാണ് മറികടന്നത്. ഇക്കുറി സ്വർണം പ്രതീക്ഷിക്കുന്നതായി അച്ഛനും പരിശീലകനുമായ എസ് മുരളി പറഞ്ഞു. ‘ യോഗ്യതാറൗണ്ടിൽ സുരക്ഷിതമായാണ് ചാടിയത്. മഴയും തണുപ്പുമുണ്ടായിരുന്നു. ഫൈനലിൽ നല്ല പ്രതീക്ഷയുണ്ട്’– മുരളി പറഞ്ഞു.
ബംഗളൂരു സ്വദേശിയായ ലോകേഷ് സത്യനാഥന്റെ മികച്ച ദൂരം 8.21 മീറ്ററാണ്. 2019 ദക്ഷിണേഷ്യൻ ഗെയിംസിൽ ഇരുപത്താറുകാരന് സ്വർണമുണ്ട്.










0 comments