സ്വകാര്യ ഭൂമിയിലേക്ക് മലിനജലം: തഹസിൽദാരുടെ വാഹനം ജപ്തിചെയ്തു

കോടതി ജപ്തി ചെയ്ത കുന്നത്തുനാട് തഹസിൽദാരുടെ ബൊലോറൊ

സ്വന്തം ലേഖകൻ
Published on Jul 28, 2026, 02:49 AM | 1 min read
പെരുമ്പാവൂർ
സ്വകാര്യ ഭൂമിയിലേക്ക് കാനയിലെ മലിനജലം ഒഴുക്കിവിട്ടത് ചോദ്യംചെയ്‌ത് പിഡബ്ല്യുഡിക്കെതിരെ സമർപ്പിച്ച കേസിൽ കോടതിവിധി നടപ്പാക്കാത്തതിനെ തുടർന്ന് കുന്നത്തുനാട് താലൂക്ക് ഓഫീസിലെ വാഹനം ജപ്തി ചെയ്തു. എടത്തല പറയത്ത് വീട്ടിൽ മാലതി സമർപ്പിച്ച എക്‌സിക്യൂഷൻ ഹർജിയിലാണ് പെരുമ്പാവൂർ മുൻസിഫ് കോടതി സിവിൽ ജഡ്ജ് സുമി ചന്ദ്രന്റെ ഉത്തരവ്. തഹസിൽദാരുടെ ബൊലേറൊ ആണ് ജപ്തി ചെയ്തത്.
തിങ്കൾ പകൽ 11നായിരുന്നു ജപ്‌തിനടപടി. പിഡബ്ല്യുഡി റോഡ് നിർമാണത്തിലെ അപാകം കാരണം എംസി റോഡിൽ പുല്ലുവഴി പി കെ വി സ്മാരക ഓഡിറ്റോറിയത്തിനുസമീപമുള്ള പുരയിടത്തിലേക്ക് മാലിന്യവും വെള്ളവും ഒഴുകിയെത്തുന്നത് തടയണമെന്ന കോടതിവിധിയും തുടർനിർദേശങ്ങളും തുടർച്ചയായി ലംഘിച്ചതിന് സർക്കാരിനും പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കുമെതിരെയുള്ള നടപടിയുടെ ഭാഗമായാണ് ജപ്‌തി.
കലക്ടർ, കെഎസ്‌ടിപി മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എൻജിനീയർ, പിഡബ്ല്യുഡി റോഡ് വിഭാഗം മൂവാറ്റുപുഴ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, പെരുമ്പാവൂർ റോഡ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്കെതിരെയായിരുന്നു കേസ്. വാഹനം കോടതിവളപ്പിൽ പാർക്ക് ചെയ്തിട്ടുണ്ട്.










0 comments