print edition ബയോമെട്രിക് നിരീക്ഷണത്തിനെതിരെ എ എ റഹിം സുപ്രീംകോടതിയിൽ; പ്രക്ഷോഭകരെ ലക്ഷ്യമിട്ട് ഡൽഹി പൊലീസിന്റെ എഐ വേട്ട

ന്യൂഡൽഹി: ജന്തർമന്തറിലെ നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ നിയമപിൻബലമില്ലാത്ത ഫേഷ്യൽ റെക്കഗ്-നിഷൻ സാങ്കേതികവിദ്യയും (എഫ്‌ആർടി) അനുബന്ധ ബയോമെട്രിക്- സർവൈലസും വഴി വേട്ടയാടുന്ന ഡൽഹി പൊലീസിനെതിരെ സിപിഐ എം രാജ്യസഭാംഗം എഎ റഹിം സുപ്രീംകോടതിയെ സമീപിച്ചു. സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച പുട്ടുസ്വാമി കേസിലെ വിധിയെ കാറ്റിൽപ്പറത്തുന്ന നടപടി വിലക്കണമെന്ന് റിട്ട് ഹർജിയിൽ ആവശ്യപ്പെട്ടു.
പൊലിസിന് ലഭിച്ച വിവരങ്ങൾ നിയമവിരുദ്ധമായി ദേശീയ ക്രിമിനൽ ഡാറ്റാബേസുമായി ബന്ധിപ്പിച്ചു. പ്രക്ഷോഭകർ മാത്രമല്ല മാധ്യമപ്രവർത്തകരും സാധാരണക്കാരും ഇതിൽ ഉൾപ്പെട്ടു. കാണാതായവരെ കണ്ടെത്താനും മരിച്ചവരെ തിരിച്ചറിയാനും വേണ്ടിയാണ് എഫ്‌ആർടി ഉപയോഗിക്കുന്നതെന്ന് ഡൽഹി പൊലീസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിച്ചവരുടെ വിവരം അവരുടെ അറിവില്ലാതെ ശേഖരിച്ചു.
ഡൽഹി പൊലീസിന്റെ ഹൈടെക് നിരീക്ഷണ വാഹനമായ ‘ഇക്ഷാന ’എ ഐ സാങ്കേതികവിദ്യയുള്ള ‘അജ്‌നാലെൻസ്’ കണ്ണട എന്നിവ ഉപയോഗിച്ച് ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തി. എന്തൊക്കെ വിവരം ഇങ്ങനെ ശേഖരിച്ചുവെന്ന് പൊലീസ് വെളിപ്പെടുത്തണമെന്നും റഹീം ആവശ്യപ്പെട്ടു. നേരത്തെ ജന്തർമന്തറിൽ നിരീക്ഷണ ടവർ നിർമിച്ച് ആളുകളുടെ ദൃശ്യവും ചിത്രങ്ങളും പൊലീസ് പകർത്തുന്നതിനെതിരെ എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.










0 comments