ഇതാണോ ഖത്തര് ലോകകപ്പ് മാതൃക? കായികമേള സംഘാടനപ്പിഴവിൽ ലീഗ് എംഎൽഎമാർക്ക് ട്രോൾ

ഇതുവരെ കേട്ടുകേൾവിയില്ലാത്ത വിധം സംഘാടനപ്പിഴവിൽ നിറം കെട്ട് നിൽക്കുകയാണ് സംസ്ഥാന സ്കൂൾ കായികമേള. മത്സരങ്ങൾക്കിറങ്ങേണ്ട കായികതാരങ്ങൾക്ക് വെള്ളം പോലും ലഭിച്ചില്ലെന്നും കുട്ടികൾക്ക് ലഭിച്ച ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതുമടക്കം ദിനംപ്രതി പരാതികളുടെ എണ്ണം കൂടിവരികയാണ്. അടിമുടി പിഴവിൽ മുങ്ങിനിൽക്കുമ്പോഴും കോഴിക്കോട് നടക്കുന്ന കായിക മേള ചരിത്രത്തിലെ തന്നെ മികച്ചതാണെന്ന നുണ ആവർത്തിക്കുകയാണ് മുസ്ലിംലീഗിന്റെ എംഎൽഎമാർ. ഫൈസൽ ബാബു, ഫാത്തിമ തഹ്ലിയ എന്നിവരാണ് കോഴിക്കോട് നടക്കുന്ന കായികമേളയെ പ്രകീർത്തിക്കുന്നത്. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിന്റെ മാതൃകയിലാണ് കായികമേള നടക്കുന്നതെന്നും ഇനി കായികമേളകളുണ്ടാകുമ്പോൾ എല്ലാവരും മാതൃകയാക്കുക കോഴിക്കോടിനെയാണെന്നുമായിരുന്നു എംഎൽഎമാരുടെ തള്ള്.
നമ്മള് പൊളിക്കും. ഇനി സംസ്ഥാന സ്കൂൾ കായികമേള നടക്കുമ്പോൾ കോഴിക്കോട് മോഡൽ എന്ന് പറയും.. ഏത് പോലെ , വേൾഡ് കപ്പിലെ ഖത്തർ മോഡൽ പോലെ...എന്നായിരുന്നു എംഎൽഎമാരുടെ പരാമർശം. കായികമേളയിലുണ്ടായ സംഘാടനപ്പിഴവുകൾ ചൂണ്ടിക്കാട്ടി എംഎൽഎമാർക്കെരിതെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്.
സംഘാടനത്തിലെ അനാസ്ഥ മൂലം കൗമാര താരങ്ങളുടെ സ്വപ്നങ്ങളും അധ്വാനവും പൊലിഞ്ഞുപോകുന്ന അവസരത്തിലാണ് ജനപ്രതിനിധികളുടെ തള്ള് എന്നതാണ് ശ്രദ്ധേയം. ആരംഭിച്ച ദിവസം മുതൽ പ്രശ്നങ്ങളുടെ പെരുമഴയാണ് കായികവേദിയിൽ. കൃത്യമായ ഘടനയിൽ നടന്നിരുന്ന കായികമേളയെ മുറിച്ച് പലയിടങ്ങളിലായി നടത്താൻ തീരുമാനിച്ചതുമുതൽ പ്രശ്നങ്ങളാണ്. സ്കൂൾ ഗെയിംസ് നടന്ന തൃശൂരിലെ വേദിയിൽ പന്തൽ പൊളിഞ്ഞുവീണ് കായികതാരങ്ങൾക്കടക്കം പരിക്കേറ്റതാണ് ആദ്യസംഭവം.
കോഴിക്കോട് മേള ആരംഭിച്ചപ്പോൾ മുതൽ പരാതിയുയർന്നു. ആദ്യദിനം നടന്ന ഇൻക്ലൂസീവ് സ്പോർട് മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് ഭക്ഷണം ലഭിച്ചില്ല. പല ജില്ലകളിൽ നിന്നായി എത്തിയ വിദ്യാർഥികൾ പട്ടിണി കിടക്കേണ്ടി വന്നു. അധ്യാപകർക്കും ഭക്ഷണം ലഭിച്ചില്ല. മണിക്കൂറുകൾ ക്യൂ നിന്നിട്ടും ഭക്ഷണം ലഭിക്കാതെ ചിലർ തളർന്നുവീണു. പ്രധാന വേദിയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ ഭക്ഷണം കഴിക്കാനെത്തിയവരെ കൂപ്പണില്ലെന്ന പേരിൽ ചീത്തവിളിച്ച് ആട്ടിയോടിച്ചെന്ന പരാതിയും ഉയർന്നു. ചെറിയ ക്ലാസ് മുറികളിൽ ഇരുപതോളം കുട്ടികളെ കുത്തിനിറച്ചാണ് താമസ സൗകര്യം ഒരുക്കിയത്. അടുത്ത ദിവസം വിദ്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കണ്ടെത്തി. ചൊവ്വാഴ്ച നൽകിയ പ്രഭാത ഭക്ഷണത്തിൽ നിന്നാണ് വിദ്യാർഥികൾക്ക് പുഴുവിനെ ലഭിച്ചത്.
മത്സരങ്ങളുടെ സമയം നിശ്ചയിച്ചതിലെ പാളിച്ച മൂലം ചില താരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റും സംസ്ഥാന സ്കൂൾ കായികമേളയും തുടർച്ചയായ ദിവസങ്ങളിൽ നടത്തിയ സംഘാടകരുടെ പിഴവ് മൂലമാണ് കായികതാരങ്ങൾക്ക് സംസ്ഥാന കായികമേളയിൽ അവസരം നഷ്ടപ്പെട്ടമായത്. ഇത്തരത്തിൽ പ്രശ്നങ്ങൾ തുടർക്കഥയായിട്ടും വകുപ്പ് മന്ത്രിമാരോ മുഖ്യമന്ത്രിയോ വിഷയത്തിൽ ഇടപെടുകയോ പരിഹരിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല









0 comments