മഞ്ഞപ്പട്ടണിഞ്ഞ് പാണത്തൂർ ടൗൺ

പാണത്തൂരിലെ ടാക്സി ജീപ്പ് ഡ്രൈവർ വിനേഷ് ചെണ്ടുമല്ലി പരിചരണത്തിൽ
രാജപുരം
റോഡിലെ തിരക്കുകൾക്കും ഹോൺ വിളികൾക്കുമിടയിൽ പാണത്തൂർ ടൗണിലെത്തുന്ന ആരുടെയും മനം നിറയ്ക്കുന്ന കാഴ്‌ചയാണ് റോഡ് ഡിവൈഡറിലെ മഞ്ഞവസന്തം. പാണത്തൂരിലെ ജീപ്പ് ടാക്സി ഡ്രൈവറായ എ കെ വിനേഷിന്റെ വേറിട്ട ചിന്തയും പരിശ്രമവുമാണ് പാണത്തൂർ ടൗണിന് മനോഹരമായൊരു കാഴ്ച സമ്മാനിച്ചത്. റോഡ് നടുവിലെ ഡിവൈഡറിൽ വിനേഷ് പിടിപ്പിച്ച ചെണ്ടുമല്ലി തൈകളാണ് പൂത്തുലഞ്ഞ് നാടിനും നാട്ടുകാർക്കും സൗന്ദര്യം വിതറുന്നത്. ഡിവൈഡറിൽ 50 മീറ്ററോളം നീളത്തിലാണ് ചെണ്ടുമല്ലി പൂത്തുലഞ്ഞ് നിൽക്കുന്നത്. രണ്ടുമാസത്തോളമായി ഇവയുടെ പരിചരണത്തിലാണ് വിനേഷ്. ടാക്സി ജീപ്പ് ഓട്ടത്തിനിടയിലും കള പറിക്കാനും, മണ്ണിടാനും, വളമിടാനും, വെള്ളം ഒഴിക്കാനും വിനേഷ് സമയം കണ്ടെത്തുന്നു. അതിനിടയിൽ ആളുകൾ പൂക്കൾ പറിച്ചെടുക്കാതെ നോക്കുകയുംവേണം. പരപ്പ ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾക്ക് വിതരണംചെയ്ത ചെണ്ടുമല്ലി തൈകളാണ് വിനേഷ് നട്ടു പരിപാലിച്ചത്. ചെടികൾക്ക് ആവശ്യമായ വളം സജിമോനും, ചെടികൾ നനയ്ക്കാൻ വെള്ളം വിനീത ടെക്സ്റ്റൈൽസിലെ സി എം വിനോദുമാണ് നൽകുന്നത്. പാണത്തൂരിലെ മറ്റു ഓട്ടോ ടാക്സി തൊഴിലാളികളും, ചുമട്ടുതൊഴിലാളികളും, നാട്ടുകാരും ചെടികളുടെ പരിചരണത്തിൽ സഹായത്തിനുണ്ട്. കഴിഞ്ഞ വർഷവും വിനേഷ് ചെണ്ടുമല്ലി പൂക്കൾ നട്ട് പരിപാലിച്ചിരുന്നു. മനസ്സും പരിപാലിക്കാൻ കുറച്ചു സമയവും നീക്കി വെച്ചാൽ ലക്ഷങ്ങളൊന്നും ചെലവഴിക്കാതെ ഒരു ടൗണിനെ മനോഹരമാക്കാമെന്ന് കാണിച്ചു തരികയാണ് ഈ ടാക്സി ഡ്രൈവർ. പാണത്തൂർ ടൗണിൽനിന്ന് റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്ന പ്രവേശന കവാടത്തിലാണ് ചെണ്ടുമല്ലി പൂത്തുലഞ്ഞുനിൽക്കുന്നത്. സഞ്ചാരികളെയും ഇത് ആകർഷിക്കുന്നുണ്ട്. പലരും ഫോട്ടോയും സെൽഫിയും എടുക്കുന്നുണ്ട്.









0 comments