print edition പൊലീസ് മർദനമേറ്റ് യുവവൈന്റെ മരണം; ജില്ലാ പൊലീസ് മേധാവി അന്വേഷിക്കണം: മനുഷ്യാവകാശ കമീഷൻ

എ ഐ നിർമിത ചിത്രം
കൊല്ലം: ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചത് പൊലീസിന്റെ ക്രൂരമായ മർദനത്തെതുടർന്നാണെന്ന പരാതി ജില്ലാ റൂറൽ പൊലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്. ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ അംഗം വി ഗീത ഉത്തരവായി.
ആഗസ്‌ത് അഞ്ചിന് കമീഷന്റെ തിരുവനന്തപുരം പിഎംജി ജങ്‌ഷനിലുള്ള ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണ റിപ്പോർട്ടുമായി നേരിട്ട് ഹാജരാകണം. പെരുമ്പുഴ കുളത്തിൻകര കടയിൽവീട്ടിൽ സിയാദ് (36)ആണ് കഴിഞ്ഞ 24 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
സിയാദിനെ പൊലീസ് മർദിച്ചതായി ആരോപിക്കുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. കുണ്ടറ-– കൊല്ലം റൂട്ടിലെ ബസ് ഡ്രൈവറായിരുന്ന സിയാദിനെ അയൽവാസികളായ രണ്ടുകുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.
കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി
കുണ്ടറ: കസ്റ്റഡിയിൽ പൊലീസ് മർദനമേറ്റ് മരിച്ച സ്വകാര്യ ബസ് ഡ്രൈവർ സിയാദിനെതിരെ പരാതി നൽകിയ പതിനഞ്ചുകാരി പൊലീസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്. പന്ത്രണ്ടുവയസ്സുള്ള സഹോദരനെ കാണാതായതിനെത്തുടർന്നാണ് പെൺകുട്ടി പൊലീസിന്റെ സഹായം തേടിയത്.
സ്റ്റേഷനിലെത്തിയ തന്നോട് സഹോദരന്റെ തിരോധാനത്തെപ്പറ്റി അറിയാവുന്നവരുടെ പേരുകൾ പൊലീസുകാർ ചോദിച്ചതായി പെൺകുട്ടി പറഞ്ഞു. അച്ഛന്റെ സുഹൃത്തായ സിയാദിന്റെ പേരും പറഞ്ഞു. സിയാദിന്റെ വീട്ടിൽ പോയി തിരക്കാമെന്നുപറഞ്ഞ് തന്നെ ജീപ്പിൽ കയറ്റിക്കൊണ്ടു പോയി.
എസ്ഐ അതുലും പൊലീസുകാരൻ ശ്രീജിത്തുമാണ് ജീപ്പിലുണ്ടായിരുന്നത്. വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. ഉറങ്ങുകയായിരുന്ന സിയാദിനെ വിളിച്ചുണർത്തി ജീപ്പിൽ കയറ്റി. സ്റ്റേഷനിലേക്ക് പോകവെ ഇടവഴിയിൽ ജീപ്പ് നിർത്തി ശ്രീജിത് സിയാദിനെ മർദിക്കാൻ തുടങ്ങി. എന്തിനാണ് സിയാദിനെ മർദിച്ചതെന്ന് മനസ്സിലായില്ലെന്നും പെൺകുട്ടി പറഞ്ഞു.
ആരോപണവിധേയർ സ്ഥിരം കുറ്റക്കാരെന്ന് മന്ത്രിയും
കുണ്ടറ: കസ്റ്റഡിയിൽ മർദനമേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ ആരോപണവിധേയരായ പൊലീസുകാർ സ്ഥിരം കുറ്റക്കാരെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. സിയാദിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോപണവിധേയനായ എസ്ഐ അതുലിനെതിരെ താനും പരാതി നൽകിയിട്ടുണ്ട്. അകാരണമായി ഡിസിസി ഭാരവാഹിയെ ആക്രമിച്ച സംഭവത്തിലാണത്. സിവിൽ പൊലീസ് ഓഫീസർ ശ്രീജിത് മുന്പ് നിയമനിഷേധം നടത്തിയിട്ടുള്ള ആളാണെന്നും മന്ത്രി പറഞ്ഞു.










0 comments