കുഴി, കൂന, വെളിച്ചക്കുറവ്
ജീവനെടുത്ത് ദേശീയ‘പാതകം’

ദേശീയപാതയിൽ തോട്ടപ്പള്ളി സ്‍പില്‍വേയ്‍ക്ക് സമീപം അപകടം നടന്ന സ്ഥലം
അമ്പലപ്പുഴ
നിർമാണത്തിലെ അപാകവും പരിശോധനാ സംവിധാനങ്ങളുടെ കുറവും ദേശീയപാതയിൽ അപകടങ്ങൾ കൂട്ടുന്നു. തോട്ടപ്പള്ളി സ്‌പിൽവേയ്‌ക്ക് വടക്ക് ടാർകൂനയിൽ കയറിയ ബൈക്ക് നിയന്ത്രണംതെറ്റി മറിഞ്ഞ്, സർവീസ് റോഡിനും ആറുവരി പാതയ്‌ക്കുമിടയിലെ താൽക്കാലിക ഡിവൈഡറിൽ തലയിടിച്ചാണ് കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ സ്വദേശി അപ്പുക്കുട്ടൻ (62) മരിച്ചത്. ഇതേസ്ഥലത്ത് അപകടത്തിൽപെട്ടാണ് അന്പലപ്പുഴ സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുകുവിന്റെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റത്. ഇടുങ്ങിയ സർവീസ് റോഡിലെ കുഴി അടയ്‌ക്കണമെന്നും കനത്തചൂടിൽ ടാർ ഉരുകിയുണ്ടായ കൂനനീക്കണമെന്നും പ്രദേശവാസികൾ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അധികൃതർ ഇൗ ആവശ്യങ്ങൾ അവഗണിച്ചതാണ് അപ്പുക്കുട്ടന്റെ ജീവനെടുത്തത്. നിർമാണ പ്രദേശത്ത് രാത്രി മതിയായ വെളിച്ചസംവിധാനങ്ങളോ സൂചനാ ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. അതിനാൽ വേഗത്തിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് നിർമാണം നടക്കുന്ന ഭാഗത്ത് എത്തുന്പോൾ ആശയക്കുഴപ്പം ഉണ്ടാവുകയും അപകടത്തിന് കാരണമാവുകയും ചെയ്യുന്നു. അപ്പുക്കുട്ടന്റെ മരണത്തിന് കാരണമായ അപകടം ഉണ്ടായ ശേഷമാണ് നിർമാണച്ചുമതലക്കാരായ കരാർ കന്പനി കഴിഞ്ഞ ദിവസം തൊഴിലാളികളെ എത്തിച്ച് താൽക്കാലിക അറ്റകുറ്റപ്പണിചെയ്‌തത്.










0 comments