ad
Deshabhimani

print edition ബഹുജന സ്വാധീനം വർധിപ്പിക്കും കരുത്തോടെ മുന്നേറും

CPIM KOZHIKKODE
avatar
പി വി ജീജോ

Published on Sep 16, 2026, 02:09 AM | 2 min read

കോഴിക്കോട്‌: ജനവിരുദ്ധനയങ്ങൾക്കും വർഗീയതയ്‌ക്കുമെതിരായ പ്രക്ഷോഭങ്ങളിലൂടെ പ്രസ്ഥാനത്തെ ശക്തമാക്കാൻ സിപിഐ എം ആഹ്വാനം. ബഹുജനവിശ്വാസവും സ്വാധീനവും വർധിപ്പിക്കും. സംഘടനാപരമായും രാഷ്‌ട്രീയമായും പ്രത്യയശാസ്‌ത്രപരമായും കൂടുതൽ ശക്തിനേടാനുള്ള തീരുമാനങ്ങളും മൂന്നുനാൾ നീണ്ട വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം പ്രഖ്യാപിച്ചു. ജനവിരുദ്ധ–പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ച്‌ ഒറ്റക്കെട്ടായി മുന്നേറാനുള്ള പോരാട്ട പ്രതിജ്ഞയും പുതുക്കി.


കോഴിക്കോട്‌ കടപ്പുറത്ത്‌ ജനലക്ഷങ്ങൾ അണിനിരന്ന മഹാറാലി പാർടിയുടെ ജനകീയ അടിത്തറ അജയ്യമെന്ന്‌ വിളിച്ചോതി. പുതിയകാല വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ച്‌ ഭാവിരാഷ്‌ട്രീയത്തിന്റെ പതാകയുമായി കരുത്തോടെ കുതിക്കുമെന്ന സന്ദേശം കൈമാറിയാണ്‌ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം സമാപിച്ചത്‌.


പാർടി സംസ്ഥാന സെക്രട്ടറിയറ്റിൽ മൂന്നുപേരെ ഉൾപ്പെടുത്തി. ഇതിനായി സംസ്ഥാന സെക്രട്ടറിയറ്റിന്റെ അംഗബലം 17ൽ നിന്ന്‌ 18 ആക്കി. സംസ്ഥാന കമ്മിറ്റിയിൽ ഒന്പതുപേരെ സ്ഥിരം ക്ഷണിതാക്കളാക്കാനും തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്‌ തോൽവിയെക്കുറിച്ച്‌ പാർടി കേന്ദ്ര–സംസ്ഥാന കമ്മിറ്റികൾ തയ്യാറാക്കിയ രേഖകളിലുള്ള ചർച്ചയിലാണ്‌ പുതിയ തീരുമാനങ്ങൾ. തെറ്റുതിരുത്തലിന്റെ ഭാഗമായ തീരുമാനങ്ങൾ നടപ്പാക്കിയോ എന്ന്‌ ആറുമാസത്തിനുശേഷം സംസ്ഥാന കമ്മിറ്റി പരിശോധിക്കും.


വിശാല സംസ്ഥാന കമ്മിറ്റിക്ക്‌ തുടർച്ചയായി ജില്ല – ഏരിയ അടിസ്ഥാനത്തിലും വിപുലീകൃത യോഗം ചേരും. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗതീരുമാനങ്ങൾ കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങൾ മേഖലാ അടിസ്ഥാനത്തിൽ റിപ്പോർട്ട്‌ ചെയ്യും. പാർടിയെ കൂടുതൽ ചലനാത്മകവും ഉ‍ൗർജസ്വലവുമാക്കാനുള്ള ഇടപെടലുകൾ കാര്യക്ഷമമാക്കും. പ്രസ്ഥാനത്തെ അടിമുടി സജീവമാക്കാൻ കർമപദ്ധതി നടപ്പാക്കും. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയം തിരുത്തിക്കാൻ ജനകീയപ്രക്ഷോഭം നടത്താനും യോഗം ആഹ്വാനംചെയ്‌തു.

പാർടിയെയും നേതൃത്വത്തെയും ഉന്നംവച്ച്‌ ഇഡിയെ ഉപയോഗിച്ചുള്ള നീക്കങ്ങളെ ചെറുക്കും. ഭൂരിപക്ഷ–ന്യൂനപക്ഷ വർഗീയതയ്‌ക്കെതിരെ ശക്തമായ പോരാട്ടത്തിനും മതനിരപേക്ഷത ശക്തിപ്പെടുത്താനും സജീവമായി ഇടപെടും. കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെ ശക്തമാക്കാൻ സാംസ്‌കാരിക മുന്നേറ്റത്തിനും നേതൃത്വം നൽകും.


വിപുലീകൃത യോഗത്തിൽ 307 പേർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിലെ ചർച്ചയിൽ 55 പേർ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം എ ബേബിയും എം വി ഗോവിന്ദനും മറുപടി പറഞ്ഞു. പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, ബി വി രാഘവുലു, എ വിജയരാഘവൻ, അശോക്‌ ധാവ്‌ളെ, യു വാസുകി, കെ ബാലകൃഷ്‌ണൻ, വിജൂ കൃഷ്‌ണൻ എന്നിവരും പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home