യുഎസിലെ വേഗത്തിലുള്ള യാത്രാ പരിശോധനയ-്‌ക്ക് സൗദികൾക്കും അവസരം

റിയാദ്: അമേരിക്കയിലെ വിമാനത്താവളങ്ങളിൽ കുടിയേറ്റ പരിശോധനയും സുരക്ഷാ പരിശോധനയും വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന ഗ്ലോബൽ എൻട്രി, ടിഎസ്എ പ്രീചെക്ക് പദ്ധതികളിൽ സൗദി പൗരന്മാർക്കും അപേക്ഷിക്കാം. സൗദി വിദേശ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും യാത്രാനടപടികൾ എളുപ്പമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
അമേരിക്കയിലെ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം നിയന്ത്രിക്കുന്ന ഗ്ലോബൽ എൻട്രി പദ്ധതിയിൽ അംഗീകാരം ലഭിക്കുന്നവർക്ക് അമേരിക്കയിലെത്തുമ്പോൾ പ്രത്യേക പാതകളും സ്വയം സേവന സംവിധാനങ്ങളും ഉപയോഗിച്ച് കുടിയേറ്റ പരിശോധന വേഗത്തിൽ പൂർത്തിയാക്കാം. അമേരിക്കയിൽനിന്ന് പുറപ്പെടുന്ന വിമാനയാത്രക്കാർക്ക് സുരക്ഷാ പരിശോധന വേഗത്തിലാക്കുന്നതാണ് ടിഎസ്എ പ്രീചെക്ക് പദ്ധതി.
സൗദി പൗരന്മാർക്ക് അമേരിക്കയുടെ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 120 ഡോളറാണ് അപേക്ഷാ ഫീസ്. പ്രാഥമിക അനുമതി ലഭിക്കുന്നവർ നേരിട്ടുള്ള അഭിമുഖത്തിലും പങ്കെടുക്കണം. അംഗത്വത്തിന് അനുമതി ലഭിച്ചാൽ അഞ്ചുവർഷത്തേക്ക് പ്രയോജനം ലഭിക്കും.
അമേരിക്കയിലെ 200ലധികം വിമാനത്താവളങ്ങളിലും സഹകരിക്കുന്ന 80ലധികം വിമാനക്കമ്പനികളിലും പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാണ്. എന്നാൽ അപേക്ഷ സമർപ്പിച്ചതുകൊണ്ടുമാത്രം അംഗത്വം ഉറപ്പാകില്ലെന്നും സൗദിയിലെയും അമേരിക്കയിലെയും ബന്ധപ്പെട്ട അധികൃതരുടെ വ്യവസ്ഥകൾ പാലിക്കണമെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.








0 comments