കൊച്ചി നഗരത്തെ വഞ്ചിച്ച് കോർപറേഷൻ
വെട്ടിക്കുറച്ച പദ്ധതിവിഹിതം നൽകണമെന്ന പ്രമേയം തള്ളി

കൊച്ചി
കൊച്ചി നഗരത്തെയും നഗരവാസികളെയും വഞ്ചിച്ച് കോർപറേഷൻ യുഡിഎഫ് ഭരണസമിതി. വെട്ടിക്കുറച്ച പദ്ധതിവിഹിതം സംസ്ഥാന സർക്കാർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള എൽഡിഎഫ് പ്രമേയം ഭരണസമിതി തള്ളി. ഇതോടെ നഗരവികസനവും ക്ഷേമവും പ്രതിസന്ധിയിലാകുമെന്ന് ഉറപ്പായി. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരും ഭിന്നശേഷി കുട്ടികളും പട്ടികജാതി, വർഗ, പിന്നാക്ക വിഭാഗങ്ങളും പ്രയാസത്തിലാകും.
കെ ജെ ബെയ്‌സിലാണ് പ്രമേയം അവതരിപ്പിച്ചത്. 133.34 കോടിയിൽനിന്ന് 23.67 കോടിയായി വികസന ഫണ്ട് (പൊതുവിഭാഗം) യുഡിഎഫ് സർക്കാർ വെട്ടിക്കുറച്ചെന്നും 109.66 കോടിയുടെ കുറവാണ് വരുത്തിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇതോടെ നഗരത്തിന്റെ വികസനം സ്‌തംഭിക്കുമെന്നും ഇതൊഴിവാക്കാൻ അർഹമായ പദ്ധതിവിഹിതം സർക്കാർ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. കുറവ് വരുത്തിയിട്ടുണ്ടെന്ന് മേയർ വി കെ മിനിമോളും യുഡിഎഫ് കൗൺസിലർമാരും സമ്മതിച്ചെങ്കിലും പ്രമേയത്തെ എതിർത്തു. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തുനൽകിയിട്ടുണ്ടെന്നും പ്രമേയത്തിന് പകരം വീണ്ടുമൊരു കത്തുകൂടി നൽകാമെന്നും മേയർ പറഞ്ഞു.
കൊച്ചി നഗരത്തിന് ലഭിക്കേണ്ട തുകയ്‌ക്കായി കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രമേയത്തെ പിന്തുണയ്‌ക്കണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് വി എ ശ്രീജിത്ത് ആവശ്യപ്പെട്ടു. എന്നാൽ, ധനകാര്യ കമീഷൻ ഗ്രാന്റ് ലഭിക്കുമെന്നും അതിലൂടെ കുറവ് മറികടക്കാൻ കഴിയുമെന്നായിരുന്നു മേയറുടെയും യുഡിഎഫിന്റെയും വാദം. ഗ്രാന്റ് ഇതുവരെ വന്നിട്ടില്ല. ചെലവഴിക്കുന്നതിൽ മാനദണ്ഡം പുറത്തിറക്കിയിട്ടുമില്ല.
സംസ്ഥാന സർക്കാർ വിഹിതം വെട്ടിക്കുറച്ചത് വാങ്ങിയെടുക്കണമെന്ന് ശ്രീജിത്ത് ആവശ്യപ്പെട്ടു. പകരം ധനകാര്യകമീഷൻ ഗ്രാന്റിലൂടെ മറികടക്കാമെന്ന നിലപാട് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി. പ്രമേയം പാസാക്കില്ലെന്ന നിലപാടിൽ മേയർ ഉറച്ചുനിന്നതോടെ വോട്ടിനിടാൻ ശ്രീജിത്ത് ആവശ്യപ്പെട്ടു. യുഡിഎഫ് കൗൺസിലർമാർ പ്രമേയത്തെ എതിർത്ത് വോട്ടുചെയ്‌തതോടെ ഭൂരിപക്ഷം ലഭിച്ചില്ല.










0 comments