print edition ഗ്രാമങ്ങൾ കടന്ന് ചെങ്കൊടി: രാജസ്ഥാനിൽ എട്ട് നഗരസഭയിൽ സിപിഐ എം അക്കൗണ്ട് തുറന്നു

റിതിൻ പൗലോസ്
Published on Sep 16, 2026, 02:01 AM | 1 min read
ന്യൂഡൽഹി: രാജസ്ഥാനിലെ ഗ്രാമങ്ങൾക്ക് പിന്നാലെ നഗരങ്ങളിലും ചെങ്കൊടി പാറിച്ച് സിപിഐ എം. കർഷക–ജനകീയ പോരാട്ടങ്ങളിലൂടെ ഗ്രാമങ്ങളിൽ ശക്തമായ സാന്നിധ്യമായി മാറിയ പാർടി ചരിത്രത്തിലാദ്യമായി ഒരു നഗരസഭയിൽ ഭരണം പിടിച്ചെടുത്തത് ജനകീയ അടിത്തറ വിപുലമാകുന്നതിന്റെ തെളിവ്. ബിജെപിയുടെ മുതിർന്ന നേതാവും കേന്ദ്രനിയമ മന്ത്രിയുമായ അർജുൻ റാം മേഘ്‌വാളിന്റെ തട്ടകമായ ബിക്കാനീർ ജില്ലയിലെ നോഖ നഗരസഭയിൽ 45ൽ 29 വാർഡിലും ജയിച്ച് വൻഭൂരിപക്ഷത്തോടെയാണ് സിപിഐ എം ഭരണത്തിലെത്തിയത്. പോൾ ചെയ്‌തതിൽ 64.4 ശതമാനം വോട്ടും സിപിഐ എമ്മി നാണ്.
ബിജെപിക്ക് നഗരസഭയിൽ കിട്ടിയത് 13 സീറ്റ് മാത്രം. തീവ്രഹിന്ദുത്വ രാഷ്‌ട്രീയത്തിന് ബദലുയർത്തിയും ജനകീയ പ്രശ്‌നങ്ങൾ മുൻനിർത്തിയുമാണ് പ്രാദേശിക കൂട്ടായ്‌മയായ വികാസ് മഞ്ചുaമായി സഹകരിച്ച് സിപിഐ എം രാജസ്ഥാനിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിക്കർ –ഗംഗാനഗർ ജില്ലകളുൾപ്പെടുന്ന ഷെഖാവതി മേഖലയിലെ ഗ്രാമങ്ങളിൽ നേരത്തെതന്നെ സിപിഐ എം ശക്തമായ സാന്നിധ്യമായി മാറിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരങ്ങളിലെ മധ്യവർഗ വോട്ടർമാരും മാറിച്ചിന്തിക്കാൻ തുടങ്ങി. ഉദയ്‌പുർ കോർപറേഷനിലെ 32ാം വാർഡിൽ തുടർച്ചയായി ഏഴാം വട്ടവും വിജയിച്ചു.
സിപിഐ എം സ്ഥാനാർഥി രാജേന്ദ്ര വാസ്തിയ 198 വോട്ടിനാണ് ബിജെപിയെ തോൽപ്പിച്ചത്. ദോഡ്, ലൊസോൾ, പൽസാന, ശ്രീ ദുംഗർഗഡ്, ശ്രീഗംഗാനഗർ, ഹനുമാൻഗഡ്, ജുൻജുനു എന്നീ എട്ട് നഗരസഭകളിലും സിപിഐ എം അക്കൗണ്ട് തുറന്നു. ബിജെപി–കോൺഗ്രസ് പാർടികളുടെ ദ്വികക്ഷി പോരാട്ടം നടക്കുന്ന നഗരമേഖലകളിൽ മൂന്നാമതൊരു ശക്തിയായി സിപിഐ എം ഉയർന്നത് സംസ്ഥാന രാഷ്‌ട്രീയത്തിലും പുതിയ മുന്നേറ്റത്തിനും ചർച്ചയ്‌ക്കും വഴിവയ്‌ക്കും. 2008 മുതൽ രാജസ്ഥാനിൽ സിപിഐ എം ശക്തമായ സാന്നിധ്യ മാണ്.









0 comments