പച്ചക്കറിക്ക് "തീവില'


സ്വന്തം ലേഖകൻ
Published on Jul 28, 2026, 02:40 AM | 1 min read
കൊച്ചി
അവശ്യസാധനങ്ങൾക്കൊപ്പം പച്ചക്കറിവിലയും കുതിച്ചുയരുന്നു. പോക്കറ്റ് കാലിയാക്കുന്ന അനിയന്ത്രിതമായ വിലക്കയറ്റത്തിൽ വിഷമിക്കുകയാണ് ജനം. ക്യാരറ്റ്, ബീൻസ്, ചെറിയ ഉള്ളി എന്നിവയ്ക്ക് ഇരട്ടി വിലയായപ്പോൾ ഇഞ്ചിക്ക് മൂന്നിരട്ടി കടന്നു. ഇതോടെ ഓണാഘോഷം നിറംമങ്ങുമെന്ന ആശങ്കയും ഉയർന്നു. കിലോയ്‌ക്ക് 70 മുതൽ 80 രൂപവരെയാണ് ക്യാരറ്റിനും ബീൻസിനും. മുന്പ് 35 മുതൽ 45 വരെയായിരുന്നു. ചെറിയ ഉള്ളിക്ക് വില 36–40 രൂപവരെ ആയിരുന്നത് 80 രൂപയിലെത്തി. വില കൂടിയും കുറഞ്ഞും പരീക്ഷിക്കുകയാണ് ഇഞ്ചി. നിലവിൽ 140 രൂപയാണ്. മാങ്ങ–100, ബീറ്റ്‌റൂട്ട്–80, കാബേജ്– 40 എന്നിവയ്ക്കും തീവിലയാണ്. ചില്ലറ വിൽപനശാലകളിൽ വില അഞ്ചുമുതൽ പത്തു രൂപവരെ വീണ്ടും ഉയരും. ബീറ്റ്‌റൂട്ട്–60, കാബേജ്–30–35 എന്നിങ്ങനെയായിരുന്നു പഴയവില. 40 രൂപയിൽ താഴെയായിരുന്ന നാടൻ ഏത്തക്കായയ്ക്കും വില അന്പത് കടന്നു.
ഓണക്കാലമായതിനാൽ ഏത്തക്കായയ്ക്ക് ആവശ്യക്കാർ ഏറുന്നതോടെ വില ഇനിയും കൂടുമെന്ന് വ്യാപാരികൾ പറയുന്നു. മറ്റു പച്ചക്കറികളുടെയും സ്ഥിതി വ്യത്യസ്തമല്ല.
ഓണമാകാറായിട്ടും കർഷകരിൽനിന്ന് പച്ചക്കറി സംഭരിച്ച് കുറഞ്ഞവിലയ്ക്ക് വിൽപ്പന നടത്തി വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ തയ്യാറാകുന്നില്ല. കേരളത്തിലേക്ക് കൂടുതൽ പച്ചക്കറികൾ എത്തുന്ന തമിഴ്‌നാട്, കർണാടകം സംസ്ഥാനങ്ങളിൽ മഴകുറഞ്ഞതും ഇരുട്ടടിയായി. കുടുംബബജറ്റ് താളംതെറ്റിച്ച് അവശ്യസാധനങ്ങൾക്കും വില കുതിച്ചുയരുകയാണ്. അരി ഉൾപ്പെടെയുള്ള പലചരക്കുസാധനങ്ങൾക്ക് വൻതോതിൽ വില വർധിച്ചു.
പൊതുവിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിർത്തിയില്ലെങ്കിൽ ഓണത്തിന് സാധനങ്ങൾക്ക് പൊള്ളുന്ന വിലയാകും. മുൻകാലങ്ങളിൽ സർക്കാർ വിൽപ്പനശാലകളിലൂടെ സബ്‌സിഡി നിരക്കിൽ അവശ്യസാധനങ്ങൾ എത്തിച്ചാണ് വിലക്കയറ്റം നിയന്ത്രിച്ചിരുന്നത്. എന്നാൽ, വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ വിപണിയിൽ ഇടപെടുന്നില്ല.










0 comments