അപകടം ഒഴിവായത് തലനാരിഴയ്ക്ക്
വനിതാ ശിശു ആശുപത്രിയിൽ സീലിങ് അടർന്നുവീണു

പാലക്കട്
ജില്ലാ വനിതാ– ശിശു ആശുപത്രിയിൽ ഒപി കൗണ്ടറിന് മുന്നിലെ മേൽക്കൂരയുടെ ഫാൾസ് സീലിങ് തകർന്നുവീണു. ചൊവ്വ രാവിലെ ഒന്പതോടെയായിരുന്നു സംഭവം. ഒപി ടിക്കറ്റ് കൗണ്ടറിനുമുന്നിലെ വെയ്റ്റിങ് ഏരിയയിലെ പ്ലാസ്റ്റിക് പാനൽ സീലിങ്ങും ലൈറ്റുകളുമാണ് വലിയ ശബ്ദത്തോടെ നിലത്തുവീണത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള പ്രത്യേക മെഡിക്കൽ ക്യാമ്പ് നടക്കുന്ന ദിവസമായതിനാൽ ആശുപത്രിയിൽ വലിയ തിരക്കുണ്ടായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വരിനിൽക്കുമ്പോഴായിരുന്നു സംഭവം. സീലിങ്ങിന്റെ അവശിഷ്ടങ്ങൾ തെറിച്ചുവീണ് ഒന്നോ രണ്ടോ പേർക്ക് ചെറിയ പോറലേറ്റതൊഴിച്ചാൽ ആർക്കും കാര്യമായ പരിക്കില്ല. എന്നാൽ സീലിങ് പെട്ടെന്ന് അടർന്നുവീണത് ആളുകളിൽ പരിഭ്രാന്തി പരത്തുകയും പലരും ഭയന്നോടുകയും ചെയ്തു. കഴിഞ്ഞ ആഗസ്‌തിൽ ഇതേ സീലിങ്ങിന്റെ ഒരു ഭാഗം അടർന്നുവീണിരുന്നു. അന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ കസേരകൾ നിരത്തിയാണ് ഈ ഭാഗത്തേക്കുള്ള പ്രവേശനം തടഞ്ഞത്.









0 comments