ad
Deshabhimani

ദേശീയപാതയിൽ അപകടം തുടർക്കഥ

ഡിവൈഡറുകളുണ്ട്‌ സൂക്ഷിക്കുക

കഞ്ചിക്കോട്‌ കുരുടിക്കാട്ടിൽ ഡിവൈഡറുകൾ റോഡിന്‌ നടുവിലേക്ക്‌ ഇറക്കിവച്ചിരിക്കുന്നു
avatar
സ്വന്തം ലേഖകൻ

Published on Sep 16, 2026, 02:00 AM | 1 min read

പാലക്കാട്‌

വഴിനീളെ നീണ്ടുപോകുന്ന നിർമാണം. ശ്രദ്ധയൊന്ന്‌ പാളിയാൽ കെണിയിൽ വീഴ്‌ത്തുന്ന താൽക്കാലിക ഡിവൈഡറുകൾ. ദേശീയപാത കടന്നുകിട്ടാൻ പെടാപ്പാടാണ്‌ യാത്രക്കാർക്ക്‌. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പ്‌ ബോർഡുകളും സിഗ്നലുകളും ഇല്ലാത്തതാണ്‌ തലവേദനയാകുന്നത്‌. കഴിഞ്ഞ ദിവസം പാലക്കാട്‌ ചന്ദ്രനഗറിൽ കാർ ഡിവൈഡറിൽ ഇടിച്ച്‌ അപകടം സംഭവിച്ചിരുന്നു. കാർ ഓടിച്ചിരുന്ന യുവാവ്‌ തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്‌. റോഡിന്റെ മധ്യഭാഗത്തേക്ക്‌ ഇറക്കിവച്ച നിലയിലായിരുന്നു ഡിവൈഡറുകൾ. ദൂരെനിന്ന്‌ വരുന്ന വാഹനങ്ങൾക്ക്‌ പെട്ടെന്ന്‌ കാണാനാകില്ലെന്ന ബോധ്യമുണ്ടായിട്ടും ദേശീയപാത അതോറിറ്റി അനാസ്ഥ കാണിച്ചു. വാളയാർ മുതൽ വടക്കഞ്ചേരിവരെയുള്ള പാതയിലെ നവീകരണ പ്രവൃത്തികൾ രണ്ട്‌ വർഷമായി ഇഴഞ്ഞുനീങ്ങുകയാണ്‌. ഗതാഗതക്കുരുക്കും നിത്യസംഭവം. ഇതിനിടയിലാണ്‌ ദേശീയപാത അതോറിറ്റിയുടെ ഗുരുതര അശ്രദ്ധ. വാളയാർ, ചന്ദ്രനഗർ, കണ്ണനൂർ, ചിതലി, ആലത്തൂർ, വാനൂർ എന്നിവിടങ്ങളിലായാണ്‌ പാത നവീകരണം നിലവിൽ നടക്കുന്നത്‌. മിക്കയിടങ്ങളിലും ശരിയായ സിഗ്നൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. താൽക്കാലിക ഡിവൈഡറുകൾ രണ്ടുവരിപ്പാതയിലേക്ക്‌ കയറ്റിവയ്ക്കുന്നത്‌ കൂടുതൽ അപകടത്തിലേക്ക്‌ നയിക്കുന്നു. അന്തർസംസ്ഥാന യാത്രികർ നിരവധിയുള്ള പ്രധാന പാതയാണിത്‌. പ്രദേശവാസികൾക്കല്ലാതെ നിർമാണം നടക്കുന്ന വിവരം മറ്റാർക്കും അറിയില്ല. നവീകരണം നടക്കുന്ന സ്ഥലത്തുനിന്ന്‌ നിശ്ചിത ദൂരത്തിൽ സിഗ്നലും ബോർഡുകളും സ്ഥാപിക്കണമെന്നാണ്‌ യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. നിർമാണം നടക്കുന്ന സ്ഥലങ്ങളിലെ മെറ്റൽ ചീളുകളും പൊടിയും റോഡിലേക്ക്‌ ഇറങ്ങുന്നത്‌ പതിവാണ്‌. ഇരുചക്ര വാഹനങ്ങൾ സൂക്ഷിച്ച്‌ ഓടിച്ചില്ലെങ്കിൽ തെന്നിവീഴുമെന്ന്‌ ഉറപ്പ്‌. കഴിഞ്ഞവർഷം കുഴൽമന്ദത്ത്‌ സ്കൂട്ടർ യാത്രിക ഇങ്ങനെ മരണപ്പെട്ടിരുന്നു. ഇത്തരം മെറ്റൽ ചീളുകളും മൺകൂനകളും നീക്കം ചെയ്യണമെന്ന്‌ പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ പരിഹാരമുണ്ടായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home