ad
Deshabhimani

print edition ഇടതുപക്ഷ 
നേതാക്കൾക്കുനേരെ അപവാദ
പ്രചാരണവുമായി ഓർഗനെെസർ

cpm.
വെബ് ഡെസ്ക്

Published on Jul 28, 2026, 02:37 AM | 1 min read

ന്യൂഡൽഹി: ജന്തർ മന്തർ പ്രക്ഷോഭത്തിന്‌ ഉ‍ൗർജംപകർന്ന നേതാക്കൾക്കുനേരെ അപവാദപ്രചാരണവുമായി ആർഎസ്‌എസ്‌ മുഖവാരിക ഓർഗനൈസർ. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, രാജ്യസഭാ കക്ഷി നേതാവ്‌ ജോൺ ബ്രിട്ടാസ്‌,‍ എസ്‌എഫ്‌ഐ പ്രസിഡന്റ്‌ ആദർശ്‌ എം സജി, ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌ തുടങ്ങിയവർക്കുനേരെയാണ്‌ നുണപ്രചാരണം. ഇന്ത്യയിലെ ചൈനാ സ്ഥാനപതി സ‍ൂ ഫെയ്‌ഹോങ്ങും എം എ ബേബിയും ആദർശും ഐഷിയും ഒന്നിച്ചുനിൽക്കുന്ന ചിത്രമുപയോഗിച്ചാണ്‌ വ്യാജപ്രചാരണം.


‘ജന്തർമന്തർ പ്രക്ഷോഭത്തിൽ സജീവമായിരുന്ന എസ്‌എഫ്‌ഐ നേതാക്കൾ ചൈന എംബസിയിൽപോയി നിർദേശങ്ങൾ സ്വീകരിച്ചശേഷം മോദി സർക്കാരിനെതിരായ പ്രക്ഷോഭം തീവ്രമാക്കി’യെന്നാണ്‌ ഓർഗനൈസർ പ്രചരിപ്പിച്ചത്‌. സിപിഐ എം നേതാക്കൾ നിരന്തരം ചൈന സന്ദർശിക്കാറുണ്ടെന്നും സമ്മാനങ്ങളുമായാണ്‌ മടങ്ങുന്നതെന്നുമാണ്‌ ആക്ഷേപം. എസ്‌എ-ഫ്‌ഐ നേതാക്കളെ എലികളെന്നും കീടങ്ങളെന്നും വിശേഷിപ്പിക്കുന്നുമുണ്ട്. എംബസിയിൽ എന്തൊക്കെ ചർച്ചചെയ്‌തെന്ന്‌ കേന്ദ്രഏജൻസികൾ അന്വേഷിക്കണമെന്നും നിർദേശിക്കുന്നു.

സമരവേദിയിൽ ഐക്യദാർഢ്യവുമായെത്തിയ പ്രതിപക്ഷ നേതാക്കളെ അപഹസിക്കുന്ന ലേഖനത്തിലാണ്‌ ബ്രിട്ടാസിനെതിരായ പരാമർശം. ‘ബ്രിട്ടാസിനെപോലുള്ള വിവാദനേതാക്കളാണ്‌ സമരക്കാർക്ക്‌ പിന്തുണയുമായി എത്തിയതെ’ന്ന്‌ ഓർഗനൈസർ പറയുന്നു. സമരപ്പന്തൽ സന്ദർശിച്ച 11 ‘വിവാദ’ നേതാക്കളുടെ പട്ടികയിൽ ബ്രിട്ടാസിനൊപ്പം സോനം വാങ്‌ചുക്, അരുന്ധതി റോയ്‌, എഎപി എംപി സഞ്‌ജയ്‌ സിങ്‌, ടിഎംസി നേതാക്കളായ മഹുവാ മൊയ്‌ത്ര, സാഗരിക ഘോഷ്‌, സാമൂഹ്യപ്രവർത്തകൻ യോഗേന്ദ്ര യാദവ്‌, അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ എന്നിവരും സംയുക്ത കിസാൻമോർച്ച നേതാക്കളുമുണ്ട്‌.


ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി രൂപീകരണത്തിന്റെ 105–ാം വാർഷികവുമായി ബന്ധപ്പെട്ട്‌ ഡൽഹിയിലെ എംബസി സംഘടിപ്പിച്ച സെമിനാറിൽ സിപിഐ എം പ്രതിനിധിസംഘം പങ്കെടുത്തതിനെയാണ്‌ ഓർഗനൈസർ വിവാദമാക്കിയത്‌. ജൂലൈ ഒമ്പതിന്‌ നടന്ന സെമിനാറിൽ വിവിധ രാഷ്‌ട്രീയ പാർടികളുടെ പ്രതിനിധികളും മാധ്യമപ്രവർത്തകരും അക്കാദമിക് പണ്ഡിതരുമെല്ലാം പങ്കെടുത്തിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home