ad
Deshabhimani

കാറിന്‌ വഴി നൽകാത്തതിലുള്ള തർക്കം

ബൈക്ക്‌ യാത്രികരെ ക്രൂരമായി 
മർദിച്ച 3 പേർ പിടിയിൽ

3 people arrested

ഷെഫിൻ ഫഹദ് വിബീഷ്

avatar
സ്വന്തം ലേഖകൻ

Published on Jul 28, 2026, 02:43 AM | 2 min read

കാക്കനാട്‌


കാറിന് വഴി നൽകിയില്ലെന്ന തർക്കത്തെ തുടർന്ന് ബൈക്ക്‌ യാത്രികരെ ക്ര‍ൂരമായി മർദിച്ച മൂന്ന്‌ ക്രിമിനൽ കേസ്‌ പ്രതികൾ അറസ്‌റ്റിൽ. ​കളമശേരി മൂലേപാടം ദിണ്ടിങ്ങൽ വീട്ടിൽ ഷെഫിൻ (30), ആലുവ എടത്തല നടുവിക്കൽ വീട്ടിൽ ഫഹദ് (31), കോഴിക്കോട് മേലത്തൂർ ചേവാരി തച്ചേരികണ്ടിയിൽ വീട്ടിൽ വിബീഷ് (26) എന്നിവരാണ് പിടിയിലായത്. വാഴക്കാല സ്വദേശികളായ പ്രവീൺ, നിസാം, പടമുകൾ സ്വദേശി മുഹമ്മദ് ഷാഫി എന്നിവർക്കാണ് മർദനമേറ്റത്. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ്‌ ജങ്‌ഷനിൽ ഞായർ പുലർച്ചെയാണ്‌ സംഭവം.


ഒന്നാംപ്രതി ഷെഫിനെ 2021-ൽ കാപ്പ ചുമത്തി നാടുകടത്തിയതാണ്. രണ്ടാംപ്രതി വിദേശത്തുനിന്ന് എത്തിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. പ്രതികൾക്കെതിരെ മറ്റ് ക്രിമിനൽ കേസുകളുമുണ്ട്. കോടതി മൂന്നുപേരെയും റിമാൻഡ് ചെയ്തു.


ആക്രമണത്തിനുശേഷം പ്രതികൾ കാർ കാക്കനാട് ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് കടക്കുകയായിരുന്നു. പൊലീസ് പിന്തുടർന്ന് കോഴിക്കോട് എത്തിയെങ്കിലും മറ്റൊരു കാറിൽ രക്ഷപ്പെട്ടു. തുടർന്ന് മുഖ്യപ്രതി ഷെഫിന്റെ സുഹൃത്തിന്റെ ഫോൺനമ്പർ ട്രാക്ക് ചെയ്‌തു. തിങ്കൾ രാവിലെ 9.45-ന് വല്ലാർപാടം കണ്ടെയ്നർ റോഡിൽവച്ച് പ്രതികൾ സഞ്ചരിച്ച കാർ വളഞ്ഞാണ് മൂവരെയും പിടികൂടിയത്. ചോദ്യംചെയ്യലിനുശേഷം പകൽ രണ്ടിന് അറസ്റ്റ് രേഖപ്പെടുത്തി. ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു.

പ്രതികൾക്കുനേരെ 
പ്രതിഷേധവും 
കൈയേറ്റവും

​പ്രതികൾ പിടിയിലായതറിഞ്ഞ് മർദനത്തിനിരയായവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നാട്ടുകാർ തൃക്കാക്കര പൊലീസ് സ്റ്റേഷനുമുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. സ്റ്റേഷനു മുന്നിലെത്തിച്ച, പ്രതികൾ സഞ്ചരിച്ച കാർ രോഷാകുലരായ നാട്ടുകാർ അടിച്ചുതകർത്തു. തെളിവെടുപ്പിനായി സ്റ്റേഷനിൽനിന്ന്‌ പുറത്തിറക്കിയ പ്രതികൾക്കുനേരെ കൈയേറ്റശ്രമമുണ്ടായി. ആക്രമണം അരങ്ങേറിയ എൻജിഒ ക്വാർട്ടേഴ്‌സ്‌ ജങ്‌ഷനിലും പ്രതിഷേധം കനത്തതോടെ തെളിവെടുപ്പ് നടത്താനാകാതെ പൊലീസ് മടങ്ങി. പിന്നീട് പ്രതികളെ തൃക്കാക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴും വൻ ജനാവലി പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടുകാരെ ബലം പ്രയോഗിച്ച് മാറ്റിയശേഷമാണ് പൊലീസ്, പ്രതികളെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്.

​നേരിട്ടത്‌ കൊടിയ 
മർദനം

ഒന്നാംപ്രതി ഷെഫിൻ ഇടിവള ഉപയോഗിച്ച് മുഹമ്മദ് ഷാഫിയുടെ മുഖത്ത് തുടരെ ഇടിച്ചു. ഷാഫിയുടെ താടിയെല്ല് തകർന്നു. മുൻവരിയിലെ നാല് പല്ലുകൾ ഇളകിപ്പോയി. നെറ്റിയിൽ ആഴത്തിൽ മുറിവുമുണ്ട്‌. ആയോധനകലയിൽ വൈദഗ്ധ്യമുള്ള ഷെഫിന്റെ മർദനമാണ് പരിക്കുകൾ ഗുരുതരമാകാൻ കാരണം. നിസാമിന്റെ മൂക്കിനും ചുണ്ടിനും ഗുരുതര പരിക്കേറ്റു. റോഡിൽ വീണുകിടന്ന പ്രവീണിന്റെ തലയ്ക്ക് പ്രതികൾ ചവിട്ടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറിൽ രക്തസ്രാവവുമുണ്ട്. പ്രവീൺ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിലും ഷാഫിയും നിസാമും എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home