ad
Deshabhimani

പ്രതിഷേധം ഇരമ്പി; ഡ്രഡ്ജർ മടങ്ങി

പാതിരാമണലിൽ തൊഴിലാളി പ്രതിഷേധത്തെ തുടർന്ന് ഡ്രഡ്ജർ മടങ്ങുന്നു

പാതിരാമണലിൽ തൊഴിലാളി പ്രതിഷേധത്തെ തുടർന്ന് ഡ്രഡ്ജർ മടങ്ങുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 29, 2026, 01:08 AM | 1 min read

മുഹമ്മ
പാതിരാമണൽ ദ്വീപിന് സമീപം മണൽ ഖനനത്തിനായി നങ്കൂരമിട്ട ഡ്രഡ്ജർ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. വിശദ പഠനശേഷം ഖനനം മതിയെന്ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. ചൊവ്വ വൈകിട്ട് അഞ്ചോടെയാണ് ഡ്രഡ്ജർ കൊണ്ടുപോയത്. ​ഇറിഗേഷൻ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടുന്ന സംഘം ഖനനംമൂലമുള്ള പ്രത്യാഘാതങ്ങൾ പഠിക്കാൻ ബുധനാഴ്ച മേഖലയിൽ സന്ദർശനം നടത്തും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഖനനം നടത്തണോ വേണ്ടയോയെന്ന് തീരുമാനിക്കുക. ​ദ്വീപിന്റെ മുഖ്യ പ്രവേശന കവാടമായ കായിപ്പുറം ബോട്ട് ജെട്ടിക്ക് തെക്ക് ഭാഗത്ത് കഴിഞ്ഞ ദിവസമാണ് ഡ്രഡ്ജർ നങ്കൂരമിട്ടത്. ഖനനം ചെയ്യുന്ന മണൽ കരയിലേക്ക് കൊണ്ടുപോകാനുള്ള പൈപ്പുകളും ഡ്രഡ്ജറിൽ ഘടിപ്പിച്ചു. രണ്ടുദിവസത്തിനകം ഖനനം തുടങ്ങുമെന്ന അറിയിപ്പ് വന്നതോടെ കക്ക, മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത് വന്നു. മത്സ്യ പ്രജനന സംരക്ഷിത മേഖലയെന്നതും എതിർപ്പിന്റെ ശക്തി കൂട്ടി. തുടർന്നാണ് വള്ളങ്ങളിൽ കക്ക, മത്സ്യത്തൊഴിലാളികൾ ഡ്രഡ്ജർ വളയുന്നതുൾപ്പെടെയുള്ള സമരംസംഘടിപ്പിച്ചത്. ​മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, സ്ഥിരംസമിതി അധ്യക്ഷൻ ബാബു വടക്കേച്ചിറ, പഞ്ചായത്തംഗം ടി കുഞ്ഞുമോൻ, കക്ക സംഘം ഭാരവാഹികൾ എന്നിവർ ഖനനം നടന്നാലുള്ള പ്രത്യാഘാതങ്ങൾ കലക്ടർ ഉൾപ്പെടെയുള്ളവരെ ബോധ്യപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഖനനം വിശദ പഠനശേഷം മതിയെന്ന് തീരുമാനിച്ചത്.
 ഇറിഗേഷൻ വകുപ്പിന്റെ അനുമതി വേണമെങ്കിലും ഇല്ലാതെയാണ് കായിപ്പുറത്ത് ഖനനത്തിന് ഒരുക്കം നടത്തിയത്. ദ്വീപിന്റെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ ഖനനം പാടില്ലെന്ന ആവശ്യം ജനപ്രതിനിധികൾ ഉയർത്തുന്നതിനിടെയായിരുന്നു വിളിപ്പാടകലെ ഡ്രഡ്ജർ നങ്കൂരമിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home