ad
Deshabhimani

സ്‌കൂൾ പാചകത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2026, 03:00 AM | 1 min read

കാസർകോട്‌ സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്‌റ്റ്‌ ഒന്നിന്‌ കാസർകോട്‌ ഡിഡിഇ ഓഫീസിന്‌ മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. അധ്യയന വർഷം ആരംഭിച്ച്‌ രണ്ടു മാസം പൂർത്തിയാകുമ്പോൾ ജൂൺ മാസത്തിലെ വേതനംപോലും തൊഴിലാളികൾക്ക്‌ ലഭിച്ചിട്ടില്ല. ആകെ ലഭിച്ചത്‌ ഏപ്രിൽ, മെയ്‌ അവധിക്കാല ആശ്വാസമായ 4000 രൂപ മാത്രമാണ്‌. പ്രതിദിനം 650 രൂപയാണ്‌ വേതനം. സർക്കാർ മാനദണ്ഡമനുസരിച്ച്‌ 500 വിദ്യാർഥികൾക്ക്‌ ഒരു പാചകത്തൊഴിലാളി എന്നതാണ്‌ കണക്ക്‌. ഇത്രയും കുട്ടികൾ ഉണ്ടാകുമ്പോൾ ഒരു തൊഴിലാളിയെക്കൊണ്ട്‌ മാത്രം ജോലി പൂർത്തീകരിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ പാചക തൊഴിലാളിക്ക്‌ സഹായികളെ ആവശ്യമായി വരും. ഇവർക്കുള്ള കൂലിയും തൊഴിലാളികളുടെ വേതനത്തിൽ നിന്നും കൊടുക്കേണ്ട അവസ്ഥയാണ്‌. ഇതോടെ ഇവരുടെ വരുമാനം പകുതിയായി കുറയും. പാചക തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാണിച്ച്‌ സിഐടിയുവിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല. ശമ്പള കുടിശ്ശിക ഉടൻ ലഭ്യമാക്കുക, സാമൂഹിക സുരക്ഷ ഉറപ്പാക്കുക, അധ്വാനം കുറക്കാനായി 300 കുട്ടികൾക്ക്‌ ഒരു പാചകത്തൊഴിലാളി എന്ന രീതിയിൽ ക്രമീകരിക്കുക, പ്രതിമാസ വേതനം അഞ്ചാം തീയതിക്കകം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. സമരത്തിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന്‌ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി വി സവിത, സെക്രട്ടറി പി കമലാക്ഷൻ എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home