print edition ഓലപ്പുരയിലെ മാണിക്യം; 3000 മീറ്റർ ഓട്ടത്തിൽ സ്വർണം

സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ പാലക്കാട് പനങ്ങാട്ടിരി ആർ പി എം എച്ച് എസ് എസിലെ ജി അക്ഷയ സ്വർണം നേടുന്നു ഫോട്ടോ: ജഗത്ലാൽ
നെബിൻ കെ ആസാദ്
Published on Oct 28, 2026, 08:42 AM | 1 min read
കോഴിക്കോട്: ഓടിയോടി എവിടെയെത്തും? അടച്ചുറപ്പുള്ള, സ്വന്തം വീട്ടിൽ – അക്ഷയയുടെ ഉത്തരം അതായിരിക്കും. സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ മൂവായിരം മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ മിടുക്കി. ഓടുന്പോഴും മനസ്സിൽ വീടെന്ന സ്വപ്നം. ഒന്നാമതെത്തിയതിന് പൊൻപതക്കം കിട്ടും. അത് സൂക്ഷിക്കാനൊരു വീട് വേണം.
പാലക്കാട് പനങ്ങാട്ടിരി ആർപിഎംഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണ് ജി അക്ഷയ. കൊല്ലങ്കോടിനടുത്തുള്ള മൊടക്കോടാണ് സ്വദേശം. അഞ്ച് പേരടങ്ങുന്ന കുടുംബത്തിന് സ്വന്തമായി ഭൂമിയില്ല. ബന്ധുവിന്റെ പറന്പിലെ ഓലമേഞ്ഞ ഒറ്റമുറി വീട്ടിലാണ് താമസം.
അച്ഛൻ ഗുരുവായൂരപ്പൻ ട്രാക്റ്റർ ഡ്രൈവർ. മഞ്ഞപ്പിത്തം കാരണം ഏറെനാളായി ജോലിക്ക് പോയിരുന്നില്ല. അമ്മ സൗമ്യ പച്ചക്കറിത്തോട്ടത്തിൽ ജോലിക്ക് പോകുമായിരുന്നു. അലർജി കാരണം പോകാതായി. ചേച്ചി അർച്ചന ഹൃദ്രോഗി. അനിയൻ അഖിൽ ആസ്തമയ്ക്ക് ചികിത്സതേടുന്നു. എന്നാലും തോറ്റുകൊടുക്കാൻ അക്ഷയ തയ്യാറല്ല. കൂട്ടുകാരൻ അതുൽജിത് കടംനൽകിയ സ്പൈക്കണിഞ്ഞാണ് ട്രാക്കിലിറങ്ങിയത്. 10 മിനിറ്റ് 58.64 സെക്കൻഡിൽ വേഗവര കടന്നപ്പോൾ പ്രതീക്ഷയുടെ മന്ദഹാസം.
കോച്ച് ബിജു വാസുദേവന്റെ കീഴിൽ പരിശീലനത്തിന് പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിലെത്താൻ 35 കിലോമീറ്റർ താണ്ടണം. പുലർച്ചെ മൂന്നിന് ഉറക്കമുണരണം. അതുകൊണ്ടാണ് ഇൗ മെഡൽ വിയർപ്പും കണ്ണീരും പുരണ്ടതാണെന്ന് അക്ഷയ വിശ്വസിക്കുന്നത്.









0 comments