ad
Deshabhimani

print edition അങ്ങനെ ശർമിളയൊരു 
പൊന്നായി

Sharmitha.jpg

പാരാ ഷോട്ട്‌പുട്ടിൽ സ്വർണം നേടിയ ശർമിള ധൻകർ (ഇടത്ത്) വെങ്കലം നേടിയ ശിൽപ കെ ഷെെലയ്--ക്കൊപ്പം ദേശീയ പതാകയുമായി ആഹ്ലാദത്തിൽ

വെബ് ഡെസ്ക്

Published on Jul 29, 2026, 12:45 AM | 1 min read

ഗ്ലാസ്‌ഗോ: തളർന്ന ഇടത്തേകാലിൽ തലോടി ശർമിള ധൻകർ പുഞ്ചിരിച്ചു. ഗ്ലാസ്‌ഗോയിലെ അത്‌ലറ്റിക്‌സ്‌ വേദിയിൽ അപ്പോഴൊരു തണുത്ത കാറ്റ്‌ വീശി. പൊള്ളിപ്പോയ ജീവിതം നിശ്‌ചയദാർഢ്യംകൊണ്ട്‌ തിരിച്ചുപിടിച്ച അവളുടെ ഉള്ള്‌ തണുപ്പിക്കാൻ ആ കാറ്റിനുമായില്ല.


കോമൺവെൽത്ത്‌ ഗെയിംസ്‌ വേദിയിൽ സ്വർണത്തിളക്കത്തോടെ നാൽപ്പതുകാരി ജ്വലിച്ചു. പാരാ ഷോട്ട്‌പുട്ടിൽ 9.81 മീറ്റർ എറിഞ്ഞ്‌ ഒന്നാംസ്ഥാനം. കോമൺവെൽത്ത്‌ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ പാരാ അത്‌ലീറ്റ്‌ എന്ന ബഹുമതി സ്വന്തം. 20 വർഷത്തിനുശേഷമാണ്‌ പാരാ അത്‌ലറ്റിക്‌സിൽ ഒരു മെഡൽ ലഭിക്കുന്നത്‌.


അവിശ്വസനീയമാണ്‌ ശർമിളയുടെ കായികജീവിതം. 34 വയസ്സുവരെ ഒരു സ്‌പോർട്‌സും ചെയ്‌തിട്ടില്ല. അതിനുള്ള അവസരമില്ലായിരുന്നു. അജിത്‌ സിങ് എന്ന രണ്ടാം ഭർത്താവ്‌ കൈപിടിച്ചുയർത്തിയ ജീവിതകഥയുടെ ഒന്നാംഭാഗം ആദ്യ ഭർത്താവ്‌ നൽകിയ ദുരിതകാലമാണ്‌. ഹരിയാനയിലെ ചിത്ര‍ൗളി ഗ്രാമത്തിൽ 1986ലെ സ്വാതന്ത്ര്യദിനത്തിലാണ്‌ ജനനം. ദരിദ്രകുടംബമാണ്‌.


അഛൻ കർഷകൻ. അമ്മയ്‌ക്ക്‌ കാഴ്‌ചപരിമിതിയും. രണ്ടാം വയസ്സിൽ പോളിയോ ബാധിച്ച്‌ ഇടത്തേകാൽ തളർന്നു. പഠിക്കാൻ മിടുക്കിയായിരുന്നു. പൊലീസുകാരിയാകാൻ ആഗ്രഹിച്ചു. പക്ഷേ, തളർന്നുപോയ ഇടംകാൽ സ്വപ്‌നം വിലക്കി. പത്താം ക്ലാസ്‌ കഴിഞ്ഞ്‌ വിവാഹം. ഭർത്താവിന്റെ വീട്ടിൽ ദുരിത ജീവിതം. അടിയും ഇടിയുംകൊണ്ട്‌ ജീവിക്കുന്നതിനിടെ രണ്ട്‌ പെൺമക്കളുണ്ടായി.


ഭർത്താവ്‌ രാത്രി മദ്യപിച്ചെത്തിയാൽ പുലരുംവരെ മർദനമാണ്‌. ഏഴ്‌വർഷം സഹിച്ചു. ഒരുദിവസം മർദിച്ച്‌ നഗ്‌നയാക്കി വീട്ടിൽനിന്നും പുറത്താക്കി. ചെറിയ മക്കളുമായി സ്വന്തംവീട്ടിൽ തിരിച്ചെത്തി.


രണ്ടാം വിവാഹം ജീവിതം മാറ്റിമറിച്ചു. സന്തോഷമെന്തെന്ന്‌ തിരിച്ചറിഞ്ഞു. എന്തിനും പൂർണപിന്തുണയുമായി രണ്ടാം ഭർത്താവ്‌ അജിത്‌ ഒപ്പംചേർന്നു. മക്കളായ അനൂജും ലക്ഷ്‌മിയും പ്രോത്സാഹിപ്പിച്ചു. 2021ൽ പരിശീലനം തുടങ്ങി. അഞ്ച്‌ വർഷത്തിനുള്ളിൽ ലോകവേദിയിൽ സ്വർണപ്പതക്കം. പാരാലിമ്പിക്‌സിൽ മെഡലാണ്‌ അടുത്ത ലക്ഷ്യം.

പാരാ ഷോട്ട്‌പുട്ടിൽ ശർമിളക്കൊപ്പം ശിൽപ കെ ഷൈല വെങ്കലം നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home